അക്ഷയ് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി ടിനു സുരേഷ് ദേശായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മിഷൻ റാണിഗഞ്‍ജ്: ദ ഗ്രേറ്റ് ഭാരത് റെസ്‍ക്യൂ’. 1989ല്‍ റാണിഗഞ്‍ജില്‍ മൂന്നൂറ്റിയമ്പതടി താഴ്‍ചയില്‍ കല്‍ക്കരി ഖനിയില്‍ അകപ്പെട്ടവരെ രക്ഷിച്ച വ്യക്തിയാണ്. ജസ്വന്ത് സിംഗ് ഗില്‍. അദ്ദേഹത്തിന്റെ ജീവിതകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജസ്വന്ത് സിംഗ് ഗില്‍ ആയിട്ടാണ് താരം എത്തുന്നത്. ചിത്രം ഒക്ടോബർ ആറിന് തീയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയിരിക്കുകയാണ്.
അതേസമയം, ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി സൂചന ഉണ്ടായിരുന്നു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇതിനായി പ്രമേയം കൊണ്ടുവരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. നിരവധി പ്രമുഖർ ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നുണ്ട്. വിഷയം ചർച്ചയാകുന്നതിനിടെ അക്ഷയ് കുമാറിന്റെ പുതിയ സിനിമയായ ‘മിഷൻ റാണിഗഞ്‍ജ്, ദ ഗ്രേറ്റ് ഇന്ത്യൻ റെസ്‍ക്യൂ’ എന്നതിന് പകരം ‘മിഷൻ റാണിഗഞ്‍ജ്: ദ ഗ്രേറ്റ് ഭാരത് റെസ്‍ക്യൂ’ എന്ന് മാറ്റിയിരിക്കുകയാണ് അണിയറപ്രവർത്തകർ. നിരവധി വിമർശനങ്ങളും ട്രോളുകളുമാണ് ഈ പേരുമാറ്റവുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത്. കൂടാതെ ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററിൽ നിരവധി ആളുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്, അതിൽ ഒരേ മുഖങ്ങൾ തന്നെ പലവട്ടം കാണിക്കുന്നുണ്ട് എന്നതാണ് മറ്റൊരു വിമർശനം. ചിത്രത്തിൽ പരിനീതി ചോപ്ര, കുമുദ് മിത്സര, പവൻ മല്‍ഹോത്ര, രവി കിഷൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അതേസമയം, ജി20 ഉച്ചകോടിയല്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കുള്ള ഔദ്യോഗിക ക്ഷണത്തില്‍ ‘ഇന്ത്യന്‍ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതോടെയാണ് ഭാരത് ആക്കണമെന്നുള്ള അഭ്യൂഹം പടര്‍ന്നത്. സെപ്റ്റംബര്‍ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇപ്രകാരം രേഖപ്പെടുത്തിയത്.
ഒരു ഔദ്യോഗിക പരിപാടിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പേരുമാറ്റമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ‘ഭാരത്’ എന്ന പദം ഭരണഘടനയിലും ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ”ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും” എന്നാണ് ആര്‍ട്ടിക്കിള്‍ 1ല്‍ പറയുന്നത്. ‘ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്” എന്ന പേരില്‍ വിദേശ പ്രതിനിധികള്‍ക്ക് കൈമാറിയ ജി20 ബുക്ക്ലെറ്റിലും ‘ഭാരത്’ ഉപയോഗിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ്, സിനിമാതാരങ്ങളായ വിഷ്ണു വിശാൽ, അമിതാബ് ബച്ചൻ, ഹരീഷ് പേരടി, ഉണ്ണി മുകുന്ദൻ, കൃഷ്ണ കുമാർ തുടങ്ങി നിരവധി ആളുകളാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നിരിക്കുന്നത്.