മുംബൈയില്‍ പോയി പ്രേക്ഷകരെ മിമിക്രി കാട്ടി ചിരിപ്പിച്ച് ജയറാം. ‘ഗോസ്റ്റ്’ എന്ന സിനിമയുടെ പാന്‍ ഇന്ത്യന്‍ പ്രമോഷനു വേണ്ടി മുംബൈയിലെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ജയറാം മിമിക്രി കാട്ടിയത്. പൊന്നിയന്‍ സെല്‍വന്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പ്രഭുവിനെയും മണിരത്‌നത്തെയും അനുകരിക്കുന്ന ജയറാമിന്റെ മിമിക്രി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ എന്തെങ്കിലും ഒരു സംഭവം ഈ സിനിമയില്‍ ഉണ്ടായോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനു മറുപടിയായാണ് പ്രഭുവിനെ ഒരിക്കല്‍ക്കൂടി ജയറാം അനുകരിച്ചത്.
ജയറാമിന്റെ ശബ്ദാനുകരണം കേട്ട് പൊട്ടിച്ചിരിക്കുന്ന ശിവരാജ്കുമാറിനെയും വിഡിയോയില്‍ കാണാം. ഏതാനും വാചകങ്ങളില്‍ പ്രഭുവിനെ അവതരിപ്പിച്ച് ജയറാം മിമിക്രി അവസാനിപ്പിച്ചതും രസകരമായ കമന്റോടെ ആയിരുന്നു. ഇത് ഇപ്പോള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കുഴപ്പമാവുമെന്നും നാളെ ചെന്നൈയില്‍ ചെല്ലുമ്പോള്‍ പ്രഭു വിളിച്ച് ചീത്ത പറയുമെന്നും ജയറാം പറഞ്ഞു.
അതേസമയം,കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറിനെ നായകനാക്കി ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘ബീര്‍ബല്‍’ ഫെയിം ശ്രീനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗോസ്റ്റ്’. ചിത്രത്തിന്റെ വിവിധ ഭാഷകളിലുള്ള ട്രെയിലര്‍ പുറത്തിറങ്ങി. അതിഗംഭീര ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞതായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ശിവരാജ് കുമാര്‍ ചിത്രത്തിലെത്തുന്നത്. ഇതില്‍ ഒരു ലുക്ക് ഡീ എയ്ജിങ് സാങ്കേതികത ഉപയോഗിച്ചുള്ളതാണ്. ഈ രംഗം ട്രെയിലറിന്റെ പ്രത്യേകതയാണ്. സിനിമയുടെ മലയാളം ട്രെയിലര്‍ പൃഥ്വിരാജും തമിഴ് ട്രെയിലര്‍ ധനുഷുമാണ് പുറത്തിറക്കിയത്. ജയറാം, അനുപം ഖേര്‍ എന്നിവരും താരനിരയിലുണ്ട്. സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ദേശ് നാഗരാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മസ്തി, പ്രസന്ന വി.എം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്.
ക്യാമറ കൈകാര്യം ചെയ്യുന്നത് മഹേന്ദ്ര സിംഹയാണ്. കെ.ജി.എഫ് ഫെയിം ശിവകുമാര്‍ ആണ് കലാസംവിധായകന്‍. പ്രശസ്ത സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ മാസം 19-ന് തിയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഗോസ്റ്റ് വരുന്നത്.