സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്റെ അധ്യക്ഷനായി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസില്‍ ചെയർമാന്‍റെ ചുമതലയും സുരേഷ് ഗോപിയാണ് വഹിക്കുക. മൂന്ന് വര്‍ഷത്തേക്കാണ് ഈ നിയമനം. താങ്കളുടെ മഹത്തായ അനുഭവസമ്പത്തും സിനിമയിലെ വൈഭവവും തീർച്ചയായും ഈ മഹനീയ സ്ഥാപനത്തെ സമ്പന്നമാക്കും എന്നും താങ്കള്‍ക്ക് നല്ല ഒരു ഭരണകാലം ആശംസിക്കുന്നുവെന്നും അനുരാഗ് ഠാക്കൂര്‍ സമൂഹ മാധ്യമമായ എക്‌സ് പ്ലാറ്റഫോമിൽ കുറിക്കുകയും ചെയ്തു.
Many congratulations to veteran film actor @TheSureshGopi ji on being nominated the President of the @srfti_official society & chairman of the governing council of @srfti_official for a period of 3 years.
Your vast experience & cinematic brilliance are surely going to enrich…
— Anurag Thakur (@ianuragthakur) September 21, 2023
1995 ല്‍ കൊല്‍ക്കത്തയില്‍ സ്ഥാപിക്കപ്പെട്ടതാണ് സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ. രാജ്യത്തെ സിനിമ ടെലിവിഷന്‍ പഠന രംഗത്തെ ഏറ്റവും വലിയ മുന്‍നിര സ്ഥാപനമാണ് ഇത് . കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് എസ്ആർഎഫ്ടിഐ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ അടുത്താണ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായി നടൻ ആർ മാധവനെ കേന്ദ്രസർക്കാർ നിയമിച്ചത് . ഗവേണിംഗ് കൗൺസിൽ ചെയർമാനായും മാധവനെത്തന്നെയാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിയമിച്ചിരുന്നത്.

അതേസമയം സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും മിഥുന്‍ മാനുവല്‍ തോമസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഗരുഡന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.നവാഗതനായ അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രയിംസ് ഫിലിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സുരേഷ് ഗോപിയും ബിജു മേനോനും മിഥുന്‍ മാനുവല്‍ തോമസും ലിസ്റ്റിന്‍ സ്റ്റീഫനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ക്രൈം ത്രില്ലര്‍ മോഡലില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്.അതോടൊപ്പം മാജിക് ഫ്രെയിംസും മിഥുന്‍ മാനുവല്‍ തോമസും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. 11 വര്‍ഷത്തിന് ശേഷം ആണ് സുരേഷ് ഗോപിയും ബിജു മേനോനും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.

