രജനികാന്ത് നായകനായെത്തിയ ‘ജയിലർ’ എന്ന സിനിമയുടെ ഉജ്ജ്വല വിജയത്തിന് ശേഷം താരത്തിന്റെ അടുത്ത സിനിമയ്ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് സിനിമാലോകം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരം കേരളത്തിൽ എത്തുമെന്ന വാർത്തകളാണ് ആരാധകരെ ആവേശത്തിലാക്കിയിരുന്നത്. ആ ആകാംഷയ്ക്കു വിരാമമിട്ടുകൊണ്ട് തലൈവർ തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് രജനികാന്ത് തലസ്ഥാനത്തെത്തിയത്.
‘തലൈവർ 170’യുടെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടക്കുക. ഇന്ന് മുതൽ പത്ത് ദിവസം താരം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് രജനികാന്ത് തിരുവനന്തപുരം വിമാനതാവളത്തില്‍ ഇറങ്ങിയത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പുതിയ രജനികാന്ത് ചിത്രത്തിന് ‘തലൈവര്‍ 170’ എന്നാണ് താൽകാലികമായി പേര് ഇട്ടിരിക്കുന്നത്.
കുറച്ച് ദിവസങ്ങളായി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തിലെ താരങ്ങളെ പരിചയപ്പെടുത്തുന്നുണ്ടായിരുന്നു . ജയിലറിന്‍റെ വമ്പൻ വിജയത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തലൈവര്‍ 170’. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ജയ് ഭീം എന്ന ചിത്രത്തിന് ശേഷം രജനീകാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേൽ ഒരുക്കുന്ന ‘തലൈവർ 170’ എന്ന ചിത്രത്തിൽ ഫഹദ് വില്ലൻ വേഷത്തിലെത്തും എന്ന റിപ്പോർട്ടുകൾ ആരാധകർക്ക് ആവേശമായിരുന്നു. ഇന്ന് ലൈക്ക പ്രൊഡക്ഷൻസ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം നടത്തിയിട്ടുണ്ട്. ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം തെലുങ്ക് നടൻ റാണ ദഗുബാട്ടിയും ചിത്രത്തിലുണ്ട്. നേരത്തെ തെലുങ്ക് താരം നാനി ചെയ്യാനിരുന്ന വേഷമാണ് റാണ ദഗുബാട്ടി ചെയ്യുന്നത് എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ തലൈവർ 170 യുടെ ഭാഗമാകുമെന്ന് നിര്‍മ്മതാക്കള്‍ അറിയിച്ചത് . മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ‘തലൈവര്‍ 170’ എന്ന ഈ സിനിമ . ധനുഷ് നായകനായ അസുരനിലും, അജിത്ത് പ്രധാന വേഷത്തില്‍ എത്തിയ തുനിവിലും മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് . മഞ്ജു വാര്യരിനൊപ്പം റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും ‘തലൈവര്‍ 170’ന്റെ ഭാഗമാകുന്നുണ്ട്. ഇവരായിരിക്കും ചിത്രത്തിലെ ഫീമെയിൽ ലീഡ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നാണ് ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചിരിക്കുന്നത് .