രജനീകാന്ത് നായകനായി എത്തിയ ജയിലർ സിനിമയുടെ ഗംഭീര വിജയത്തിന് പിന്നാലെ രജനികാന്തിനും സംവിധായകൻ നെൽസണും സംഗീത സംവിധായകന്‍ അനിരുദ്ധിനും പ്രതിഫലത്തിന് പുറമെ നിർമ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ലാഭവിഹിതം കൈമാറിയതും ബിഎംഡബ്യൂ എക്സ് 7 കാർ സമ്മാനിച്ചതും വലിയ വാർത്തയായിരുന്നു. തൊട്ടുപിന്നാലെ ഇപ്പോൾ ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സണ്‍ പിക്ചേര്‍സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് ജയിലര്‍ ടൈറ്റില്‍ ആലേഖനം ചെയ്ത സ്വര്‍ണ്ണ നാണയങ്ങൾ കലാനിധി മാരന്‍ അണിയറ പ്രവർത്തകർക്ക് സമ്മാനിച്ചത്.സംവിധായകന്‍ നെല്‍സണ്‍ ഉൾപ്പെടെ സിനിമയുമായി ബന്ധപ്പെട്ട നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.വിജയാഘോഷത്തിന്‍റെ ഭാഗമായി കൂറ്റന്‍ കേക്ക് മുറിക്കുകയും തുടര്‍ന്ന് എല്ലാം അണിയറക്കാര്‍ക്കും വിശാലമായ ഭക്ഷണവും നൽകിയിരുന്നു.കലാനിധി മാരനും, നെല്‍സണും ടെക്നീഷ്യന്മാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന വീഡിയോ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.സൺ പിക്ചേഴ്സ് തന്നെയാണ് വിജയാഘോഷത്തിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.
രജനിക്കും നെൽസണും സമ്മാനം നൽകുന്നതിന്റെ ചിത്രങ്ങൾ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ട്വിറ്ററിൽ പങ്കുവച്ചിരുന്നു.എന്നാൽ സംഗീത സംവിധായകൻ അനിരുദ്ധിന് സമ്മാനം നൽകുന്നതിന്റെ ചിത്രങ്ങൾ സൺ പിക്ചേഴ്സ് പങ്കുവക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
നിര്‍മ്മാതാക്കള്‍ ഒരു നന്ദി പോലും പറയുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വാദം ഉയർന്നിരുന്നു.ഇതിനുമുൻപ് വിക്രം വിജയിച്ച സമയത്ത് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ കമല്‍ ഹാസന്‍ സംവിധായകന്‍ ലോകേഷിനും അതിഥിതാരമായി എത്തിയ സൂര്യയ്ക്കും സമ്മാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അവിടെയും അനിരുദ്ധ് ഒഴിവാക്കപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പുതിയ വിമര്‍ശനങ്ങള്‍.വിമർശനങ്ങൾ രൂക്ഷമായപ്പോഴാണ് നിർമ്മാതാക്കൾ ചിത്രങ്ങൾ പുറത്ത് വിട്ടത്.
രജനി സമ്മാനമായി കൈപ്പറ്റിയ ബിഎംഡബ്ല്യു എക്സ് 7 ന്‍റെ വില 1.24 കോടിയാണ്. 1.95 കോടി വിലവരുന്ന ബിഎംഡബ്ല്യുവിന്‍റെതന്നെ ഐ 7 തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നപ്പോഴാണ് രജനി 1.24 കോടിയുടെ കാര്‍ സ്വീകരിച്ചത്.നേരത്തെ കൈമാറിയ ലാഭവിഹിത തുക എത്രയാണെന്ന വിവരങ്ങൾ ലഭിച്ചിട്ടില്ല. ചിത്രത്തിൽ അഭിനയിച്ചതിന് രജനികാന്തിന് 110 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ആദ്യ ദിനത്തില്‍ നൂറുകോടിക്ക് അടുത്താണ് ജയിലര്‍ കളക്ഷന്‍ നേടിയത്. റിപ്പോർട്ടുകൾ പ്രകാരം റിലീസ് ചെയ്ത് 15 ദിവസം പിന്നിടുമ്പോൾ വേൾഡ് വൈഡായി 525 കോടിയാണ് ആഗോള തലത്തിൽ ജയിലര്‍ നേടിയിരിക്കുന്നത്.