സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് നവ്യ നായർ. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിലും സജീവമാണ് നടി. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് നവ്യ തന്റെ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. കോയമ്പത്തൂരിൽ ഒരു ഡാൻസ് പ്രോഗ്രാമിനായുള്ള യാത്രയുടെ വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. ട്രെയിനിലാണ് നവ്യ യാത്ര ചെയ്തത്.

ആദ്യം അച്ഛന്റെ കൂടെ കാറിൽ പോകാനായിരുന്നു വിചാരിച്ചതെങ്കിലും അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ആ തീരുമാനം പിന്നീട് മാറ്റുകയായിരുന്നു എന്നാണ് നവ്യ പറഞ്ഞത്. ഫ്‌ളൈറ്റും ഇല്ലാത്ത സാഹചര്യമായതിനാലാണ് ട്രെയിനിൽ പോകാമെന്നു തീരുമാനിച്ചത്. ഏതാണ്ട് ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് താൻ ട്രെയിനിൽ യാത്ര ചെയ്യുന്നതെന്നാണ് നവ്യ പറയുന്നത്. അതോടൊപ്പം പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ ഇഷ്ടം എന്ന സിനിമയുടെ വസ്ത്രങ്ങൾ മേടിക്കാൻ ട്രെയിനിൽ പോയിരുന്നെന്നും നവ്യ പറഞ്ഞു.

തന്റെ ജീവിതം മാറ്റിമറിച്ച യാത്ര ആയിരുന്നു അന്നത്തെ ആ യാത്ര എന്നാണ് നവ്യ പറഞ്ഞത്. അന്ന് ധന്യ എന്ന പേരിൽ നിന്ന് നവ്യ എന്ന പേരിലേക്കെത്തിയെന്നും നടി പറഞ്ഞു. അന്ന് ആ യാത്രയിൽ തനിക്ക് എതിരെയുള്ള ബർത്തിൽ ഇരുന്ന ചേട്ടൻ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. രാവിലെ പല്ലു തേച്ച് ഇറങ്ങാൻ നിൽക്കുമ്പോൾ ആ ചേട്ടൻ ഒരു പേപ്പറിൽ ഫോൺ നമ്പർ എഴുതി തന്നുവെന്നാണ് നവ്യ പറയുന്നത്.

അത് തന്റെ നമ്പർ ആണെന്നും അതിലേക്ക് വിളിക്കണമെന്നും അയാൾ തന്നോട് പറഞ്ഞെന്നാണ് നവ്യ പറഞ്ഞത്. താൻ പേടിച്ചുകൊണ്ട് ആ പേപ്പർ മേടിക്കുകയും ചെയ്തു. കായംകുളത്ത് എത്തി തങ്ങളുടെ കാറിൽ കയറിയ ശേഷം ഗ്ലാസിന് പുറത്തൂടെ ആ പേപ്പർ പുറത്തേക്ക് വലിച്ചെറിഞ്ഞെന്നാണ് നവ്യ പറഞ്ഞത്. എന്തായലും നവ്യയുടെ ട്രെയിൻ യാത്രയും വിശേഷങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

കുറച്ച് ദിവസങ്ങൾ മുൻപ് നവ്യ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നവ്യ കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്ന ഒരു വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുട്ടികളെ പഠിപ്പിക്കുമ്പോഴാണ് സന്തോഷം കിട്ടുന്നതെന്നാണ് നവ്യ വീഡിയോ പങ്കുവെച്ച് കുറിച്ചത്. വളരെ കുറച്ച് കുട്ടികളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടാണ് നവ്യ ഡാൻസ് ക്‌ളാസ് തുടങ്ങിയത്.

