സംവിധായകന്‍ കമലിന്റെ ഏറ്റവും പുതിയ ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജ്, നിവിന്‍ പോളി, മംമ്ത മോഹന്‍ദാസ് എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.
ഷൈന്‍ ടോം ചാക്കോ, ഗ്രേസ് ആന്റണി, സ്വാസിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ മൂന്നു പേരുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത് .
എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന ക്ലീന്‍ എന്റര്‍ടൈനറാണ് ചിത്രം. സര്‍ക്കാര്‍ ജീവനക്കാരനായ വിവേകാനന്ദന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് പ്രമേയം. വിവേകാനന്ദന്റെ ജീവിതത്തിലേക്ക് പല സാഹചര്യങ്ങളില്ലമായി അഞ്ചു സ്ത്രീകള്‍ കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സറ്റയറിലൂടെ അവതരിപ്പിക്കുന്നത്.
ഷൈന്‍ ടോം ചാക്കോയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ വിവേകാനന്ദനെ അവതരിപ്പിക്കുന്നത്. എല്ലാക്കാലത്തും സംഭവിക്കാവുന്ന ഒരു കഥയാണ് കമല്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സ്ത്രീകള്‍ എന്നും നേരിടുന്ന അവരുടേതായ ചില പ്രശ്‌നങ്ങളുണ്ട്. ആ പ്രശ്‌നങ്ങളെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.
പ്രേക്ഷകര്‍ എന്നെന്നും നെഞ്ചിലേറ്റുന്ന അനേകം ചിത്രങ്ങള്‍ സമ്മാനിച്ച കമലിന്റെ പുതിയ ചിത്രവും അത്യന്തം ഹൃദയഹാരിയും രസഭരിതവുമാകുമെന്നാണ് പ്രതീക്ഷ. ഷൈന്‍ ടോം ചാക്കോ, ഗ്രേസ് ആന്റണി, സ്വാസിക എന്നിവരെ കൂടാതെ മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി, മഞ്ജു പിള്ള, സിദ്ധാര്‍ത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, ഇടവേള ബാബു, അനുഷാ മോഹന്‍ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. ആര്‍ട്ട് ഡയറക്ടര്‍ – ഇന്ദുലാല്‍, വസ്ത്രാലങ്കാരം – സമീറാ സനീഷ്, മേക്കപ്പ് – പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ – സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – എസ്സാന്‍ കെ എസ്തപ്പാന്‍, പി.ആര്‍.ഒ – വാഴൂര്‍ ജോസ്, ആതിരാ ദില്‍ജിത്ത്.