നന്മയുടെ നാടായ കേരളത്തെ ലോകത്തിന്റെയും രാജ്യത്തിന്റെയും മുന്നിൽ കളങ്കപ്പെടുത്തി അവതരിപ്പിക്കാൻ കൂടി സിനിമ എന്ന മാധ്യമം കഴിഞ്ഞ കൊല്ലം ഉപയോഗിക്കപ്പെട്ടു എന്ന് പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം നടക്കുന്ന വേദിയിൽ വെച്ചായിരുന്നു പിണറായി വിജയൻറെ ഈ പ്രസ്താവന. കേരള സ്റ്റോറി എന്ന സിനിമയെയും കശ്മീർ ഫയൽസ് എന്ന സിനിമയെയും നിശിതമായിത്തന്നെ വിമർശിച്ചുകൊണ്ടായിരുന്നു പിണറായി വിജയൻറെ വാക്കുകൾ
മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ…
”കേരളത്തിന്റെ കഥ എന്ന് പേരിട്ട്, കേരളത്തിന്റേത് അല്ലാത്ത ഒരു കഥ, സിനിമ എന്ന മാധ്യമം വഴി ചിലർ പ്രചരിപ്പിച്ചു. മതസ്പർദ്ധ ഉണ്ടാക്കാനും സാമുദായിക ചേരിതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ശത്രുപക്ഷത്താക്കാനും ഈ സിനിമ ഉദ്ദേശിച്ചു . ലവ് ജിഹാദിന്റെ നാടാണ് കേരളം എന്ന് വരുത്തിത്തീർക്കുന്ന അസത്യാത്മകമായ ഒരു വർഗീയ സിനിമയാണിത്. കേരളത്തെ ലോകത്തിനുമുന്നിൽ കരിവാരിത്തേച്ച് അവതരിപ്പിക്കുന്ന ഒരു സിനിമ . അതിനെ സിനിമ എന്ന് വിളിക്കുന്നതുപോലും ശരിയല്ല. യഥാർത്ഥത്തിൽ അതൊരുതരം പ്രചാരണ ആയുധമാണ്, വിഷ പ്രചാരണത്തിനായുള്ള ആയുധം.
അതൊരു ഒറ്റപ്പെട്ട സംഭവമല്ല. കശ്മീരിന്റെ ഫയലുകൾ എന്നുപറഞ്ഞ്, വർഗീയ വിദ്വേഷം പരത്തുന്ന മറ്റൊരു സിനിമയും ഇതേ ഘട്ടത്തിലുണ്ടായ കാര്യം ഇപ്പോൾ പറയുകയാണ്. സിനിമയെ ഒരു കലാരൂപം എന്ന നിലയ്ക്കല്ലാതെ വിദ്വേഷ പ്രചാരണായുധമായി ഉപയോഗിക്കുന്ന രീതി വർധിച്ചുവരുന്നുണ്ട്. അതുണ്ടാക്കുന്ന കാലുഷ്യത്തെ കഴുകി കളഞ്ഞ്, നന്മയുടെയും, സഹോദര്യത്തിന്റെയും, മതേതരത്വത്തിന്റെയും തെളിമയുറ്റ നാട് അതാണ് കേരളം. ആ കേരളത്തിന്റെ പ്രതിച്ഛായ ഇവിടുത്തെ ചലച്ചിത്ര പ്രവർത്തകർ ശ്രദ്ധിച്ചാൽ, അത് നാടിനുവേണ്ടി ചെയ്യുന്ന ഏറ്റവും നല്ല കാര്യമാണ് ,” എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
”ഒരു വശത്ത് സമൂഹം ഏതൊക്കെ ഇരുട്ടിനെ മറികടന്നാണോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയത്. ആ കാലവും അതിന്റെ ജീർണതകളുമാണ് വാഴ്ത്തപ്പെടേണ്ടത് എന്ന നിലയ്ക്കുള്ള ജനസമ്മതി സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മറുവശത്ത് ഏതൊക്കെ നവോത്ഥാന മൂല്യങ്ങളാണോ പുതിയ നൂറ്റാണ്ട് സൃഷ്ടിച്ചത് ആ നന്മയുടെ വെളിച്ചമാകെ തല്ലിക്കെടുത്തുന്നതിനോട് സഹകരിക്കാൻ ജനമനസ്സുകളെ പാകപ്പെടുത്തുന്നു. ഇങ്ങനെ രണ്ടുവിധത്തിൽ സിനിമ എന്ന മാധ്യമ ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇതിനൊക്കെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ട് . ദുർമന്ത്രവാദവും നരബലിയും വരെ വിഷയമാകുന്ന, അല്ലെങ്കിൽ വാഴ്ത്തപ്പെടുന്ന സിനിമകളുണ്ടാകുന്നു. ഇത് സമൂഹത്തിൽ പരത്തുന്ന ഇരുട്ട് എത്രമാത്രമാണെന്നത് നിങ്ങളുടെ ചിന്തയ്ക്കു വിടുകയാണ്.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.