രജനീകാന്ത് നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ജയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ആഗോളവിപണിയിൽ 525 കോടിയാണ് ചിത്രം നേടിയത്. ഇപ്പോഴിതാ തിയറ്ററില്‍ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ എത്രയെന്ന കണക്ക് പുറത്തുവിട്ടിരിക്കുകയാണ് കേരളത്തിലെ ബിഗ് കപ്പാസിറ്റി തിയറ്ററുകളില്‍ ഒന്നായ തൃശൂര്‍ രാഗം.നാല്പതിലധികം ഹൗസ്ഫുള്‍ ഷോകളാണ് ജയിലറിന് ലഭിച്ചതെന്നാണ് രാഗം തിയറ്ററിലെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഇതിൽ നിന്നും ലഭിച്ച കളക്ഷന്‍ 50 ലക്ഷത്തിന് മുകളിലാണ്.ഇത്രയും കാലത്തിനിടയിൽ ലഭിച്ച റെക്കോര്‍ഡ് കളക്ഷൻ ആണ് ഇതെന്നും അണിയറപ്രവർത്തകർ പറയുന്നുണ്ട്.
തൃശൂർ ജില്ലയിലെ പേര് കേട്ട തിയറ്ററുകളിൽ ഒന്നാണ് രാഗം തിയറ്റർ.സ്വരാജ് റൗണ്ടിന്റെ ഹൃദയഭാഗത്തോട് ചേർന്ന് കിടക്കുന്ന ഈ തിയറ്റർ ആധുനിക ടെക്നോളജി ഉപയോഗിച്ച് വീണ്ടും പ്രവർത്തനമാരംഭിച്ചതാണ്.മലയാള സിനിമാചരിത്രത്തില്‍ ഏറ്റവും കൂടുതൽ സിനിമ പ്രദർശനത്തിന് എത്തിയതും രാഗത്തിലാണ് എന്ന പ്രത്യേകതയുണ്ട്.
കേരളത്തില്‍ നിന്ന് മാത്രമായി 50 കോടിക്ക് മുകളിലാണ് ജയിലര്‍ നേടിയത്. കേരളത്തില്‍ മാത്രമായി മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം എട്ട് കോടിയാണ് നേടിയത്.ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്തിരിക്കുന്ന സിനിമ കേരളത്തിലെ 300 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്.തുടക്കം മുതൽ തന്നെ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. വമ്പൻ താരനിരകൾ അണിനിരക്കുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മോഹന്‍ലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലർ.ജയിലറിനും രജനീകാന്തിനുമൊപ്പം മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാവുകയാണ്. 10 മിനിറ്റോളം നേരമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമുള്ളത്.എന്നാല്‍ മിനിറ്റുകള്‍കൊണ്ട് താരം തിയറ്ററിനെ പൂരപ്പറമ്പാക്കി എന്നാണ് കമന്റുകള്‍.കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാർ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി,സുനിൽ, രമ്യ കൃഷ്ണൻ, എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്.
രജനികാന്തിന്റെ കരിയറിലെ 169-ാമത് സിനിമയാണ് ജയിലർ. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. നെൽസന്റെയും രജനിയുടെയും ഒരു ഗംഭീര തിരിച്ചുവരവ് തന്നെയായിരുന്നു ജയിലർ എന്ന് നിസ്സംശയം പറയാൻ സാധിക്കും. അനിരുദ്ധിന്റെ ബിജിഎം ഓരോ രംഗങ്ങളെയു൦ പ്രകമ്പനം കൊള്ളിക്കുന്നു. വിജയ് കാർത്തിക് കണ്ണന്റെ ഛായാഗ്രഹണം ഓരോ രംഗങ്ങളിലും മികച്ചുനിൽക്കുന്നു.
കഴിഞ്ഞ ദിവസം രജനീകാന്ത് നായകനായി എത്തിയ ഹിറ്റ് ചിത്രം ജയിലറിന്റെ ഗംഭീര വിജയത്തെ തുടർന്ന് രജനികാന്തിനും നെൽസണും പ്രതിഫലത്തിന് പുറമെ സണ്‍ പിക്ചേഴ്സ് ലാഭവിഹിതം കൈമാറിയതും ബിഎംഡബ്യൂ എക്സ് 7 കാർ സമ്മാനിച്ചതും വലിയ വാർത്തയായിരുന്നു.