ഫോട്ടോഗ്രാഫറും ചലച്ചിത്ര ചരിത്രകാരനുമായ ആർ ഗോപാലകൃഷ്ണന്റെ ”അതിമധുരം ” എന്ന പുസ്തകം പ്രകാശനം ചെയ്തു. നടൻ മധുവിന്റെ ചലച്ചിത്രകാലം അടയാളപ്പെടുത്തുന്ന പുസ്തകം അദ്ദേഹത്തിൻറെ തൊണ്ണൂറാം ജന്മദിനത്തിൽ മോഹൻലാൽ ആണ് പ്രകാശനം ചെയ്തത്.തിരുവനന്തപുരം ഫിലിം ഫ്രറ്റേർണിട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നവതിയാഘോഷത്തിലാണ് പുസ്തക പ്രകാശനം നടന്നത്.
മധുവിനെക്കുറിച്ചുള്ള അതിമധുരം എന്ന പുസ്തകം അടൂർ ഗോപാലകൃഷ്ണൻ, എൻ.ജി. ജോൺ, പി. ചന്ദ്രകുമാർ, സത്യൻ അന്തിക്കാട്, പ്രിയദർശൻ, ദിലീപ്, ജി. സുരേഷ് കുമാർ, സീമ, അംബിക, ജലജ, മേനക, ചിപ്പി, കല്ലിയൂർ ശശി, മധുവിന്റെ മകൾ ഉമ, ഭർത്താവ് കൃഷ്ണകുമാർ, ചെറുമകൻ വിശാഖ്, ഭാര്യ വർഷ എന്നിവരുടെ സാന്നിധ്യത്തിലാണ് മോഹൻലാൽ പ്രകാശനം ചെയ്തത്.
മലയാള സിനിമയ്ക്ക് ഒട്ടനവധി കലാമൂല്യമുള്ള സിനിമകൾ സമ്മാനിച്ച നടനാണ് മധു.സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടൻ അഭിനയ രംഗത്തേക്ക് വരുന്നത് അധ്യാപന ജോലി ഉപേക്ഷിച്ചായിരുന്നു. വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായിരുന്നു മധു, പിന്നീട് കലാപ്രവർത്തനങ്ങൾക്ക് മാറ്റിവെച്ച് ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. ശേഷം അദ്ധ്യാപകനായി ജോലി ചെയ്തു. എന്നാൽ അധികം വൈകാതെന്നെ ജോലി രാജിവച്ച് നാഷണൽ സ്‍കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിക്കാൻ പോയി. 1959ൽ നാഷണൽ സ്‍കൂൾ ഒഫ് ഡ്രാമയിലെ ആദ്യ ബാച്ചിലുള്ള ഏക മലയാളിയാണ് മധു. പിന്നീട് പഠനം പൂർത്തിയാക്കിയശേഷം സിനിമാ രംഗത്ത് സജീവമായി.
മലയാള സിനിമയിലൂടെ ആയിരുന്നില്ല മധുവിന്റെ സിനിമ അരങ്ങേറ്റം. ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെ ആയിരുന്നു മധു സിനിമയിലെത്തിയത്. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു എന്ന് ആദ്യമായി വിളിച്ചത്. മധു ആദ്യമായി അഭിനയിച്ച മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടത്തിലാണെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർ നിർമിച്ച് എൻ.എൻ.പിഷാരടി സംവിധാനം ചെയ്‍ത നിണമണിഞ്ഞ കാൽപാടുകൾ എന്ന സിനിമയായിരുന്നു. ഈ ചിത്രത്തിൽ പ്രേംനസീറിന്റെ നായക കഥാപാത്രത്തിനൊപ്പം നിൽക്കുന്ന പ്രകടനം മധു കാഴ്ചവെച്ചിരുന്നു. നടൻ സത്യനുവേണ്ടി മാറ്റിവച്ചിരുന്ന കഥാപാത്രമായിരുന്നു അന്ന് മധു എന്ന പുതിയ നടൻ അഭിനയിച്ച് മികച്ച അഭിപ്രായം നേടിയത്. എക്കാലവും ശ്രദ്ധനേടിയ കഥാപാത്രങ്ങളിലൊന്നായിരുന്നു അത്.