നാല് വർഷത്തോളം താരസംഘടന അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വിജയകരമായി നിർവ്വഹിച്ച സന്തോഷം പങ്കുവെച്ച് നടി ശ്വേതാ മേനോൻ.അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡൻറ് ആയിരുന്നു ശ്വേത.അന്ന് മുതൽ ഇന്ന് വരെയും സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും താരം സജീവമായിരുന്നു.2021 മുതൽ 2024 വരെയുള്ള വർഷങ്ങൾ അവിശ്വസനീയമായ ഒരു യാത്രയാണെന്നും അമ്മയെ സേവിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും താരം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണരൂപം….
”അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡൻറ് എന്ന നിലയിൽ എന്റെ കാലാവധി അവസാനിക്കുമ്പോൾ, ഞാൻ നന്ദിയും അഭിമാനവും കൊണ്ട് നിറഞ്ഞിരിക്കുന്നു. 2021 മുതൽ 2024 വരെയുള്ള വർഷങ്ങൾ അവിശ്വസനീയമായ ഒരു യാത്രയാണ്.അമ്മയെ സേവിക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.ലാലേട്ടാ, നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു ബഹുമതിയാണ്..കഴിഞ്ഞ 25 വർഷത്തെ മികച്ച സംഭാവനകൾക്ക് ഇടവേള ബാബു ഏട്ടന് ഒരു പ്രത്യേക നന്ദി.നിങ്ങൾ കാരണം, ‘അമ്മ ഇപ്പോൾ ഞങ്ങളുടെ സഹപ്രവർത്തകരുടെ ക്ഷേമത്തിനായി കൂടുതൽ അർത്ഥവത്തായ ഒരു സംഘടനയാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾക്കും അമ്മയിലെ എല്ലാ അംഗങ്ങൾക്കും, നിങ്ങളുടെ പിന്തുണയ്ക്കും വിശ്വാസത്തിനും ഹൃദയം നിറഞ്ഞ നന്ദി.സുരഭി ലക്ഷ്മി,മഞ്ജു പിള്ള,രചന നാരായണൻകുട്ടി, മണിയൻപിള്ളരാജു, മോഹൻലാൽ, ടോവിനോതോമസ്,സുധീർ കരമന.ജയസൂര്യ,ടിനി ടോം, ബാബുരാജ്,ലെന,ഉണ്ണി മുകുന്ദൻ,സിദ്ദിഖ് ഒരുമിച്ച്, ഞങ്ങൾ വലിയ കാര്യങ്ങൾ നേടുകയും ഞങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുകയും ചെയ്തു.പുതിയ കമ്മിറ്റിക്ക് കീഴിൽ അമ്മ തുടരുമെന്നും മലയാള സിനിമ പുതിയ ഉയരങ്ങളിലെത്തുമെന്നും എനിക്ക് ഉറപ്പുണ്ട്.”
അതേസമയം അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്. 2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.