നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിക്കുന്ന ഏറ്റവും ജനപ്രിയമായ ഷോ ആണ് ‘സെക്സ് എഡ്യൂക്കേഷന്‍’. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഷോയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വാർത്തകളാണ് ഇപ്പോൾ ആരാധകരിൽ ആവേശം നിറയ്ക്കുന്നത്. ഷോയുടെ ലൊക്കേഷൻ ആയ ഒരു വീട് ഇപ്പോൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഷോയുടെ അവസാന സീസണും നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്തിരുന്നു. സെപ്തംബര്‍ 21നാണ് അവസാന സീസണ്‍ പ്രേക്ഷകരിലേക്ക് എത്തിയത്. എട്ട് എപ്പിസോഡുകളായിരുന്നു ഈ സീസണില്‍ ഉണ്ടായിരുന്നത്. 83 മിനുട്ട് ദൈര്‍ഘ്യമായിരുന്നു ഇത്തവണത്തെ സീസണിലെ ഫെെനൽ എപ്പിസോഡ് ഉണ്ടായിരുന്നത്.
ലോകത്തെങ്ങും ആരാധകരെ സൃഷ്ടിച്ച ഈ ബ്രിട്ടീഷ് കോമഡി സീരിസിലെ വീടാണ് ഇപ്പോൾ താരമായിരിക്കുന്നത്. പരമ്പരയിലെ നായകനായ ഒട്ടിസ് മില്‍ബേണിന്‍റെയും അവന്‍റെ അമ്മയും സെക്സോളജിസ്റ്റുമായ ഡോ.ജീന്‍ മില്‍ബേണിന്‍റെയും വീടാണത്. ആരാധകര്‍ക്ക് ഒറ്റ നോട്ടത്തില്‍ത്തന്നെ മനസിലാകുന്ന തരത്തിൽ വളരെ പ്രശസ്തമായ ഈ വീട് ഇപ്പോള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. വീടിന്‍റെ വിലയായി നിശ്ചയിച്ചിരിക്കുന്നത് 1.5 പൌണ്ടാണ്. അതായത് ഇന്ത്യന്‍ രൂപയിൽ ഏകദേശം 15 കോടിയുടെ അടുത്ത് വരും.
വെയില്‍സിലെ ഹെറഫിലെ റോസ്-ഓൺ-വൈയ്ക്ക് സമീപത്തുള്ള സൈമണ്ട്സ് യാറ്റിൽ സ്ഥിതി ചെയ്യുന്ന വീട് ചില ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകളിലാണ് ഇപ്പോള്‍ വിൽപ്പനയ്ക്ക് വന്നിരിക്കുന്നത്. വീട് വാങ്ങുന്നതിനുവേണ്ടി വലിയ ഡിമാന്‍റാണ് എന്നാണ് ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ഈ വീടിന്‍റെ വില്‍പ്പന സംബന്ധിച്ച് ഇന്‍സ്റ്റഗ്രാം പേജിലും അറിയിപ്പ് വന്നിട്ടുണ്ട്. “21 വർഷത്തെ ഉടമസ്ഥതയ്ക്ക് ശേഷം, ഞങ്ങളുടെ മനോഹരമായ വീട് വിൽപ്പനയ്ക്ക് വയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു” എന്നാണ് പോസ്റ്റില്‍ കുറിച്ചത്.
ആസാ ബട്ടർഫീൽഡ് അവതരിപ്പിച്ച ഓട്ടിസിന്റെയും ഗില്ലിയൻ ആൻഡേഴ്സൺ അവതരിപ്പിച്ച ഓട്ടിസിന്‍റെ അമ്മ ഡോ. ജീനിന്റെയും വീടായാണ് സെക്‌സ് എഡ്യൂക്കേഷനിലെ നാല് സീസണിലും ഈ വീട് കാണിച്ചിരുന്നത്. ഇതിനൊപ്പം തന്നെ ബ്രിട്ടനിലെ നിരവധി ടിവി ഷോകളിലും മറ്റും ഈ വീട് ലൊക്കേഷനായി എടുത്തിരുന്നു. വെയില്‍സിലെ വിവിധയിടങ്ങളിലായാണ് സെക്സ് എഡ്യൂക്കേഷന്റ ചിത്രീകരണം നടന്നിട്ടുണ്ടായിരുന്നത് . പെനാർത്ത് പിയർ, ന്യൂപോർട്ടിലെ കാംക്രാന്‍ ഫോറസ്റ്റ്, കാർഡിഫ് സെന്റ് ഫാഗൻസ് മ്യൂസിയം എന്നിങ്ങനെ വെയില്‍സിലെ മറ്റു പല സ്ഥലങ്ങളും സെക്സ് എഡ്യൂക്കേഷനില്‍ ലൊക്കേഷനായി വന്നിട്ടുണ്ട്.