ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയം ശീലമാക്കൂ; കണ്ണുമടച്ചു വിശ്വസിക്കാതെ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കൂ:നടന്‍ കൃഷ്ണകുമാര്‍

0
201

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചതില്‍ പ്രതികരണവുമായി നടന്‍ കൃഷ്ണകുമാര്‍.പുതിയ പാര്‍ലമെന്റ് മന്ദിരം നാടിന് സമര്‍പ്പിച്ച സംഭവത്തില്‍ ഒട്ടേറേ വിവാദങ്ങളും പ്രതിഷേധങ്ങളുമുണ്ടായിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് പാര്‍ലമെന്റ് ഉദ്ഘാടനം നടത്തിയത്.

ബഹിഷ്‌കരണ നാടകം നടത്തി സ്വയം അപഹാസ്യരായിത്തീര്‍ന്ന എന്റെ കോണ്‍ഗ്രസ്സ് / കമ്മി സഹോദരങ്ങളോട് ഒരു വാക്ക്. ഇനിയെങ്കിലും ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയം ശീലമാക്കൂ. നിങ്ങളുടെ നേതൃത്വങ്ങള്‍ പറയുന്നത് കണ്ണുമടച്ചു വിശ്വസിക്കാതെ യാഥാര്‍ഥ്യങ്ങള്‍ നേരിട്ട് മനസിലാക്കൂ എന്നാണ് നടന്‍ കൃഷ്ണ കുമാര്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

അഭിമാനവും സന്തോഷവും ശുഭപ്രതീക്ഷകളും കൊണ്ട് മനസ്സുനിറച്ച ഒരു ദിവസമായിരുന്നു ഇന്ന്. എനിക്കുമാത്രമല്ല, ഭാരതമെന്ന വികാരം ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ള എല്ലാവര്‍ക്കും അങ്ങനെത്തന്നെയായിരിക്കുമെന്നുറപ്പ്. ഏറ്റവും സ്‌നേഹവും ആദരവും തോന്നുന്നത് അവരോടാണ് തിരഞ്ഞെടുപ്പുകളില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് കണിശമായും വോട്ടുചെയ്തുവരുന്ന എന്റെ മലയാളി സുഹൃത്തുക്കള്‍ക്ക്. ഇന്ന് നമ്മുടെ ദിവസമാണ്. വിജയദിവസം.

ബഹിഷ്‌കരണ നാടകം നടത്തി സ്വയം അപഹാസ്യരായിത്തീര്‍ന്ന എന്റെ കോണ്‍ഗ്രസ്സ് / കമ്മി സഹോദരങ്ങളോട് ഒരു വാക്ക്. ഇനിയെങ്കിലും ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയം ശീലമാക്കൂ. നിങ്ങളുടെ നേതൃത്വങ്ങള്‍ പറയുന്നത് കണ്ണുമടച്ചു വിശ്വസിക്കാതെ യാഥാര്‍ഥ്യങ്ങള്‍ നേരിട്ട് മനസിലാക്കൂ. ഒരു കാലത്ത് 414 സീറ്റുകള്‍ (സഹതാപതരംഗം കൊണ്ടാണെങ്കില്‍പ്പോലും) നേടാനായ ഒരു പാര്‍ട്ടി, ഇന്നിപ്പോള്‍ വെറും 51 എണ്ണത്തില്‍ ഒതുങ്ങി വീര്‍പ്പുമുട്ടുന്നതെന്തുകൊണ്ടാണ്? സ്‌നേഹത്തിന്റെ കട തുറന്നുവെച്ചിരിക്കുന്നവരോടാണ് ചോദ്യം. ബഹിഷ്‌കരിച്ചുകൊണ്ടാണോ സ്‌നേഹത്തിന്റെ കച്ചവടം നടത്തുന്നത്? ആന്ധ്രയിലെ ഒരുദാഹരണം നോക്കൂ, നിങ്ങള്‍ക്കവിടെ ഇപ്പോഴൊരു പഞ്ചായത്ത് പ്രസിഡന്റുപോലുമുണ്ടോ എന്ന് സംശയമാണ്. ബാക്കി സംസ്ഥാനങ്ങളിലെ നിങ്ങളുടെ അവസ്ഥയെപ്പറ്റി വേറൊരു കുറിപ്പ് ഞാന്‍ വരും ദിവസങ്ങളില്‍ ഇടാം. ബഹിഷ്‌കരിച്ചു ബഹിഷ്‌കരിച്ച് എത്രനാളിങ്ങനെ മുന്നോട്ടുപോകും?

സി പി എം കാരുടെ കാര്യമാണ് ദയനീയം. ഈക്കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍ നാലിടത്ത് മത്സരിച്ചു മൂന്നിടത്തും ആയിരത്തില്‍ താഴെ, ചഛഠഅ ക്കും പിന്നിലെത്തി കരുത്തുതെളിയിച്ച കൂട്ടരാണവര്‍. അവരുമുണ്ട്, പക്ഷെ ബഹിഷ്‌കരിക്കാന്‍. അടുത്തിടെ രസികനായ ഒരു സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് ആദ്യം ഓര്‍മ്മ വന്നത്. ആഗോളഭീമന്മാരെന്നു സ്വയം കരുതുന്ന ഇവര്‍, പക്ഷെ ലോക് സഭയില്‍ നമ്മുടെ മാരുതിയുടെ വാഗണ്‍ ആറിനേക്കാളും ചെറുതാണത്രേ. കാരണം ഈ കുഞ്ഞന്‍ കാറിനുപോലുമുണ്ട് ഇവരെക്കാളും കൂടുതല്‍ സീറ്റ് 5 എണ്ണം!

539 സീറ്റുകള്‍ നിലവിലുള്ള സഭയില്‍ ബി ജെ പിക്ക് മാത്രം ഉള്ളത് 301. ബഹിഷ്‌കരണം, നിസ്സഹകരണമെന്നൊക്കെപ്പറഞ്ഞ് മാറിനിന്നാല്‍ അത് ഞങ്ങളെ ബാധിക്കാനേ പോകുന്നില്ല എന്നതല്ലേ സത്യം? മുഖ്യധാരയില്‍നിന്നു മാറിനിന്നാല്‍ നഷ്ടമാര്‍ക്കാണ്? നിങ്ങള്‍ക്കുതന്നെ. ചിന്തിക്കൂ.

വാക്കുപാലിക്കുന്ന, പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്തുകാണിക്കുന്ന ഒരു സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. മഹാമാരിയുടെ കാലത്ത് ഒരു ബില്യണ്‍ ഇന്ത്യക്കാരെ ഒന്നല്ല, രണ്ടുവട്ടം വാക്സിനേഷന്‍ ചെയ്യിച്ച, കെടുതിയിലായിപ്പോയ അയല്‍ രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കി ജീവന്‍ രക്ഷിച്ച, 112 മില്യണ്‍ സ്വച്ഛ് ഭാരത് ടോയ്ലറ്റുകള്‍ നിര്‍മ്മിച്ച, 50000 കിലോമീറ്റര്‍ ഹൈവേകള്‍ പുതുതായി ഉണ്ടാക്കിയ, ജമ്മു കാശ്മീരിനെ വീണ്ടും പറുദീസയാക്കി മാറ്റാനാരംഭിച്ച, അങ്ങനെ അസാധ്യമെന്നു തോന്നിപ്പിക്കുന്ന ഒരായിരം ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയ ഒരാള്‍ക്ക് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ശ്രീ. മോദിജിക്ക് നിങ്ങളീ ബഹിഷ്‌കരണ നാടകവുംകൊണ്ടിരുന്നാലും എന്തുതന്നെയായാലും വേണമെന്നുറപ്പിച്ച, ജനങ്ങള്‍ക്ക് വാക്കുനല്‍കിയ ബാക്കി വാഗ്ദാനങ്ങളും പാലിക്കുക എന്നത് ജഗന്നാഥനോ ഇന്ദുചൂഢനോ വെറും പൂ പറിക്കുന്നതുപോലെ നിസ്സാരമായി, നിഷ്പ്രയാസം ചെയ്യാവുന്ന കാര്യമാണ്. നമ്മള്‍ തുടങ്ങിയിട്ടേ ഉള്ളൂ!

ഇന്ദുചൂഢന്റെ കാര്യം പറഞ്ഞുകൊണ്ടുതന്നെ അവസാനിപ്പിക്കാം. ഇന്ദുചൂഢന്റെ, സാക്ഷാല്‍ ശ്രീ മഹാദേവന്റെ ആജ്ഞയനുസരിച്ച് അങ്ങേക്ക് രാജ്യം ഭരിക്കാം. ഒരു ജനത മുഴുവനും അങ്ങേയ്ക്കു പിന്നില്‍ ഉണ്ട്. ഉറപ്പോടെ, അഭിമാനത്തോടെ.

അതേസമയം,. ഇന്ത്യാക്കാര്‍ക്ക് അഭിമാന നിമിഷം എന്നാണ് ഉണ്ണി മുകുന്ദന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. പാര്‍ലമെന്റിന്റെ ഫോട്ടോകള്‍ ഉള്‍പ്പടെയായിരുന്നു ഉണ്ണി മുകുന്ദന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.’ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും നിമിഷം’, എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്. #NewParliamentHouse എന്ന ഹാഷ്ടാഗും ഉണ്ണി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

അതേസമയം, ഇന്ന് രാവിലെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ ചെങ്കോല്‍ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തി പാര്‍ലമെന്റ് മന്ദിരത്തിന്‍രെ ഉദ്ഘാടനം നിര്‍വഹിച്ചു. 2020 ലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. 2022ല്‍ പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 899 ദിവസങ്ങളാണ് നിര്‍മ്മാണത്തിന് എടുത്തത്. 21 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാര്‍ലമെന്റ് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്.

1200 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാര്‍ലമെന്റ് കെട്ടിടമാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അധികാരകൈമാറ്റത്തിന്റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പ്രധാനമന്ത്രി തന്നെ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു. ശേഷം ഫലകം അനാച്ഛാദനം ചെയ്ത് പാര്‍ലമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അതേസമയം, കോണ്‍ഗ്രസും ഇടത് പക്ഷവും, ആംആദ്മി പാര്‍ട്ടിയുമടക്കം 21 കക്ഷികള്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്നു.

മതേതര രാജ്യത്ത് ഹൈന്ദവാചാര പ്രകാരം പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ച് തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്‌മണസംഘവുമായി പ്രധാനമനത്രി ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന സമാജ് വാദി പാര്‍ട്ടി വിമര്‍ശിച്ചു. എന്ത് പാടില്ലെന്നാണോ ഭരണഘടന പറയുന്നത് അത് നടന്നുവെന്ന് മോദിയും സന്ന്യാസിമാരുമായുള്ള ചിത്രം പങ്കുവച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റിനെ ശവപ്പെട്ടിയോട് ഉപമിച്ച് ആര്‍ജെഡി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.അതേ സമയം ചെങ്കോലിനെ അനുകൂലിച്ചും, എതിര്‍ത്തുമുള്ള വാദങ്ങളെ അംഗീകരിച്ച ശശി തരൂര്‍ എം പി വര്‍ത്തമാനകാല മൂല്യങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ചെങ്കോലിനെ സ്വീകരിക്കാമെന്ന് ട്വീറ്റ് ചെയ്തു.

അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here