ഓർമ്മയിൽ നിറയുന്ന എസ്പിബി : ആ ശബ്ദമാധുര്യം മാഞ്ഞിട്ട് മൂന്ന് വർഷം

0
185

സംഗീതത്തിന് മാസ്മരികമായ ഒരു ഈണവും താളവും പകർന്ന കലാകാരനാണ് എസ് പി ബാലസുബ്രഹ്മണ്യം. തലമുറകളുടെ സംഗീതാസ്വാദനത്തിനു ആവേശമായിരുന്ന എസ് പി ബാലസുബ്രമണ്യം ഓർമ്മയായിട്ട് മൂന്ന് വര്‍ഷം തികയുകയാണ്. അൻപത് വർഷത്തോളം ആസ്വാദകരുടെ ഹൃദയത്തില്‍ നിറഞ്ഞുനിന്ന അതുല്യ പ്രതിഭ വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ശബ്ദമാധുര്യത്തിന് ഇന്നും ജനഹൃദയങ്ങളില്‍ വലിയ സ്ഥാനമാണുള്ളത്. എസ്പിബി എന്ന മൂന്നക്ഷരം മതി ആ ഗാനങ്ങളുടെ മനോഹാരിത നമ്മുടെ മനസിലേക്ക് ഓടിയെത്താന്‍.

തന്മയത്തോടെയുള്ള ആലപാനത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയം കൈയടക്കിയ ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം. ശാസ്ത്രീയസംഗീതം പഠിക്കാതെതന്നെ, ഒരു സംഗീതജ്ഞന് വേണ്ട അച്ചടക്കങ്ങളൊന്നുമില്ലാതെ, പതിറ്റാണ്ടുകള്‍ ആലാപനരംഗത്ത് നിറഞ്ഞു നിന്ന ഗായകനാണ് എസ്പിബി. ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്പിബി സംഗീതലോകത്തിന് സമ്മാനിച്ചത് എക്കാലവും മനസ്സില്‍തങ്ങി നില്‍ക്കുന്ന അനവധി മനോഹരഗാനങ്ങളാണ്. ബോളിവുഡിലും തന്റെ ആലാപന മാധുര്യം പരത്താൻ ഈ ആന്ധ്രാപ്രദേശുകാരന് കഴിഞ്ഞിട്ടുണ്ട്. ശ്രീനഗര്‍ മുതല്‍ കന്യാകുമാരി വരെ എവിടെയും ഏതുഭാഷയിലും, പ്രണയവും, വിരഹവും ആര്‍ദ്രതയും നിറഞ്ഞുനിന്ന എസ്പിബിയുടെ ശബ്ദമാധുര്യം നിറഞ്ഞുനിൽക്കുന്നുണ്ട്. ദേശത്തിനും ഭാഷക്കും കാലത്തിനും അതീതമായി അദ്ദേഹത്തിന്റെ ശബ്ദം ഒഴുകി നടക്കുകയാണ്.

മറ്റൊരു ഇന്ത്യൻ ഗായകനും ഇനി ഒരുപക്ഷെ എത്തിച്ചേരാൻ സാധിക്കാത്ത അനവധി നേട്ടങ്ങൾ, സംഗീതം ഔപചാരികമായി പഠിക്കാതെതന്നെ എസ്പിബി സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഭാഷാവൈവിധ്യങ്ങളെ ഭാവാത്മകമായ ശബ്ദസൗന്ദര്യമായി മാറ്റിയെടുത്ത ഗായകരുടെ പട്ടികയിൽ, മറ്റുള്ളവർക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് എസ്പി ബാലസുബ്രഹ്‌മണ്യം എന്നുമുണ്ടായിരുന്നത്.

മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നാലു ഭാഷകളിലായി ആറ് തവണയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അംഗീകാരം 24 തവണയും , കൂടാതെ പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മശ്രീ, പത്മഭൂഷന്‍ എന്നിവയും എസ്പിബി സ്വന്തമാക്കിയിട്ടുണ്ട് . ഏറ്റവും അധികം സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകന്‍ എന്ന പ്രത്യേകതയും, സംഗീതസംവിധായകന്‍, രജനീകാന്ത്, കമല്‍ ഹാസന്‍, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജമിനി ഗണേശന്‍, അര്‍ജുന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ശബ്ദമായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന പ്രത്യേകതയും എസ്പിബിയ്ക്ക് ഉണ്ട് . രാജ്യത്തിനകത്തും പുറത്തുമായി അരങ്ങേറിയിരുന്നു സംഗീത പരിപാടികളിൽ എസ്പിബിയുടെ ശബ്ദ മാധുര്യം ഇന്നും ആസ്വാദകർ മറക്കില്ല. അത്രയധികം അലിഞ്ഞുപോവുന്നതാണ് അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ മാസ്മരികത.

LEAVE A REPLY

Please enter your comment!
Please enter your name here