മികച്ച അഭിനേത്രി എന്നതിലുപരി നല്ലൊരു വ്യക്തിയെന്നാണ് ബോളിവുഡ് ലോകം കാജോളിനെ വിളിക്കുന്നത്. രസകരമായ സംസാരരീതിയും, തമാശയും കളിചിരിയുമൊക്കെയായി ആര്‍ക്കും ഇഷ്ടപ്പെടുന്ന സ്വഭാവം. എന്നാല്‍ ഇതിനൊക്കെ പിന്നില്‍ തന്റെ അമ്മയാണെന്ന് കാജോള്‍ പലതവണ പറഞ്ഞിട്ടുണ്ട്. അധ്യാപക ദിനത്തില്‍ തന്നെ ജീവിക്കാന്‍ പഠിപ്പിച്ച അമ്മയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ് കാജോള്‍.
പലപ്പോഴായി നല്‍കിയ ഇന്റര്‍വ്യൂകളില്‍ നിന്നും അമ്മയെപ്പറ്റി പറയുന്ന ക്ലിപ്പുകള്‍ ചേര്‍ത്തുവച്ച വിഡിയോ കാജോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ‘അമ്മ എപ്പോഴും എന്റെ സൈഡിലായിരുന്നു. എനിക്കത് കുഞ്ഞുനാള്‍ മുതല്‍ക്കേ അറിയാമായിരുന്നു. അമ്മ എപ്പോഴും പറയുമായിരുന്നു, മോളേ ഞാന്‍ നിന്റെ പുറകില്‍ തന്നെയുണ്ട്. നീ വീണാല്‍ ഞാന്‍ നിന്റെ കൈ പിടിച്ച് എഴുന്നേല്‍പ്പിക്കും. പക്ഷേ വീഴുന്നതും, മുറിവേല്‍ക്കുന്നതും, വേദന സഹിക്കുന്നതുമൊക്കെ നിനക്ക് ഒറ്റയ്ക്ക് ചെയ്യേണ്ടിവരും’. കാജോള്‍ വിഡിയോയില്‍ പറയുന്നുണ്ട്.
‘കുട്ടിക്കാലത്ത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ അമ്മ മാത്രമായിരുന്നു വിളിക്കാന്‍ വരാത്തത്. എനിക്കൊരു ചോയിസ് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ സന്തോഷത്തോടെ വിളിക്കാന്‍ വന്നേനെ പക്ഷേ ജോലി ചെയ്യാതെ പറ്റില്ലല്ലോ എന്നാണ് അമ്മ പറയുന്നത്’. ഇതെല്ലാം തനിക്കു ഓരോ പാഠങ്ങളായിരുന്നുവെന്ന് കാജോള്‍ പറയുന്നു.
View this post on Instagram
കാജോളിന്റെ അഭിപ്രായത്തില്‍ സ്വന്തം അമ്മ മാത്രമല്ല, അമ്മൂമ്മയും അവരുടെ അമ്മയുമെല്ലാം അടിപൊളി ആയിരുന്നു. അവരെപ്പോലെ നല്ല സ്ത്രീകള്‍ ഉണ്ടായിരുന്ന ഗ്രാമത്തിലാണ് താന്‍ ജനിച്ചുവളര്‍ന്നതെന്നും ആ ശക്തരായ സ്ത്രീകളെ കണ്ടാണ് ഇങ്ങനെ ബോള്‍ഡ് ആയി മാറാന്‍ കഴിഞ്ഞതെന്നും കാജോള്‍ സോഷ്യല്‍മീഡിയയില്‍ എഴുതി. ‘സ്‌കൂളില്‍ പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ നിങ്ങളോരോരുത്തരുമാണ് എനിക്ക് പഠിപ്പിച്ചു തന്നത്’. അതുപോലെ തന്നെ പെര്‍ഫെക്ട് ആവേണ്ടതില്ലെന്നും നമ്മുടെ ചെറിയ കുറവുകളാണ് ഓരോരുത്തരെയും ഭംഗിയുള്ളവരാക്കുന്നതെന്നും മുത്തശ്ശി പറഞ്ഞതായി കാജോള്‍ ഓര്‍ക്കുന്നു. താന്‍ ഇപ്പോള്‍ നല്ലൊരു അമ്മയായിരിക്കുന്നതിനുള്ള ക്രെഡിറ്റും സ്വന്തം അമ്മയ്ക്കു തന്നെയാണ് കാജോള്‍ നല്‍കുന്നത്. ജീവിക്കാന്‍ പറഞ്ഞുതന്ന അമ്മയ്ക്ക് ടീച്ചേഴ്‌സ് ഡേ ആശംസകള്‍ നേരുകയാണ് കാജോള്‍.
അതേസമയം, കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തില്‍ കജോള്‍ നായികയായി എത്തുന്നുണ്ട്. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകന്‍ . കജോള്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാനും അഭിനയിക്കുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രമാണിത്.ആദ്യമായാണ് പൃഥ്വിരാജും കജോളും ഒന്നിക്കുന്നത്.
കശ്മീര്‍ തീവ്രവാദത്തെ ആസ്പദമാക്കിയുള്ള ചിത്രം ഇമോഷണല്‍ ത്രില്ലറായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കജോളിന്റെ മകന്റെ വേഷത്തിലായിരിക്കും ഇബ്രാഹിം സിനിമയിലേക്കെത്തുന്നത്. അയ്യ, ഔറംഗസീബ്, നാം ഷബന എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ സെല്‍ഫിയുടെ സഹനിര്‍മാതാവായിരുന്നു പൃഥ്വിരാജ്. കരണ്‍ ജോഹറാണ് ചിത്രം നിര്‍മിച്ചത്.