”ദിസ് ഈസ് വിജയ് ഫാൻസ്‌” ; ലിയോക്ക് കേരളത്തിൽ അതി ഗംഭീര വരവേൽപ്പ് നൽകി ആരാധകർ

0
176

ലോകേഷ് കനകരാജ് ചിത്രം ലിയോയെ വരവേറ്റ് ആരാധകർ.തമിഴ്‌നാട്ടിൽ തിയറ്ററുകളിലെ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുള്ളതുകൊണ്ട് തന്നെ തമിഴ്നാടിനേക്കാള്‍ ലിയോയുടെ റിലീസ്, വിജയ് ആരാധകര്‍ ആഘോഷിച്ചത് കേരളത്തിലാണ്.കേരളത്തിലെ പല പ്രധാന സെന്‍ററുകളിലും റിലീസിനോടനുബന്ധിച്ച് ഇന്നലെ രാത്രി ഡിജെ പാര്‍ട്ടി,ബൈക്ക് റാലി ഉൾപ്പെടെ ഗംഭീര പരിപാടികളാണ് കേരളത്തിൽ ആരാധകർ സംഘടിപ്പിച്ചത്.ഇത്തരം പരിപാടികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്.

അതേസമയം തമിഴ്‌നാട്ടിൽ നിന്നുള്ള ആരാധകർക്ക് തങ്ങള്‍ക്ക് ഇതൊന്നും സാധിക്കുന്നില്ലല്ലോ എന്ന നിരാശയുമുണ്ട് . ബഹുഭൂരിപക്ഷം ആളുകളും ലിയോയുടെ പുലർച്ചെയുള്ള ഷോ കാണുന്നതിനായി തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.ലിയോയ്ക്ക് പ്രത്യേക പ്രദർശനം പുലർച്ചെ നാലിന് അനുവദിക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം മദ്രാസ് ഹൈക്കോടതിയ്ക്ക് പിന്നാലെ തമിഴ്നാട് സർക്കാരും തള്ളിയിരുന്നു .

ലിയോയ്ക്ക് സ്പെഷ്യല്‍ ഷോ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് ചെന്നൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് സര്‍ക്കാര്‍ ഇന്നലെ നിലപാട് വ്യക്തമാക്കിയത്. രാവിലെ ഒമ്പതിനും പുലർച്ചെ ഒന്നിനുമിടയിൽ അഞ്ച് ഷോകൾക്കാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിർത്തി പ്രദേശത്തുള്ള തിയറ്ററുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.മൂന്ന് ദിവസത്തേക്ക് അടുപ്പിച്ച് ലിയോ ടിക്കറ്റ് പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് വിജയ് ചിത്രം ലിയോ നിർമ്മിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരുന്നത്. വമ്പൻ താര നിരയാണ് ലിയോയിൽ അണിനിരക്കുന്നത് . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിനായി അനിരുദ്ധ് ആണ് സംഗീതം ഒരുക്കിയത്.

ചിത്രത്തിൽ ഉള്ള മൂന്നു ഗാനങ്ങളാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. ആദ്യം ഇറങ്ങിയത് ‘നാൻ റെഡി താൻ’ എന്ന ഗാനമാണ്. ഗാനത്തിലെ ചില വരികൾ കാരണം വലിയ വിവാദങ്ങൾ സൃഷ്‌ടിച്ച ഒരു ഗാനമായിരുന്നു അത്. രണ്ടാമതായി പുറത്തുവിട്ട ഗാനം ‘ബഡാസ്’ ആണ്. ഈ ഗാനവും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർക്കിടയിൽ തരംഗമായത്. മൂന്നാമതായി എത്തിയ ഗാനം ഒരു ഫീൽ ഗുഡ് തരത്തിലുള്ള ഒന്നായിരുന്നു. ‘അൻപെനും’ എന്ന ഗാനം ഒരുക്കിയത് മഞ്ഞുമലയുടെ മനോഹരമായ പശ്ചാത്തലത്തിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here