ആർആർആർ തിരക്കഥാകൃത്ത് വി വിജയേന്ദ്ര പ്രസാദും കിച്ച സുദീപും ഒന്നിക്കുന്നു

0
179

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ അമരക്കാരൻ വി വിജയേന്ദ്ര പ്രസാദും തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ കിച്ച സുദീപും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മഗധീര, ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങളോടൊപ്പം രാജമൗലിയുടെ കൂടെ ആഗോളതലത്തിൽ ഹിറ്റുകൾ വാരിക്കൂട്ടിയ തിരക്കഥാകൃത്ത് ആണ് വിജയേന്ദ്ര പ്രസാദ്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിനും കഥയും തിരക്കഥയും ഒരുക്കുന്നത്. കിച്ച സുദീപിന്റെ പിറന്നാൾ ദിനത്തിലായിരുന്നു കന്നഡ പ്രൊഡക്ഷൻ കമ്പനിയായ ആർ സി സ്റ്റുഡിയോസ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ടൈറ്റിൽ ഈ വർഷം സെപ്റ്റംബറിൽ അണിയറപ്രവർത്തകർ പുറത്തുവിടും. പി ആർ ഓ -പ്രതീഷ് ശേഖർ.

അതേസമയം, ഏറെ ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് കിച്ച സുദീപ്. കഴിഞ്ഞ വര്‍ഷമെത്തിയ വിക്രാന്ത് റോണയാണ് കിച്ച സുദീപ് നായകനായി പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വിക്രാന്ത് റോണ’ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു. ഉപേന്ദ്ര നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം കബ്സയില്‍ അതിഥിവേഷത്തിലും കിച്ച സുദീപ് എത്തിയിരുന്നു. കന്നഡ, തെലുങ്ക് സിനിമകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കന്നഡയില്‍ ഏറെ ആരാധകരുള്ള താരം കൂടിയാണ് കിച്ച.

നേരത്തെ, ബ്രഹ്മാണ്ഡ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ് എന്ന് വിജയേന്ദ്രപ്രസാദ് പറഞ്ഞിരുന്നു. ഒരു പ്രമുഖ തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്ന അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ ഭാഗത്തിലെപ്പോലെ രാം ചരണും ജൂനിയർ എൻ ടി ആറും തന്നെ ആയിരിക്കും രണ്ടാം ഭാഗത്തിലും മുഖ്യ കഥാപാത്രങ്ങളാകുക എന്നും അദ്ദേഹം പറഞ്ഞു. അതുപോലെത്തന്നെ ഹോളിവുഡിലെ മികച്ച സാങ്കേതികപ്രവർത്തകരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട് എന്നും വിജയേന്ദ്രപ്രസാദ് തുറന്നു പറഞ്ഞു.

എന്നാൽ സംവിധായകൻ ആരായിരിക്കും എന്നതിൽ സൂചന ലഭിച്ചിട്ടില്ല. രാജമൗലി ആയിരുന്നു ആർ ആർ ആർ സംവിധാനം ചെയ്തത്. എന്നാൽ രണ്ടാം ഭാഗം വരുമ്പോൾ രാജമൗലിയുടെ നേതൃത്വത്തിൽ മറ്റൊരു സംവിധായകനായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന് വിജയേന്ദ്ര പ്രസാദ് പറഞ്ഞു. ഹോളിവുഡിൽ നിന്നുള്ള നിർമാതാവും ചിത്രത്തിന്റെ ഭാ​ഗമായേക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. രാജമൗലി ഇനി ചെയ്യാനിരിക്കുന്ന വമ്പൻ പ്രൊജക്റ്റ് മഹാഭാരതത്തെ ആസ്പദമാക്കിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here