ആര്‍ഡിഎക്‌സ് റിലീസ് ചെയ്തിട്ട് അന്‍പതാം ദിവസം:മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

0
130

സൂപ്പര്‍ താരങ്ങളൊന്നും ഇല്ലാതെ എത്തി, പ്രേക്ഷ- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ചിത്രമായിരുന്നു ആര്‍ഡിഎക്‌സ്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയ യുവതാരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി നഹാസ് ഹിദായത്ത് ആണ് ആര്‍ഡിഎക്‌സ് സംവിധാനം ചെയ്തത്. ഓണം റിലീസ് ആയി ഓഗസ്റ്റ് 25ന് ആയിരുന്നു ആര്‍ഡിഎക്‌സ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ഒപ്പം വന്നവരെയും പിന്നീട് വന്നവരെയും പിന്തള്ളിക്കൊണ്ട് ആര്‍ഡിഎക്‌സ് വിജയഗാഥ രചിച്ചു. മുന്‍വിധികളെ മാറ്റി മറിച്ച ചിത്രം 100 കോടി ക്ലബ്ബിലും ഒടുവില്‍ ഇടം നേടി. ഇപ്പോഴിതാ ആര്‍ഡിഎക്‌സ് റിലീസ് ചെയ്തിട്ട് അന്‍പതാം ദിവസം പിന്നിടുകയാണ്. ഈ സന്തോഷം അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചു.

ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഫൈറ്റ് സീനുകള്‍, ഫൈറ്റ് പ്രാക്ടീസുകള്‍, ഷൂട്ടിംഗ് തുടങ്ങി എല്ലാ രംഗങ്ങളും ഉള്‍ക്കൊള്ളിച്ചുള്ളതാണ് വീഡിയോ. ഷെയ്‌നും ആന്റണിയും നീരജും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘ഈ നാഴികക്കല്ല് ആഘോഷിക്കാന്‍ ലൊക്കേഷനിലേക്ക് ഒരു തിരിഞ്ഞു നോട്ടം. ഞങ്ങളുടെ യാത്ര അവിസ്മരണീയമാക്കിയതിന് നന്ദി!’, എന്ന കുറിപ്പോടെ ആണ് ഇവര്‍ വീഡിയോ ഷെയര്‍ ചെയ്തത്.

റോബര്‍ട്ട്, റോണി, സേവ്യര്‍ എന്നീ കഥാപാത്രങ്ങളുടെ ചുരുക്കെഴുത്താണ് ആര്‍ഡിഎക്‌സ്. ഈ മൂന്ന് പേരിലൂടെയും ആണ് ചിത്രം മുന്നോട്ട് പോകുന്നത്. സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ മികച്ചൊരു അടിപ്പടം എന്ന് പ്രേക്ഷകര്‍ വിലയിരുത്തിയ ചിത്രത്തില്‍ ബാബു ആന്റണി, ലാല്‍, ഐമ, മഹിമ, വിഷ്ണു അഗസ്ത്യ, മാലാ പാര്‍വതി തുടങ്ങി നിരവധി പേര്‍ അണിനിരന്നിരുന്നു. ഏതാനും നാളുകള്‍ക്ക് മുന്‍പ് ആര്‍ഡിഎക്‌സ് ഒടിടിയില്‍ എത്തിയിരുന്നു.

 

View this post on Instagram

 

A post shared by Shane Nigam (@shanenigam786)

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ആന്റണി പെപ്പെ, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ആര്‍ഡിഎക്‌സ് (റോബര്‍ട്ട് ഡോണി സേവ്യര്‍) ആഗോള കളക്ഷനില്‍ 100 കോടിയെത്തി. അതേസമയം നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം ഒടിടിയില്‍ എത്തിയത്. ആഗസ്റ്റ് 25-നാണ് ചിത്രം തീയ്യേറ്ററുകളില്‍ റിലീസ് ചെയ്തത്. ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ പ്രകാരം ചിത്രം അര്‍ധരാത്രി മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്ത് തുടങ്ങും. 24 ദിവസങ്ങള്‍ കൊണ്ട് മാത്രം 81 കോടിയാണ് ആര്‍ഡിഎക്‌സ് ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത്. ഇതിന് പിന്നാലെ 100 കോടി ക്ലബിലേക്കും ചിത്രം വളരെ വേഗത്തില്‍ എത്തി.

കേരള ഗ്രോസറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഏഴാമത്തെ ചിത്രമാണ് ആര്‍ഡിഎക്‌സ്. ആക്ഷന് ഒപ്പം സ്‌റ്റൈലും ഫാമിലി ഡ്രാമയും കൂടി ഒത്തുചേര്‍ന്ന ആര്‍ ഡി എക്‌സ് ഫാമിലി പ്രേക്ഷകര്‍ക്കും ഒരു വിരുന്ന് തന്നെയാണ് സമ്മാനിച്ചത്. മിന്നല്‍ മുരളി, ബാംഗ്ലൂര്‍ ഡേയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിലാണ് ആര്‍ഡിഎക്‌സ് തീയറ്ററില്‍ എത്തിയത്.

ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here