ഇത് ഉറപ്പിക്കാം, നരസിംഹയും മാത്യുവും ഒന്നിക്കുന്നു : വിഷ്ണു മഞ്ചുവി​ന്റെ ‘കണ്ണപ്പ’യിൽ ശിവരാജ്കുമാറും

0
220

വിഷ്ണു മഞ്ചു ഒരുക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് ‘കണ്ണപ്പ’. ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ വാർത്തകളിൽ നിറയുകയാണ് ഈ സിനിമ. സിനിമാമേഖലയെയും ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. മുൻപ് പ്രഭാസും, മോഹൻലാലും ചിത്രത്തി​ന്റെ ഭാഗമാകുന്നു എന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോൾ തെലുങ്ക് താരം ശിവരാജ്കുമാറും ചിത്രത്തി​ന്റെ ഭാ​ഗമാകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇത് സംബന്ധിച്ച് ഒരു പോസ്റ്റ് എക്സിൽ പങ്കുവച്ചിരിക്കുകയാണ് വിഷ്ണു മഞ്ചു. “പ്രഭാസും മലയാളം സൂപ്പർതാരം മോഹൻലാലും വിഷ്ണു മഞ്ചുവിൻറെ പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയിൽ ഒന്നിക്കുന്നുവെന്നും, എന്നാൽ അവിടെ തീരുന്നില്ല, കാസ്റ്റിംഗിന് കൂടുതൽ ബലമേകി ശിവണ്ണയും ചിത്രത്തിൽ എത്തുകയാണ്!”, എന്നാണ് ആ പോസ്റ്റ്. ഹർ ഹർ മഹാദേവ് എന്ന വരിയോടെയാണ് വിഷ്ണു മഞ്ചു ഈ പോസ്റ്റ് എക്സിൽ പങ്കുവച്ചിരിക്കുന്നത്.

ഇതുവരെയുള്ള അപ്‌ഡേറ്റുകളിൽ അത്രയധികം സന്തോഷത്തിലുള്ള ആരാധകർ ഇനി വരുന്ന ഓരോ അപ്‌ഡേറ്റുകൾക്കും സർപ്രൈസുകൾക്കും വേണ്ടി കാത്തിരിക്കുകയാണ്. സ്റ്റാർ കാസ്റ്റ് പോലെ തന്നെ അത്രയും പ്രധാനപ്പെട്ട അണിയറപ്രവർത്തകരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റാർ പ്ലസ്സിൽ മഹാഭാരത് സീരീസ് സംവിധാനം ചെയ്ത മുകേഷ് കുമാർ സിങ്ങാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ നിർത്തുന്ന തരത്തിൽ മുകേഷ് കുമാർ ‘കണ്ണപ്പ’യിൽ പ്രവർത്തിക്കുമെന്ന് തീർച്ചയാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

വിഷ്ണു മഞ്ജുവിന്റെ സ്വപ്ന പ്രൊജക്റ്റ് ആണ് കണ്ണപ്പ. മണി ശർമ്മ, സ്റ്റീഫൻ ദേവസി എന്നിവർ ആണ് ചിത്രത്തിൽ സംഗീതം ഒരുക്കുന്നത്. ഇതുവരെ ആരും കാണാത്ത സിനിമയുടെ മറ്റൊരു പുതിയ ലോകം തീർക്കാനായി ‘കണ്ണപ്പ’ ഒരുങ്ങുകയാണ്. പ്രേക്ഷകരും ആരാധകരും ഒരുപോലെ അക്ഷമരായി കാത്തിരിക്കുകയാണ് ചിത്രത്തിന്റെ പ്രദർശനത്തിന് വേണ്ടി.

ഒരു ശിവ ഭക്തൻറെ കഥ പറയുന്ന ഈ സിനിമ 1976 ൽ പുറത്തിറങ്ങിയ ഒരു തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. പ്രഭാസ് ശിവഭ​ഗവാനായി എത്തുന്ന ചിത്രത്തിൽ നയൻതാര പാർവ്വതീദേവിയായി എത്തുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നത്. മോഹൻലാലിൻറെ കഥാപാത്രം എന്താണെന്ന് വ്യക്തമല്ല. പ്രഭാസും മോഹൻലാലും അതിഥിവേഷങ്ങളിലാണ് എത്തുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ശിവണ്ണയുടെ കഥാപാത്രവും അങ്ങനെ ആയിരിക്കാനാണ് സാധ്യതയെന്നാണ് സൂചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here