സ്റ്റൈൽ മന്നൻ രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ജയിലർ പ്രതീക്ഷിച്ചതിലും ഉയർന്ന വിജയം കരസ്ഥമാക്കുന്ന കാഴ്ചയാണ് കണ്ടത്. ആദ്യദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം ലോകവ്യാപകമായി 600 കോടിയാണ് നേടിയെടുത്തത് . ജയിലർ ബ്ലോക് ബസ്റ്റർ വിജയം നേടിയതിന് പിന്നാലെ രജനീകാന്തിന്റെ ട്രാൻസ്ഫോമേഷൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ്.
ചിത്രത്തിലെ രജനികാന്തിന്റെ വിവിധ ഭാവങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ളതാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.മുത്തുവേൽ പാണ്ഡ്യന്റെ മകനെ കാണാതാകുന്നത് മുതലുള്ള ജയിലറായ മുത്തുവേലിനെയും വർമന്റെ കോട്ടയിൽ എത്തുമ്പോഴുള്ള മുത്തുവേലിനെയും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . സംഗീത സംവിധായകൻ അനിരുദ്ധിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വീഡിയോയെ മികച്ചതാക്കുന്നുണ്ട്.നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ രജനീകാന്തിന്റെ ട്രാൻസ്ഫോമേഷൻ വീഡിയോ വൈറൽ ആയി മാറിയത്.ഈ പ്രായത്തിലും അദ്ദേഹം ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടല്ലോ,മറ്റാർക്കും ഇത്തരത്തിൽ ചെയ്യാൻ സാധിക്കില്ല തുടങ്ങി നിരവധി കമന്റുകളാണ് രജനീകാന്തിന്റെ അഭിനയത്തിന് ലഭിച്ചിരിക്കുന്നത്.
രജനീകാന്ത് നായകനായി എത്തിയ ജയിലർ സിനിമയുടെ ഗംഭീര വിജയത്തിന് പിന്നാലെ രജനികാന്തിനും സംവിധായകൻ നെൽസണും സംഗീത സംവിധായകന്‍ അനിരുദ്ധിനും പ്രതിഫലത്തിന് പുറമെ നിർമ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ലാഭവിഹിതം കൈമാറിയതും ബിഎംഡബ്യൂ എക്സ് 7 കാർ സമ്മാനിച്ചതും വലിയ വാർത്തയായിരുന്നു. തൊട്ടുപിന്നാലെ ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സണ്‍ പിക്ചേര്‍സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തിരുന്നു.കഴിഞ്ഞ ഞായറാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് ജയിലര്‍ ടൈറ്റില്‍ ആലേഖനം ചെയ്ത സ്വര്‍ണ്ണ നാണയങ്ങൾ കലാനിധി മാരന്‍ അണിയറ പ്രവർത്തകർക്ക് സമ്മാനിച്ചത്.സംവിധായകന്‍ നെല്‍സണ്‍ ഉൾപ്പെടെ സിനിമയുമായി ബന്ധപ്പെട്ട നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.
രജനികാന്തിന്റെ കരിയറിലെ 169-ാമത് സിനിമയാണ് ജയിലർ. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. നെൽസന്റെയും രജനിയുടെയും ഒരു ഗംഭീര തിരിച്ചുവരവ് തന്നെയായിരുന്നു ജയിലർ എന്ന് നിസ്സംശയം പറയാൻ സാധിക്കും. അനിരുദ്ധിന്റെ ബിജിഎം ഓരോ രംഗങ്ങളെയു൦ പ്രകമ്പനം കൊള്ളിക്കുന്നു. വിജയ് കാർത്തിക് കണ്ണന്റെ ഛായാഗ്രഹണം ഓരോ രംഗങ്ങളിലും മികച്ചുനിൽക്കുന്നു. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാർ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി,സുനിൽ, രമ്യ കൃഷ്ണൻ, എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്.