തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് ശ്രുതി ഹാസന്‍. വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലഭിനയിച്ച ഗായിക കൂടിയായ ശ്രുതി പുതിയ പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഈയിടെ ഒരു മുഖാമുഖം പരിപാടിക്കിടെ തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്.
പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് താനെന്നാണ് ശ്രുതി ഹാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ മേഖലയില്‍ത്തന്നെയാണ് തന്റെ താത്പര്യമെന്നും അവര്‍ പറഞ്ഞു. നല്ല സിനിമകളുടെ ഭാഗമായി കരിയര്‍ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താത്പര്യമില്ലെന്നും ശ്രുതി ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ സജീവമായി നില്‍ക്കേ രാഷ്ട്രീയത്തില്‍ പ്രവേശിച്ച നിരവധി താരങ്ങളുണ്ട് തെന്നിന്ത്യയില്‍. ശ്രുതിയുടെ പിതാവുകൂടിയായ കമല്‍ഹാസന്‍ ഒരേസമയം സിനിമയിലും അദ്ദേഹം രൂപീകരിച്ച പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. വരുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പിതാവിനൊപ്പം മക്കള്‍ നീതി മയ്യത്തിന്റെ പ്രചാരണ പരിപാടികളില്‍ ശ്രുതി പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇവയെക്കെല്ലാമാണ് വാര്‍ത്താ സമ്മേളനത്തില്‍ ശ്രുതി ഹാസന്‍ അന്ത്യംകുറിച്ചത്.
ചിരഞ്ജീവി നായകനായ വാള്‍ട്ടയര്‍ വീരയ്യ, ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി എന്നിവയാണ് ശ്രുതി ഹാസന്‍ നായികയായെത്തി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍.
കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുര്‍ നിര്‍മിക്കുന്ന സലാറാണ് ശ്രുതി ഹാസന്‍ നായികയായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. പ്രശാന്ത് നീലാണ് പ്രഭാസിന്റെ സലാറിന്റെ സംവിധാനം എന്നതാണ് പ്രധാന ആകര്‍ഷണം. പ്രഭാസാണ് സലാറില്‍ നായകനായി എത്തുന്നത്. നെറ്റ്ഫ്‌ലിക്‌സ് പ്രഭാസ് നായകനാകുന്ന സലാറിന്റെ ഒടിടി റൈറ്റ്‌സ് നേടിയിട്ടുണ്ട്. വില്ലനായി മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സലാറിന്റെ റിലീസ് സെപ്തംബര്‍ 28നാണെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റിയതായി പിന്നീട് വ്യക്തമാക്കിയിരുന്നു.ഹോളിവുഡ് ചിത്രം ദ ഐയില്‍ താരം പ്രധാനവേഷത്തിലുണ്ട്. നാനി നായകനാവുന്ന ഹായ് നാന്നാ എന്ന ചിത്രത്തില്‍ കാമിയോ വേഷത്തിലും ശ്രുതിയുണ്ട്.
തെന്നിന്ത്യന്‍ സിനിമാ രംഗത്ത് തിരക്കേറുകയാണ് നടി ശ്രുതി ഹാസന്. കരിയറില്‍ ചെറിയൊരു വീഴ്ച ഇടയ്ക്ക് സംഭവിച്ചെങ്കിലും വീണ്ടും സിനിമാ രംഗത്ത് വീണ്ടും നടി ശക്തമായ സാന്നിധ്യമാകുന്നു.സലാര്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. കമല്‍ ഹാസന്റെ മകളാണെങ്കിലും താരപുത്രിയുടെ പ്രിവിലേജുകളില്‍ അല്ല ശ്രുതി തന്റെ കരിയര്‍ പടുത്തുയര്‍ത്തിയത്. അച്ഛന്റെ പേരില്‍ അറിയപ്പെടാനല്ല താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രുതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കമല്‍ ഹാസന്‍ ആദ്യമായി സംവിധാനം ചെയ്ത ഹേയ് രാം എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ശ്രുതി ചെയ്തിട്ടുണ്ട്. 2009 ല്‍ ലക്ക് എന്ന ഹിന്ദി സിനിമയിലൂടെയാണ് ശ്രുതി നായികയായി തുടക്കം കുറിക്കുന്നത്. ഹിന്ദി സിനിമാ രംഗത്ത് കാര്യമായി ശ്രദ്ധിക്കപ്പെടാത്ത സാഹചര്യത്തില്‍ നടി തെന്നിന്ത്യന്‍ സിനിമയിലേക്ക് ചുവട് മാറി. 2011 ല്‍ ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ തമിഴകത്തേക്ക് കടന്ന് വന്ന ശ്രുതി വന്‍ ജനശ്രദ്ധ നേടി. മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ശ്രുതി ഹാസന്‍ സ്വന്തമാക്കി. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് ശ്രുതി ഹാസന്‍.