തമിഴ് സിനിമാലോകത്തെ പ്രധാന ചർച്ച വിഷയമാണ് വിജയ്,രജനീകാന്ത് ആരാധകർ തമ്മിലുള്ള വാക്ക്പോരുകൾ.തമിഴകത്ത് ആരാണ് യഥാർത്ഥ സൂപ്പർസ്റ്റാർ എന്ന് തെളിയിക്കുന്നതിനായി വലിയ രീതിയിലുള്ള കടന്നാക്രമണങ്ങളാണ് ഇതിന്റെ പേരിൽ പലപ്പോഴും നടന്നിട്ടുള്ളത്. ഇതിനിടയിൽ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ആരാധകനും നടനുമായ മീശ രാജേന്ദ്രൻ.വിജയ് നായകനാകുന്ന ലിയോ രജനികാന്തിന്റെ ജയിലറിന്റെ കളക്ഷൻ മറികടന്നാല്‍ മീശ വടിക്കും എന്നാണ് നടൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് നടൻ കടുത്ത പ്രഖ്യാപനം എടുത്തത്.രജനികാന്തും വിജയ്യും തമ്മിൽ ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നും ഇവര്‍ തമ്മില്‍ മത്സരം ഉണ്ടെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ലെന്നും രാജേന്ദ്രൻ പറയുന്നു. രജനികാന്തിന്റെ ജയിലര്‍ നേടിയ കളക്ഷൻ ലിയോ മറികടന്നാല്‍ തന്റെ മീശ വടിക്കുമെന്നും നടൻ അഭിമുഖത്തിനിടയിൽ വ്യക്തമാക്കി.വിജയ് സൂപ്പര്‍ സ്റ്റാര്‍ എന്ന തരത്തിലുള്ള പോസ്റ്ററുകൾ തന്നെ ചൊടിപ്പിച്ചതുകൊണ്ടാണ് ഇത്തരത്തിലൊരു പ്രഖ്യാപനം എടുക്കുന്നതെന്നും നടൻ പറഞ്ഞു.
എന്തായാലും നടന്റെ വെല്ലുവിളി തമിഴകത്ത് വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ് .വിജയ് ആരാധകർ വെല്ലുവിളിയായാണ് പുതിയ പ്രഖ്യാപനത്തെ ഏറ്റെടുത്തിരിക്കുന്നത്.
രജനികാന്തിന്റെ ‘കാക്ക- പരുന്ത്’പരാമർശം വലിയ വിമർശങ്ങനൾക്ക് വഴിയൊരുക്കിയിരുന്നു.ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് രജനീകാന്ത് സംസാരിച്ച വാക്കുകളാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.”പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും.പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും.എന്നാല്‍ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും.കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരൻ തുടങ്ങും .കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല.അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനി പറഞ്ഞു.നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകാൻ ശ്രമിക്കണം -”എന്ന വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.ഇതിനുപിന്നാലെ മധുരയിൽ വിജയ് ആരാധകർ പതിപ്പിച്ച പോസ്റ്റർ രജനികാന്ത് ആരാധകർ വലിച്ചു കീറിയതും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു . രജനിയുടെ ഫോട്ടോ ചെറുതും വിജയ്‌യുടെ ഫോട്ടോ വലിപ്പത്തിലും ഉള്ളതായിരുന്നു പോസ്റ്റർ. പോസ്റ്ററും പരാമർശവും തമ്മിൽ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശ്നങ്ങൾ ഉണ്ടായത്.എന്തായാലും രജനി വിജയ് സൂപ്പര്‍സ്റ്റാർ താരയുദ്ധം തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം . പുതിയ വെല്ലുവിളി നടന്റെ മീശ കളയുമോ എന്ന് കണ്ടറിയണം എന്നാണ് ഒരു വിഭാഗം പറയുന്നത്