കഴിഞ്ഞ ദിവസം രജനീകാന്ത് നായകനായി എത്തിയ ഹിറ്റ് ചിത്രം ജയിലറിന്റെ ഗംഭീര വിജയത്തെ തുടർന്ന് രജനികാന്തിന് പ്രതിഫലത്തിന് പുറമെ സണ്‍ പിക്ചേഴ്സ് ലാഭവിഹിതം കൈമാറിയതും ബിഎംഡബ്യൂ എക്സ് 7 കാർ സമ്മാനിച്ചതും വലിയ വാർത്തയായിരുന്നു.ഇപ്പോൾ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാറിനും സമ്മാനം നല്‍കിയിരിക്കുകയാണ് സണ്‍ പിക്ചേഴ്സ്.
To celebrate the grand success of #Jailer, Mr.Kalanithi Maran presented the key of a brand new Porsche car to @Nelsondilpkumar #JailerSuccessCelebrations pic.twitter.com/kHTzEtnChr
— Sun Pictures (@sunpictures) September 1, 2023
നെല്‍സണ് ചെക്ക് നല്‍കുന്നതിന്‍റെ ചിത്രം സണ്‍ പിക്ചേഴ്സ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട് .ലാഭവിഹിതം മാത്രമല്ല ഒരു ആഡംബര കാറും നല്‍കിയിട്ടുണ്ട്.രജനികാന്തിനെപ്പോലെ നല്‍കിയിരിക്കുന്നതില്‍ നിന്ന് ഇഷ്ട കാര്‍ തെരഞ്ഞെടുക്കാനുള്ള അവസരം നെല്‍സണും നല്‍കിയിരുന്നു.ഇതിൽ നിന്നും പോര്‍ഷെയുടെ മക്കാന്‍ എസ് എന്ന മോഡലാണ് നെല്‍സണ്‍ തെരഞ്ഞെടുത്തത്. 1.44 കോടിയാണ് ഇതിന്‍റെ വില.
രജനി സമ്മാനമായി കൈപ്പറ്റിയ ബിഎംഡബ്ല്യു എക്സ് 7 ന്‍റെ വില 1.24 കോടിയാണ്. 1.95 കോടി വിലവരുന്ന ബിഎംഡബ്ല്യുവിന്‍റെതന്നെ ഐ 7 തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നപ്പോഴാണ് രജനി 1.24 കോടിയുടെ കാര്‍ സ്വീകരിച്ചത്.നേരത്തെ കൈമാറിയ ലാഭവിഹിത തുക എത്രയാണെന്ന വിവരങ്ങൾ ലഭിച്ചിട്ടില്ല. ചിത്രത്തിൽ അഭിനയിച്ചതിന് രജനികാന്തിന് 110 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സമീപ ദിവസം പ്രദർശനത്തിന് എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.നൂറ് കോടി രൂപക്ക് നെറ്റ്ഫ്ലിക്സാണ് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഒടിടി റിലീസ് തീയതി ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം ഇറങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ .നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ റിലീസായി പതിനാല് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും സണ്‍നെസ്റ്റ് സിനിമ പുറത്തിറക്കുന്നത്.
ആദ്യ ദിനത്തില്‍ നൂറുകോടിക്ക് അടുത്താണ് ജയിലര്‍ കളക്ഷന്‍ നേടിയത്. റിപ്പോർട്ടുകൾ പ്രകാരം റിലീസ് ചെയ്ത് 15 ദിവസം പിന്നിടുമ്പോൾ വേൾഡ് വൈഡായി 525 കോടിയാണ് ആഗോള തലത്തിൽ ജയിലര്‍ നേടിയിരിക്കുന്നത്.തിയറ്ററുകളിൽ ഇപ്പോഴും ഹിറ്റായി പ്രദർശനം തുടരുന്ന ചിത്രം വാരാന്ത്യത്തോടെ 550 കോടിയും പിന്നിടും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
മോഹന്‍ലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലർ.ജയിലറിനും രജനീകാന്തിനുമൊപ്പം മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാവുകയാണ്. 10 മിനിറ്റോളം നേരമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമുള്ളത്. എന്നാല്‍ മിനിറ്റുകള്‍കൊണ്ട് താരം തിയറ്ററിനെ പൂരപ്പറമ്പാക്കി എന്നാണ് കമന്റുകള്‍. കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാർ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി,സുനിൽ, രമ്യ കൃഷ്ണൻ, എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്.

