ജീവിതത്തില്‍ എനിക്ക് ശത്രുക്കളില്ലെന്ന് നടനായ പ്രമോദ് വെളിയനാട്. മൂവി വേള്‍ഡ് മീഡിയ നടത്തിയ സിനിമയല്ല ജീവിതം എന്ന പരിപാടിയിലൂടെയാണ് താരം ഇക്കാര്യം പുറത്തുപറഞ്ഞത്.
പ്രമോദ് വെളിയനാടിന്റെ വാക്കുകള്‍….
എന്റെ ശത്രു ഞാന്‍ തന്നെയാണ്. എന്റെ നാക്ക് തന്നെയാണ്. പക്ഷേ അതിന്റെ ആഗ്രഹംകൊണ്ട് പറഞ്ഞുപോകുന്നതാണ്. കാരണം എനിക്ക് ശത്രുക്കളായി ആരുമില്ല. കാരണം ചോദിച്ചാല്‍ കിടന്നാല്‍ അഞ്ച് മിനിട്ട് കൊണ്ട് ഉറങ്ങുന്നയാളാണ് ഞാന്‍.
ശത്രു ഉണ്ടെങ്കില്‍ എനിക്ക് അങ്ങനെ ഉറങ്ങാന്‍ സാധിക്കില്ല. എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനാ ണ് അതെന്റെ വീട്ടുകാര്‍ക്കും അറിയാവുന്ന കാര്യമാണ്. എനിക്ക് ശത്രുക്കളില്ല അതിനൊടൊപ്പം എനിക്ക് കടങ്ങളുമില്ല. മറ്റൊരാളും എന്നെക്കുറിച്ച് പരദൂഷണം പറയില്ല. കാരണം ഞാന്‍ വേറൊരാള്‍ക്കും ദോഷം ചെയ്തിട്ടില്ല. എന്നെക്കുറിച്ച് ഒരാള്‍ സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ ഞാന്‍ കാരണം അവന്‍ സന്തോഷിക്കുകയാണല്ലോ? .
‘ഞാന്‍ ആദ്യമായി നാടകത്തില്‍ അഭിനയിക്കാന്‍ പോവുകയായിരുന്നു. ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, തൊണ്ണൂറ്റിയൊന്‍പത് ആണെന്ന് തോന്നുന്നു. അന്ന് അച്ഛന് അമ്മയും എന്നോട് പറഞ്ഞു ആരോടും പറയണ്ട നാടകത്തിനു പോവുകയാണ് എന്ന്. കാരണം നാടകത്തിന് എടുത്തില്ലെങ്കിലോ എന്ന ഭയമായിരുന്നു. പക്ഷെ എല്ലാം സെറ്റായിരുന്നു, റിഹേഴ്‌സല്‍ ഒക്കെ കഴിഞ്ഞതാണ്. അന്ന് പുതയ്ക്കാന്‍ നല്ലൊരു തുണി പോലും ഇല്ലായിരുന്നു. ആ പരിസരത്തൊന്നും കറണ്ടും ഇല്ലായിരുന്നു. മണ്ണെണ്ണ വിളക്കൊക്കെ ആണ് അന്ന് കത്തിക്കുക.
അങ്ങനെ നാടക സ്ഥലത്തു ചെന്നു, മുതലാളിയുടെ വീട്ടിലാണ്. അവിടെ മൂന്ന് കട്ടിലും ഒരു സെറ്റിയും ഒക്കെയുണ്ടായിരുന്നു. അതിലൊക്കെ വലിയ വലിയ നടന്‍മാര്‍ കിടക്കുകയാണ്. ഞാന്‍ നിലത്താണ് കിടന്നത്. അന്ന് രാത്രിയായപ്പോള്‍ ഫാന്‍ ഇട്ടു. എനിക്കങ്ങോട്ട് തണുക്കാന്‍ തുടങ്ങി, തണുത്തിട്ട് കിടക്കാന്‍ പറ്റാതായി. നമ്മള്‍ക്ക് ഈ ഫാനിന് ചുവട്ടിലൊന്നും കിടന്നു ശീലമില്ലല്ലോ. പാള വിശറിയൊക്കെയാണല്ലോ നമ്മള്‍ക്കുള്ളത്. അങ്ങനെ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് ഞാന്‍. മുണ്ട് ഊരി പുതച്ചാലോ എന്നുവരെ ഞാന്‍ ആലോചിച്ചു. അങ്ങനെ ഊരിയാല്‍ ബാക്കി ഉള്ളവരൊക്കെ എന്നെ കൊച്ചാക്കുമോ, ഇവനെന്താ ഇങ്ങനെ കിടക്കുന്നത് എന്നൊക്കെ അവര്‍ ചിന്തിക്കില്ലെ എന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.
ഒരു ദാരിദ്ര്യത്തിന്റെ കൂട്ടത്തിലേക്കു നമ്മളെ പെടുത്തുമോ എന്ന് ഞാന്‍ വിചാരിച്ചു, അതായിരുന്നു സത്യമെങ്കിലും. അങ്ങനെ ഞാന്‍ കുറെ നേരം കണ്ണടച്ചിരുന്നു. കുറച്ചുകഴിഞ്ഞു നാലര ഒക്കെ ആയപ്പോ ആരോ ലൈറ്റ് ഇട്ടു, ബാത്റൂമില്‍ പോകാനായിട്ട്. അപ്പോള്‍ നോക്കിയപ്പോളാണ് കണ്ടത്, ഞാനൊഴികെ ബാക്കിയെല്ലാവരും മുണ്ടൂരി പുതച്ചു കിടക്കുകയാണ്. അതാണ് ഞാന്‍ പറയുന്നത് അന്നൊക്കെ അങ്ങനെയുള്ള പല തോന്നലുകളാണ്, ഇന്നാണെങ്കില്‍ അതിനൊന്നുമൊരു കുഴപ്പവും ഇല്ല.”