കഴിഞ്ഞ ദിവസം മരണപ്പെട്ട സീരിയൽ നടി അപർണ നായരുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സഞ്ജിത്തിനെ പൊലിസ് ചോദ്യം ചെയ്തു.മരണദിവസം ഉച്ചയ്ക്ക് രണ്ടുപേരും മദ്യപിച്ചുവെന്നും ഇതിനിടയിൽ വാക്കു തർക്കമുണ്ടായെന്നുമാണ് സഞ്ജിത്ത് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കൂടാതെ വാക്കു തർക്കത്തിനിടെ കുപ്പിയെടുത്ത് സഞ്ജിത്തിന്റെ തലക്കടിച്ചുവെന്നും ഉപദ്രവം സഹിക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോൾ മൂന്നു വയസ്സുകാരിയായ കുഞ്ഞിനെയും കൂട്ടി പുറത്തുപോയെന്നും സഞ്ജിത്ത് മൊഴിയിൽ പറയുന്നുണ്ട്.കഴിഞ്ഞ ദിവസമായിരുന്നു സിനിമ സീരിയൽ താരം അപർണ നായരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരമനയിലെ വീട്ടിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ തൂങ്ങി മരിച്ച നിലയിലാണ് അപർണയുടെ മൃതദേഹം കണ്ടെത്തിയത്.ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയുമാണ് നടിയുടെ മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കൾ പറയുന്നത്. നടിയുടെ മരണത്തിൽ അസ്വാഭാവികത ഉള്ളതുകൊണ്ട് പോലീസ് കേസെടുത്തയ അന്വേഷണം ആരംഭിക്കുകയായിരുന്നു.
അപർണ മരിക്കുന്ന സമയത്ത് അമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അപർണ തൂങ്ങി നിൽക്കുന്നതായി ‘അമ്മ ബീന സഹോദരി ഐശ്വര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു. ഐശ്വര്യയും ബന്ധുക്കളും അപർണയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിക്കുന്നതിന് മുൻപ് അപർണ അമ്മയ്ക്ക് മെസേജ് അയച്ചിരുന്നു. കൂടാതെ അമ്മയെ വീഡിയോ കോൾ ചെയ്ത് വിഷമങ്ങൾ അമ്മയോട് പറയുകയും ചെയ്തിരുന്നു. അമ്മയോട് താൻ പോകുകയാണെന്നായിരുന്നു അപർണ പറഞ്ഞിരുന്നത്.മാത്രമല്ല മരണം നടക്കുന്നതിന് കുറച്ച് ദിവസങ്ങൾക്കുമുമ്പ് ജീവിതത്തിൽ ഒറ്റപ്പെടലുകൾ അനുഭവിച്ചിരുന്നുവെന്ന് മനസിലാക്കും വിധത്തിലുള്ള പോസ്റ്റാണ് അവസാന നിമിഷം നടി സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തിരിക്കുന്നത്.മാനസികമായി നടി വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നുവെന്നാണ് ഈ പോസ്റ്റിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.
അപർണ നായരെക്കുറിച്ച് പറഞ്ഞുകൊണ്ട് സംവിധായകൻ അജിതൻ രംഗത്ത് എത്തിയിരുന്നു .നല്ല സ്വഭാവത്തോടെയും പക്വതയോടെയും എല്ലാവരോടും നന്നായി പെരുമാറുന്ന, നന്നായി അഭിനയിക്കുന്ന അഭിനേത്രിയായിരുന്നെന്നും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി തന്നോട് പറഞ്ഞിരുന്നെന്നും
അജിതൻ പറയുന്നു.അപർണ ആദ്യമായി നായികയായി അഭിനയിച്ച ‘നല്ല വിശേഷം’ എന്ന സിനിമയുടെ സംവിധായകനാണ് അജിതൻ.
‘മേഘതീർഥ’ത്തിലൂടെ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘കൽക്കി’, ‘അച്ചായൻസ്’, ‘മുദ്ദുഗൗ’ എന്നീ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം ‘ആത്മസഖി’, ‘ചന്ദനമഴ’, ‘ദേവസ്‍പർശം’, ‘മൈഥിലി വീണ്ടും വരുന്നു’ തുടങ്ങിയ സൂപ്പർ ഹിറ്റ് മലയാളം സീരിയലുകളിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി അപർണ മാറിയത്.