കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത സംവിധായകൻ കെ ജി ജോർജ് അന്തരിച്ചത്. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. താൻ ഹൃദയത്തോട് ചേർത്തുവെച്ച ഒരാളുകൂടെ തനിക്കു നഷ്ടമായിരിക്കുന്നു എന്നാണ് മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്. ഒപ്പം അദ്ദേഹത്തെ കുറിച്ചുള്ള ചില ഓർമ്മകളും പങ്കുവെച്ചു.
മമ്മൂട്ടിയുടെ വാക്കുകൾ…
”ഹൃദയത്തോട് ചേർത്തുവെച്ച ഒരാളുകൂടെ പോയി. അഞ്ചു വേഷമായി ഇവിടെ ആയിരുന്നു അദ്ദേഹം. മലയാള സിനിമയ്ക്ക് പുതിയ വഴി തുറന്നുതന്ന സംവിധായകനാണ് ജോർജ് സാർ. എനിക്കിവിടെ വരാൻ പറ്റിയത് വലിയ കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഗുരു തുല്യനായ ഒരാളാണ്. മെന്റർ എന്നുതന്നെ പറയാം. ഇപ്പോൾ അദ്ദേഹം സിനിമകളിൽ സജീവമല്ലെങ്കിലും അദ്ദേഹം ചെയ്തുവെച്ച സിനിമകൾ സജീവമായിത്തന്നെ നിലനിൽക്കുന്നുണ്ട്. വളരെയധികം പ്രത്യേകതകളുള്ള സിനിമകളാണ് അദ്ദേഹത്തിന്റേത്. ഓരോ സിനിമയും വേറിട്ട് നിൽക്കുന്നവയാണ്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങൾ ചർച്ചചെയ്തിട്ടുണ്ട്.
അദ്ദേഹം പറയുന്ന പോലെ ഓരോ കാലത്തും ഓരോ തരം സിനിമകളാണ് നമ്മൾ ഇഷ്ടപ്പെടുന്നത്. കാലം മാറുന്നതിനു അനുസരിച്ചു സിനിമകളുടെ ഗതിയും മാറുന്നുണ്ട്. അതിനൊപ്പം നിൽക്കാൻ അദ്ദേഹത്തിന് സാധിക്കാഞ്ഞത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ല, അതിനുള്ള സൗകര്യങ്ങൾ ഒത്തുവരാത്തതുകൊണ്ടാണ്. അല്ലെങ്കിൽ മലയാള സിനിമയിൽ മറക്കാൻ പറ്റാത്ത സിനിമകൾ ഉണ്ടാക്കേണ്ടിയിരുന്ന ആളാണ് അദ്ദേഹം . ഇതിനിടയ്ക് ശാരീരിക അസ്വാസ്ഥ്യവും പക്ഷാഘാതവും ഒക്കെ വന്നതുകൊണ്ട് അദ്ദേഹം ഓർമ്മയായിരിക്കുകയാണ്.”
‘ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു , ആദരാജ്ഞലികൾ ജോർജ് സാർ’ എന്നാണ് മമ്മൂട്ടി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നത്. യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, മേള, മറ്റൊരാൾ, ഇലവങ്കോട് ദേശം, കഥയ്ക്ക് പിന്നിൽ തുടങ്ങി മമ്മൂട്ടിയെ നായകനാക്കി നിരവധി ചിത്രങ്ങൾ കെ ജി ജോർജ് സംവിധാനം ചെയ്തിട്ടുണ്ട്.
സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലംബമാക്കി കെ ജി ജോർജ് നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1970-കൾ മുതൽ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, പഞ്ചവടിപ്പാലം എന്നിവയാണ് കെ ജി ജോർജിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.