പ്രഭാസിന് പിന്നാലെ വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’യിൽ മോഹൻലാലും

0
225

വിഷ്ണു മഞ്ചു ഒരുക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് ‘കണ്ണപ്പ’. ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ സിനിമ. സിനിമാമേഖലയെയും ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് ചിത്രമിപ്പോൾ. മുൻപ് പ്രഭാസ് ചിത്രത്തി​ന്റെ ഭാഗമാകുന്നു എന്ന വാർത്തകൾ വന്നതോടെ ചിത്രത്തിന് മേലുള്ള ആരാധകരുടെ പ്രതീക്ഷകൾ വലിയ തോതിൽ ഉയർന്നിരുന്നു.

ഇപ്പോഴിതാ ‘കംപ്ലീറ്റ് ആക്ടർ’ മോഹൻലാലും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തെകുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ. ഇതുവരെയുള്ള അപ്‌ഡേറ്റുകളിൽ അത്രയധികം സന്തോഷത്തിലുള്ള ആരാധകർ ഇനി വരുന്ന ഓരോ അപ്‌ഡേറ്റുകൾക്കും സർപ്രൈസുകൾക്കും വേണ്ടി കാത്തിരിക്കുകയാണ്. സ്റ്റാർ കാസ്റ്റ് പോലെ തന്നെ അത്രയും പ്രധാനപ്പെട്ട അണിയറപ്രവർത്തകരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റാർ പ്ലസ്സിൽ മഹാഭാരത് സീരീസ് സംവിധാനം ചെയ്ത മുകേഷ് കുമാർ സിങ്ങാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ നിർത്തുന്ന തരത്തിൽ മുകേഷ് കുമാർ ‘കണ്ണപ്പ’യിൽ പ്രവർത്തിക്കുമെന്ന് തീർച്ചയാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

വിഷ്ണു മഞ്ജുവിന്റെ സ്വപ്ന പ്രൊജക്റ്റ് ആയ കണ്ണപ്പയിൽ പ്രഭാസിന് ശേഷം കംപ്ലീറ്റ് ആക്ടർ ആയ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും എത്തുന്നു എന്നാണ് ഫേസ്ബുക്കിലൂടെ വിഷ്ണു മഞ്ചു പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം നിൽക്കുന്ന ഒരു ചിത്രത്തിനൊപ്പമാണ് താരം ഈ വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. മണി ശർമ്മ, സ്റ്റീഫൻ ദേവസി എന്നിവർ ആണ് ചിത്രത്തിൽ സംഗീതം ഒരുക്കുന്നത്. ഇതുവരെ ആരും കാണാത്ത സിനിമയുടെ മറ്റൊരു പുതിയ ലോകം തീർക്കാനായി ‘കണ്ണപ്പ’ ഒരുങ്ങുകയാണ്. പ്രേക്ഷകരും ആരാധകരും ഒരുപോലെ അക്ഷമരായി കാത്തിരിക്കുകയാണ് ചിത്രത്തിന്റെ പ്രദർശനത്തിന് വേണ്ടി.

മോഹൻ ലാലിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 2024 എന്ന വർഷം മോഹൻലാലിന് നിരവധി റീലീസുകൾ ഉള്ള വർഷമായിരിക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘മലെെക്കോട്ടെ വാലിബൻ’ എന്ന ചിത്രം 2024 ജനുവരിയിലാണ് പ്രദർശനത്തിന് എത്തുക. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് ആരാധകർ വലിയ പ്രതീക്ഷയാണ് നൽകിയിട്ടുള്ളത്. അതോടൊപ്പം തന്നെ ജീത്തു ജോസഫ് ഒരുക്കുന്ന ‘നേര്’ എന്ന ചിത്രവും അണിയറയിൽ തയ്യാറെടുപ്പുകളിലാണുള്ളത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതും മോഹൻലാൽ എത്തിച്ചേർന്നതും സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനത്തിലേക്ക് കടക്കുന്ന ‘ബറോസ്’ എന്ന ചിത്രവും, പാൻ ഇന്ത്യൻ ചിത്രമായ ‘വൃഷഭ’യും ആരാധകരിൽ ആകാംഷ നിറയ്ക്കുന്ന ചിത്രങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here