നിവിൻ പോളി നായകകഥാപാത്രത്തിലെത്തിയ ‘മിഖായേൽ’ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ എന്ന വില്ലനെ നായകനാക്കി ചിത്രം ഒരുങ്ങുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും ശ്രദ്ധനേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മാർക്കോ എന്ന വില്ലൻ . ഉണ്ണി മുകുന്ദനിലെ താരത്തിന്റെ കഴിവ് നന്നായി അവതരിപ്പിച്ച കഥാപാത്രമായിരുന്നു അത്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്‌ഷൻ എന്റർടെയ്നർ ‘മാർക്കോ’ ആണ് മലയാള സിനിമയിൽ ഇത്തരമൊരു പുതിയ തുടക്കം സൃഷ്ടിക്കുന്നത്.
View this post on Instagram
മലയാള സിനിമയിൽ ആദ്യമായാണ് ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമ വരുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. മിഖായേലിലെ മാർക്കോയുടെ തീം മ്യൂസിക് ഉൾപ്പെടുത്തിയാണ് മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.
ഒരു ചിത്രത്തിലെ വില്ലനെ നായകനാക്കിക്കൊണ്ട് എത്തുന്ന ചിത്രം എന്നത് വളരെ പുതുമയുള്ളതാണ്. മലയാളത്തിലെ ആക്ഷൻ സിനിമാ ജോണറിന്റെ അതിരുകൾ ഈ ചിത്രം ലംഘിക്കുമെന്നാണ് അണിയറക്കാർ അവകാശം പറയുന്നത്. ചിത്രം മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ഏറെ വയലന്റ് ആയ ആക്ഷൻ ചിത്രമായിരിക്കുമെന്നും അണിയറക്കാർ പറയുന്നുണ്ട്. മാളികപ്പുറമാണ് ഉണ്ണി മുകുന്ദന്റേതായി അവസാനം പ്രദർശനത്തിനെത്തിയ ചിത്രം. തിയറ്ററുകളിൽ മികച്ച വിജയമായിരുന്നു മാളികപ്പുറം നേടിയത്. അതേസമയം രാമചന്ദ്ര ബോസ് ആൻഡ് കോ’ ആണ് ഹനീഫ് അദേനിയുടെ സംവിധാനത്തിൽ അവസാനം തീയേറ്ററിലെത്തിയ ചിത്രം.
ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ സ്റ്റൈലിഷ് വില്ലൻ വേഷങ്ങളിലൊന്നായിരുന്നു മാർക്കോ എന്ന മിഖായേലിലെ കഥാപാത്രം. ചിത്രത്തിലെ ഉണ്ണിയുടെ അഭിനയവും ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമയിൽ മുഴുനീള കഥാപാത്രമായി മാർക്കോ എത്തുമ്പോൾ പുതിയൊരു യൂണിവേഴ്സ് കൂടി സൃഷ്ടിക്കുകയാണ് സംവിധായകനായ ഹനീഫ് അദേനി. മലയാളത്തിൽ നിന്നുള്ള ഏറ്റവും വയലൻസ് നിറഞ്ഞതും ക്രൂരവുമായ സിനിമകളിലൊന്നാകും മാർക്കോ എന്നാണ് ചിത്രത്തിന്റെ പ്രതീക്ഷ.
അതേസമയം, ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുമെന്ന ചർച്ചയ്ക്കിടെ ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. മേരാ ഭാരത് എന്നെഴുതിയിരിക്കുന്ന പോസ്റ്റാണ് ആദ്യം പങ്കുവെച്ചിരുന്നത്. ഇന്ത്യയുടെ പേര് ഭാരതം എന്ന് പുനർനാമകരണം ചെയ്‌തേക്കും എന്ന ചാനൽ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ച് മറ്റൊരു പോസ്റ്റും ഉണ്ണി മുകുന്ദൻ പങ്ക് വച്ചിരുന്നു. ഇനി കാത്തിരിക്കാൻ വയ്യ എന്നാണ് ഈ പോസ്റ്റിന് നൽകിയിരുന്ന കാപ്ഷൻ. അതിന് പരിഹാസ കമന്റുകളായിരുന്നു വന്നിട്ടുണ്ടായിരുന്നത്.