ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കി ജീവചരിത്ര സിനിമ: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
193

സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ജീവചരിത്ര സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധനുഷാണ് ഇളയരാജയായി വെള്ളിത്തിരയിലെത്തുന്നത്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്നു.

ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. ഇളയരാജ മുഖ്യാതിഥിയായ ചടങ്ങില്‍ കമല്‍ ഹാസന്‍, ധനുഷ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ട ഒരാളാണ് താനെന്ന് ധനുഷ് പറഞ്ഞു.

 

View this post on Instagram

 

A post shared by Dhanush (@dhanushkraja)

]

‘ഇളയരാജ സാറിന്റെ പാട്ടുകള്‍ കേട്ട് ഉറങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ഇളയരാജ സാറായി അഭിനയിക്കണമെന്ന് അതിയായി ആഗ്രഹിച്ച് പല രാത്രികളിലും ഉറക്കം നഷ്ടപ്പെട്ട ഒരാളാണ് ഞാന്‍. രണ്ടുപേരുടെ ജീവിചരിത്രമാണ് ഞാന്‍ സിനിമയില്‍ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചത്. അതിലൊരാള്‍ ഇളയരാജ സാറായിരുന്നു. മറ്റൊരാള്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും. ഒന്നുനടക്കാന്‍ പോകുന്നു. ഞാന്‍ ഇളയരാജ സാറിന്റെ ആരാധകനാണ് ഭക്തനാണ്. ഇത് എല്ലാവര്‍ക്കും അറിയാം. അഭിനയം അറിയാത്ത കാലം മുതല്‍ ഈ നിമിഷം വരെ അദ്ദേഹത്തിന്റെ ഈണങ്ങളായിരുന്നു വഴികാട്ടി. ഓരോ രംഗങ്ങളും എങ്ങിനെ ചെയ്യണമെന്ന് അത് എനിക്ക് പറഞ്ഞുതരും.

ഞാന്‍ ഏറ്റെടുത്തിരിക്കുന്നത് ഒരു വലിയ വെല്ലുവിളിയാണ്, ഉത്തരവാദിത്തമാണെന്ന് എല്ലാവരും പറയുന്നു. അതെനിക്കറിയില്ല, അദ്ദേഹത്തിന്റെ സംഗീതം എന്നെ മുന്നോട്ട് നടത്തും. എങ്ങിനെ അഭിനയിക്കണമെന്ന് പറഞ്ഞുതരും. ഞാന്‍ ഈ ചടങ്ങ് നടക്കുന്നതിന് മുന്നോടിയായി വേദിയിലേക്ക് വരുന്ന അവസരത്തില്‍ അദ്ദേഹത്തോട് മുന്നില്‍ നടക്കാന്‍ പറഞ്ഞു. ഞാന്‍ പിറകില്‍ നടന്നോളാമെന്നും. അപ്പോള്‍ അദ്ദേഹം ചോദിച്ചു, ”അതെന്താ ഞാന്‍ നിന്റെ ഗൈഡ് ആണോ” എന്ന്. അതെ സാര്‍ താങ്കള്‍ എന്റെ ഗൈഡാണ്. അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന കാലം മുതല്‍ ഇപ്പോള്‍ വരെ ഇളയാരാജ സാര്‍ കൂടെയുണ്ട്. ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരമാണ് എനിക്ക് ലഭിച്ച അവസര’.- ധനുഷ് പറഞ്ഞു.
ശ്രീറാം ഭക്തിസാരന്‍, സി.കെ പദ്മകുമാര്‍, വരുണ്‍ മാതൂര്‍, ഇളംപരിതി ഗജേന്ദ്രന്‍, സൗരഭ് മിശ്ര എന്നിവരാണ് നിര്‍മാതാക്കള്‍. ഇളയരാജ തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള പന്നൈപുരത്തില്‍ രാമസ്വാമിയുടെയും ചിന്നതായമ്മാളുടെയും മകനായി ജനിച്ച് സംഗീതലോകത്തിന്റെ നെറുകയിലെത്തി ഇസൈജ്ഞാനിയായി മാറിയ ഇളയരാജയുടെ സംഭവബഹുലമായ ജീവിതയാത്രയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അഞ്ചു പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ വിവിധ ഭാഷകളിലായി എണ്ണൂറിലേറെ സിനിമകള്‍ക്ക് സംഗീതം നല്‍കി. ഇന്ത്യന്‍ സിനിമയ്ക്ക് ഒട്ടേറെ പ്രതിഭാധനരായ ഗായകരെ ലഭിച്ചത് ഇളരാജയുടെ ഗാനങ്ങളിലൂടെയായിരുന്നു. ദേശീയ പുരസ്‌കാരങ്ങളടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ ഇളയരാജയെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു.

അതേസമയം,ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ സിനിമ ക്യാപ്റ്റന്‍ മില്ലറാണ്.ധനുഷ് നായകനായി വേഷമിടുന്ന പുതിയ ചിത്രം രായനാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഏപ്രില്‍ 11നായിരിക്കും ധനുഷ് സംവിധായകനുമാകുന്ന ചിത്രം രായന്‍ റിലീസ് ചെയ്യുക എന്നാണ് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്. രായന്‍ വൈകിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ധനുഷ് ചിത്രം വൈകിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോള്‍ റിലീസ് തിയ്യതിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

എസ് ജെ സൂര്യ ധനുഷിന്റെ സംവിധാനത്തിലുള്ള രായനില്‍ പ്രതിനായകനായി എത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുന്ദീപ് കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. ഒരുപാട് സര്‍പൈസുകള്‍ ധനുഷ് തന്റെ ചിത്രമായ രായനില്‍ ഒളിപ്പിച്ചിട്ടുണ്ട് എന്നാണ് തമിഴകത്ത് പ്രധാന ചര്‍ച്ച. കഥയടക്കമുള്ള സസ്‌പെന്‍സുകള്‍ നീങ്ങണമെങ്കില്‍ എന്തായാലും ചിത്രം റിലീസ് ചെയ്യുന്നതുവരെ കാത്തുനില്‍ക്കുകയേ നിവര്‍ത്തിയുള്ളൂ. രായന്റെ നിര്‍മാണം സണ്‍ പിക്‌ചേഴ്‌സ്. ഛായാഗ്രാഹണം ഓം പ്രകാശ്. ഫസ്റ്റ് ലുക്കില്‍ ഞെട്ടിക്കുന്ന ലുക്കില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here