മേപ്പടിയാന്‍ സംവിധായകനും ബിജെപി നേതാവ് രാധാകൃഷ്ണന്റെ മകളും വിവാഹിതരായി

0
364

‘മേപ്പടിയാന്‍’ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനായി. ബി.ജെ.പി. നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ മകള്‍ അമ്മു എന്ന് വിളിക്കുന്ന അഭിരാമിയാണ് വധു. കൊച്ചി ചേരാനെല്ലൂരിലെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.

മമ്മൂട്ടി, ഉണ്ണിമുകുന്ദന്‍, പ്രമുഖ വ്യവസായിയായ യൂസഫ് അലി, ദേവന്‍, സംവിധായകന്‍ മധുപാല്‍, മേജര്‍ രവി, രാഷ്ട്രീയ പ്രവര്‍ത്തകരായ പി എസ് ശ്രീധരന്‍പിള്ള, ഒ രാജഗോപാല്‍ എന്നിവരും പങ്കെടുത്തു. പത്തനംതിട്ട അടൂര്‍ സ്വദേശിയാണ് വിഷ്ണു മോഹന്‍. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ എ.എന്‍. രാധാകൃഷ്ണന്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. സിനിമ, രാഷ്ട്രീയ മേഖലയില്‍ നിന്ന് നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തു.

വിഷ്ണു മോഹന്‍ ആദ്യമായി സംവിധാനം ചെയ്ത മേപ്പടിയാന്‍ എന്ന ചിത്രത്തിനാണ് മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം ലഭിച്ചത്. വിഷ്ണു മോഹന്റെ ആദ്യ സംവിധാന ചിത്രമാണ് ‘മേപ്പടിയാന്‍’. നിരൂപക, പ്രേക്ഷക പ്രശംസ നേടിയ സിനിമയാണിത്. 2022 ല്‍ പുറത്തിറങ്ങിയ മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു മോഹന്‍ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനാകുന്നത്. വിഷ്ണു മോഹന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദനുമായി സൗഹൃദത്തിലാകുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലും ആദ്യത്തെ സോളോ ഹിറ്റായിരുന്നു മേപ്പടിയാന്‍. ചിത്രം നിര്‍മിച്ചതും ഉണ്ണി തന്നെയായിരുന്നു.

അതേസമയം, തീയറ്ററില്‍ എത്തിയ മേപ്പടിയാന്‍ എന്ന സിനിമ ഒരു മണിക്കൂര്‍ കൊണ്ട് ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും ഒരു നവാഗത സംവിധായകനില്‍ ഉണ്ണി മുകുന്ദന്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കരുത് എന്നുകരുതി കഠിനാധ്വാനം ചെയ്ത സിനിമയാണ് മേപ്പടിയാന്‍ എന്നും വിഷ്ണു പറഞ്ഞു. ഉണ്ണിയുടെ കരിയറില്‍ ആദ്യമായി ചെയ്ത നാടന്‍ കഥാപാത്രമാണ് മേപ്പടിയാനിലേത്. കഥാപാത്രം നന്നായതുകൊണ്ടാണ് സിനിമ ശ്രദ്ധിക്കപ്പെട്ടതെന്നും അതുകൊണ്ടാണ് തനിക്ക് അവാര്‍ഡ് കിട്ടിയതെന്നും അതുകൊണ്ടു തന്നെ ഈ പുരസ്‌കാരം ഉണ്ണി മുകുന്ദനും ചിത്രത്തിലെ മറ്റു അണിയറപ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും വിഷ്ണു മോഹന്‍ വ്യക്തമാക്കിയിരുന്നു.

”മേപ്പടിയാന്‍ എന്ന പേര് പുരസ്‌കാരങ്ങള്‍ക്കിടയില്‍ കേള്‍ക്കണം എന്നുള്ളത് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹമായിരുന്നു. ഉണ്ണി മുകുന്ദന്റെ ആദ്യത്തെ നിര്‍മാണ സംരംഭം ആയിരുന്നു. അത്രമാത്രം കഷ്ടപ്പാട് ഈ ചിത്രത്തിന് വേണ്ടി ഉണ്ണിയും മറ്റുള്ളവരും എടുത്തിട്ടുണ്ട് . റീജിയണല്‍ സിനിമ എന്ന പരാമര്‍ശം വല്ലതും വരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ സംവിധായകനുള്ള പുരസ്‌കാരം എന്ന ടൈറ്റില്‍ കിട്ടിയതില്‍ വലിയ സന്തോഷമാണ് ഉള്ളത്. എനിക്ക് മാത്രമല്ല ഈ സിനിമയുമായി സഹകരിച്ചവര്‍ക്കെല്ലാം സന്തോഷമുണ്ട്. കാരണം അത്രമാത്രം കഷ്ടപ്പെട്ട് കൊറോണ സമയത്തൊക്കെ ചെയ്ത സിനിമയാണ്. ആദ്യത്തെ സിനിമക്ക് അവാര്‍ഡ് കിട്ടുന്നത് അതിലും സന്തോഷമാണ്. ഉണ്ണിയുടെ കരിയറില്‍ ആക്ഷന്‍ അല്ലാതെ ഒരു നാടന്‍ കഥാപാത്രം ചെയ്ത സിനിമയാണ്, ആ കഥാപാത്രം നന്നായതുകൊണ്ടാണ് സിനിമ ശ്രദ്ധിക്കപ്പെട്ടത്, സിനിമ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടാണ് സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് പുരസ്‌കാരം ലഭിച്ചത്.

മേപ്പടിയാന്റെ ടീമിന് ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു പ്രത്യേകിച്ച് ഉണ്ണിക്ക്. ഒരാളുടെ അസിസ്റ്റന്റ് ആയിട്ട് പോലും വര്‍ക്ക് ചെയ്തിട്ടില്ലാത്ത എന്നെ വിശ്വസിച്ച് ഒരു സിനിമ ചെയ്യാന്‍ തയാറായ ഉണ്ണിയോടാണ് എനിക്ക് നന്ദി പറയാനുള്ളത്. സെപ്റ്റംബര്‍ മൂന്നാം തീയതി വിവാഹമാണ്. ഈ സന്തോഷം എല്ലാം കൂടി ഒരുമിച്ചു വരുമ്പോള്‍ ഞാന്‍ വേറൊരു അവസ്ഥയിലാണ്. എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരു നല്ല സമയം ഉണ്ടല്ലോ എന്റെ സമയം ഇപ്പോഴാണെന്ന് ഞാന്‍ വിചാരിക്കുന്നു. ഒരുപാട് കഷ്ടപ്പെട്ട് വന്നതാണ് അതിന്റെ പ്രതിഫലമാണ് ഇപ്പോള്‍ കിട്ടുന്നത്. ദൈവം സഹായിച്ച് കൂടുതല്‍ സിനിമ ചെയ്യാനും മുന്നോട്ട് പോകാനുമുള്ള ഊര്‍ജമായി ഈ പുരസ്‌കാരത്തെ കാണുന്നു. കഥ തിരക്കഥ സംവിധാനം എല്ലാം ഒരുമിച്ച് ചെയ്തതാണ്.

ഉണ്ണി കരിയറിലെ മൂന്നു വര്‍ഷം മാറ്റി വച്ചാണ് മേപ്പടിയാന്‍ ചെയ്തത് എന്നെ സംബന്ധിച്ച് അത് വലിയൊരു ഭാരമായിരുന്നു. കാരണം എന്നെ വിശ്വസിച്ചാണ് ഉണ്ണി ഇത്രയും സമയം ചെലവഴിക്കുന്നത്. അത്രയും കഠിനാധ്വാനം ഞാന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ കാരണം ഉണ്ണിക്ക് ഒരു ബുദ്ധിമുട്ടാകാന്‍ പാടില്ല. അത്രയും കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് ഇപ്പോള്‍ ലഭിക്കുന്നത്. തീയറ്ററില്‍ വന്നപ്പോള്‍ ഒരുപാടു ഡീഗ്രേഡ് ചെയ്ത സിനിമയാണ്. പക്ഷേ ഒടിടിയില്‍ വന്നപ്പോള്‍ നല്ല അഭിപ്രായം കിട്ടിയിരുന്നു. ഇപ്പോള്‍ ഹിന്ദി ഡബ്ബ് വേര്‍ഷന്‍ ഒക്കെ യൂട്യൂബില്‍ ഉണ്ട് അതിന്റ കമന്റുകള്‍ നോക്കിയാല്‍ അറിയാം 99 ശതമാനം ആളുകളും ആ സിനിമയെ ഇഷ്ടപ്പെടുന്നുണ്ട്. തിയറ്ററില്‍ ഇറങ്ങിയപ്പോള്‍ ആദ്യത്തെ ഒരു മണിക്കൂര്‍ കൊണ്ട് ആളുകള്‍ നമ്മളെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഞാന്‍ ഉണ്ണിയിലേക്ക് എത്തിയതൊക്കെ ഒരു നിമിത്തമാണ്. ഉണ്ണി ഇതുവരെ ചെയ്തു കാണാത്ത വേഷം ഉണ്ണിയെക്കൊണ്ട് ചെയ്യിച്ച് വിജയിപ്പിച്ചാല്‍ അത് എന്റെ ഒരു വിജയമായി മാറും എന്നൊരു വിശ്വാസമുണ്ടായിരുന്നു. ഞാന്‍ വിചാരിച്ചതിലും നന്നായി ഉണ്ണി അത് ചെയ്തു. പല ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍ അടക്കം പതിനേഴ് അവാര്‍ഡുകള്‍ മേപ്പടിയാനു ലഭിച്ചിട്ടുണ്ട്. ഇത് പതിനെട്ടാമത്തെ അവാര്‍ഡാണ്. അനുഭവിച്ചതിനെല്ലാമുള്ള ഒരു പ്രതിഫലമാണ് ഇപ്പോള്‍ ഈ പുരസ്‌കാരമായ ലഭിക്കുന്നത്. എല്ലാവര്‍ക്കും നന്ദി. ‘ വിഷ്ണു മോഹന്‍ അവാര്‍ഡ് കിട്ടിയതിന് ശേഷം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here