നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്റെ വിയോഗത്തില്‍ മനംതൊടുന്ന ഒറ്റവരി കുറിപ്പുമായി നടന്‍ മമ്മൂട്ടി. ‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..’ എന്നാണ് മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. റാഷിനും സിദ്ധിക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോയും മമ്മൂട്ടി ഷെയര്‍ ചെയ്തിട്ടുണ്ട്.
വിദേശത്ത് ആയിരുന്നതിനാല്‍ മമ്മൂട്ടിക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മമ്മൂട്ടിക്കും കുടുംബത്തിനൊപ്പം അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് സിദ്ദീഖ്. രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു റാഷിന്റെ അന്ത്യം.സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാള്‍ ആണ് റാഷിന്‍. സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വിയോഗത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സഹപ്രവര്‍ത്തകരടക്കം നിരവധിപ്പേര്‍ എത്തിയിരുന്നു.
ദിലീപ്, കാവ്യ മാധവന്‍, റഹ്‌മാന്‍, ഫഹദ് ഫാസില്‍, നാദിര്‍ഷ, ബാബുരാജ്, ജോമോള്‍, ബേസില്‍ ജോസഫ്, രജിഷ വിജയന്‍, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രണ്‍ജി പണിക്കര്‍, ഷാഫി, ജയന്‍ ചേര്‍ത്തല, ഇടവേള ബാബു, ബാബുരാജ് തുടങ്ങി സിനിമാ രംഗത്തെ നിരവധിപേരാണ് റാഷിനു അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്.