മലയാളത്തിന്റെ വിഖ്യാത സംവിധായകൻ കെ ജി ജോർജ് വിടവാങ്ങുമ്പോൾ കലാസാംസ്കാരികരാഷ്ട്രീയ രംഗത്തുള്ള നിരവധി പ്രമുഖരാണ് അനുശോചനം അറിയിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴിതാ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് കെ ജി ജോർജിനെ അനുസ്മരിക്കുകയാണ്.
ശ്രീ കെ.ജി ജോർജ് വിട വാങ്ങുമ്പോൾ… കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ പേരിലും വ്യക്തിപരമായും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളികളുടെ മനസ്സിലേക്ക് നടന്നു കയറിയ വിഖ്യാത സംവിധായകൻ.മലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചലച്ചിത്ര പ്രതിഭയാണ് ശ്രീ കെ.ജി ജോർജ് (78) അദ്ദേഹത്തിന്റെ വിടവാങ്ങൽ മലയാള സിനിമയ്ക്ക് ആരാലും നികത്താൻ ആകാത്ത ഒരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഫൈവ് ഫിംഗേഴ്സ് എന്ന എന്റെ സിനിമയിൽ അഭിനേതാവായി
കെ.ജി ജോർജ് സാറുമായുള്ള വ്യക്തിപരമായ വളരെ അടുപ്പം സൂക്ഷിച്ചിരുന്ന ആളാണ് ഞാൻ.2005 പുറത്തിറങ്ങിയ ഫൈവ് ഫിംഗേഴ്സ് എന്ന ചിത്രത്തിൽ എന്നോടുള്ള സൗഹൃദത്തിന്റെ പേരിൽ അഭിനേതാവ് അല്ലാഞ്ഞിട്ടു കൂടി ഒരു ഡോക്ടറിന്റെ പ്രധാന വേഷം ചെയ്യാൻ തയ്യാറായി.അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ചിത്രീകരണം അവസാനിച്ചിട്ട് കൂടി ഷൂട്ടിംഗ് സെറ്റിൽ എന്നോടൊപ്പം എന്റെ റൂമിൽ താമസിക്കുകയും ശ്രീ കെ.ജി ജോർജ് എന്ന വ്യക്തി മലയാളം സിനിമയുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ആഴത്തിൽ മനസ്സിലാക്കുവാനും, മലയാള സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ് തുടങ്ങിയവ അറിയാൻ അവസരം ലഭിച്ചു.
പ്രതിഫലം വാങ്ങാത്ത ശ്രീ കെ.ജി ജോർജ്
ഫൈവ് ഫിംഗർസ് എന്ന എന്റെ സിനിമയിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ച പ്രതിഭ. സിനിമയോടുള്ള ഇഷ്ടംകൊണ്ട് മാത്രമാണ് അഭിനയിക്കാൻ തയ്യാറായതെന്നും അതിന് പ്രതിഫലം ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും എത്ര നിർബന്ധിച്ചാലും പ്രതിഫലം സ്വീകരിക്കുകയില്ലെന്ന് വളരെ കർക്കശമായ എന്നോട് പറയുകയും ചെയ്തു. 2006ൽ കെ.എസ്.എഫ്.ഡി.സി ചെയർമാനായി ആകാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ഏതു തരത്തിൽ എന്നെ സഹായിക്കാൻ സജിക്ക് സാധിക്കും എന്ന് എന്നോട് ചോദിച്ചപ്പോൾ നേരിട്ട് സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ശ്രീ എം.എ ബേബിയെ സമീപിക്കാൻ പറഞ്ഞു അങ്ങനെ ആഗ്രഹിച്ച പദവി ലഭിക്കുകയും ചെയ്തു. മലയാള ചലച്ചിത്രരംഗത്ത് നികത്താനാവാത്ത നഷ്ടം.അദ്ദേഹത്തിന്റെ സൃഷ്ടികളെ എക്കാലവും പാഠശാലയായി നിലനിൽക്കും.