ബോളിവുഡ് സിനിമാപ്രേക്ഷകരുടെ പ്രിയ താരസുന്ദരിയാണ് കരീന കപൂർ. നിരവധി ചിത്രങ്ങളിൽ കരീന മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അഭിനയത്തിനുപുറമെ താരം ആദ്യമായി നിർമ്മാണസംരംഭത്തിലേക്ക് കാലെടുത്തു വച്ച ‘ദി ബക്കിങ്ഹാം മർഡേഴ്സ്’ എന്ന ചിത്രം ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. ജസ്മീത്ത് ബംറ എന്ന ഒരു കേസ് അന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥ ആയിട്ടാണ് കരീന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഹൻസൽ മേഹ്ത ആണ് ചിത്രം സംവിധാന൦ ചെയ്തത്. ബാലാജി ടെലിഫിലിംസും കരീന കപൂറും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അസീം അറോറ,രാഗവ് കാക്കർ, കശ്യപ് കപൂർ എന്നിവരാണ്.
ഹാകി അലി, കെയ്ത് അലൻ, ക്രിസ് വിത്സൺ, ഡാനിയൽ എഗ്ഹാൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം: എമ്മ ഡേൽസ്മാൻ.

അതേസമയം, ഓ ടി ടി പ്ലാറ്റ്ഫോമിലേക്ക് അരങ്ങേറാനൊരുങ്ങുകയാണ് ബോളിവുഡ് താരം കരീന കപൂർ ഖാൻ. നെറ്റ്ഫ്ലിക്സിൽ റിലീസ് ആകാനൊരുങ്ങുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൊരു തമാശ വീഡിയോയിലൂടെ താരം പങ്കുവച്ചിരുന്നു. ക്രൈം ത്രില്ലർ സംവിധായകൻ സുജോയ് ഘോഷാണ് സംവിധായകൻ. ഇത് വരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കഥാപാത്രമായിട്ടായിരിക്കും താൻ എത്തുക എന്നുള്ള ഉറപ്പ് കരീന നൽകുന്നുണ്ട്.

ജാപ്പനീസ് എഴുത്തുകാരനായ കെയ്‌കോ ഹിഗാഷിനോയുടെ ‘ദി ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്സ്’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് സിനിമ വിജയ് ശർമയും ജയദീപ് അഹ്‌ലാവാത്തും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു കരീന തന്റെ ഓ ടി ടി പ്ലാറ്റ്ഫോം അരങ്ങേറ്റത്തെ കുറിച്ച് അറിയിച്ചത്. ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച വീഡിയോക്ക് താഴെ “ഇതൊരു രഹസ്യമാണ് പക്ഷെ എനിക്ക് പറയാതിരിക്കാനാവില്ല” എന്ന് കണ്ണിറുക്കുന്ന ഇമോജിക്കൊപ്പം താരം കുറിച്ചിട്ടുണ്ട്.
വീഡിയോയിൽ തന്റെ സ്വീകരണ മുറിയിലിരുന്ന് വിവിധ സംവിധായകരിൽ നിന്നും വ്യത്യസ്തങ്ങളായ സിനിമ ആശയങ്ങൾ കേൾക്കുന്ന കരീനയെ ആണ് നമുക്ക് കാണാൻ സാധിക്കുക. കരീന ഹിറ്റാക്കിയ കഥാപത്രങ്ങളുടെയും സിനിമകളുടെയും അബദ്ധം നിറഞ്ഞ പതിപ്പുകളാണ് എല്ലാവരും മുന്നോട്ടു വെക്കുന്നത്. ‘കഭി ഖുഷി കഭി ഗം’ ലെ പൂജ, തോക്ക് തന്റെ ഷൂവിലൊളിപ്പിച്ചു വരുന്ന പൊലീസുകാരിയാവുന്ന കഭി ഖുഷി കഭി ഗൺ, തന്റെ തന്നെ ഭാവിയിലെ പതിപ്പിനോട് ടൈം മെഷിനിൽ വെച്ച് പ്രണയത്തിലാകുന്ന ഗീതിന്റെ ‘കൽ വീ മെറ്റ്’ എന്ന സയൻസ് ഫിക്ഷൻ.

അതുപോലെ ‘പൂ കീ ബ്ലൈൻഡേർസ്’,’പൽ വീ മെറ്റ്’, ‘ജബ് വീ പെറ്റ്’, ‘ടൂ പൂ റ്റു ഹാൻഡിൽ’, ‘മുജ്‌സേ ഹെയ്‌സ്റ്റ് കരോഗേ’ തുടങ്ങിയവ അവയിൽ ചിലതാണ്. അവസാനം നിരാശയായിരിക്കുന്ന കരീനയ്ക്ക് മുൻപിലേക്ക് നല്ലൊരു ഓഫർ എത്തുന്നു. ത്രില്ലറും റൊമാൻസും നിഗൂഢതയുമൊക്കെ നിറഞ്ഞ ആ ആശയത്തിൽ കരീന ആകർഷിതയാവുന്ന സമയം വീഡിയോ അവസാനിക്കുന്നു. കരീനയുടേതായി ഇനി വരാനിരിക്കുന്ന പുതിയ സിനിമ രാജേഷ് കൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന കൃതി സോനൻ, തബു എന്നിവരോടൊപ്പമുള്ള ‘ദി ക്രൂ’ ആണ്.

