ഗന്ധര്വന്മാരുടെ അറിയാക്കഥകളിലേക്ക് പ്രേക്ഷകരെ ക്ഷണിച്ച് ഉണ്ണി മുകുന്ദന്റെ ഗന്ധര്‍വ ജൂനിയര്‍ സിനിമയുടെ അണിയറക്കാര്‍. ഉണ്ണിമുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ച് ആറ് ഭാഷകളില്‍ പുറത്തുവിട്ട ”വേള്‍ഡ് ഓഫ് ഗന്ധര്‍വ്വാസ്” എന്ന വീഡിയോയിലൂടെയാണ് ഗന്ധര്‍വ്വന്മാരുടെ ഈ സാങ്കല്‍പ്പിക ലോകം അവതരിപ്പിക്കുകയാണ് ലിറ്റില്‍ ബിഗ് ഫിലിംസ്.
ഗന്ധര്‍വ്വന്മാരുടെ പറയപ്പെടാത്ത സവിശേഷതകള്‍ പ്രമേയമാക്കി അണിയറയില്‍ ഒരുങ്ങുന്ന ”ഗന്ധര്‍വ്വ ജൂണിയര്‍ .’ ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ നിര്‍മ്മിച്ച് വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്നു. പതിവ് ഗന്ധര്‍വ്വ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന കഥാപശ്ചാത്തലവും മേക്കിങ്ങും ചിത്രം സമ്മാനിക്കുമെന്നാണ് വീഡിയോ നല്‍കുന്ന സൂചന.
പ്രവീണ്‍ പ്രഭാറാം, സുജിന്‍ സുജാതന്‍ എന്നിവര്‍ തിരക്കഥയെഴുതുന്ന സിനിമയില്‍ ഗന്ധര്‍വ്വന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായ ഗന്ധര്‍വ്വ ജൂണിയര്‍, ഉണ്ണി മുകുന്ദന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും. നടന് പിറന്നാള്‍ ആശംസകളോടെയാണ് അണിയറക്കാര്‍ വേള്‍ഡ് ഓഫ് ഗന്ധര്‍വ്വ വീഡിയോ പുറത്ത് വിട്ടത്.
ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിങ്ങും ജെയ്ക്‌സ് ബിജോയ് സംഗീതവും നിര്‍വ്വഹിക്കുന്ന ഗന്ധര്‍വ്വ ഷൃ, വിര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യയിലൂടെ ഏറ്റവും വലിയ ദൃശ്യ വിരുന്നായി സില്‍വര്‍ സ്‌ക്രീനില്‍ എത്തിക്കാനാണ് ലിറ്റില്‍ ബിഗ് ഫിലിംസ് ലക്ഷ്യമിടുന്നത്.പി ആര്‍ ഒ- എ എസ്.ദിനേശ്.
അതേസമയം, ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന പുതിയ ചിത്രം ജയ് ഗണേഷിന്റെ ഷൂട്ടിംഗ് തിയതി പ്രഖ്യാപിച്ചു. നവംബര്‍ 10 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ഒരു മാസം മുന്‍പ് അതായത് ഓഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ചിത്രം പ്രഖ്യാപിച്ചതോടെ സമീപകാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തി നിരവധി കമന്റുകളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തി ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ രംഗത്ത് എത്തുകയും ചെയ്തു. മിത്ത് വിവാദവുമായി ചിത്രത്തിന് ബന്ധമില്ലെന്നും, വിവാദങ്ങള്‍ ഉണ്ടാകുന്നതിന് ഒരു മാസം മുന്‍പ് തന്നെ സിനിമയുടെ ടൈറ്റില്‍ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. ഇതിന് തെളിവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം,ഉണ്ണി മുകുന്ദന്റെ 36-ാം പിറന്നാളാഘോഷ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രമായ ‘കരുടന്റെ’ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. നടന്‍ ശശികുമാറും സെറ്റിലെ മറ്റംഗങ്ങളും ചേര്‍ന്ന് ഉണ്ണിക്ക് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷമാണ് നടത്തിയത്. വലിയ പൂമാലയും കേക്കുമായിരുന്നു പിറന്നാള്‍ സമ്മാനം.
അതിലും വലിയ സര്‍പ്രൈസ് ആയിട്ട് കട്ട് ഔട്ടും സഹപ്രവര്‍ത്തകര്‍ പിറന്നാള്‍ ദിനത്തില്‍ ഒരുക്കിയിരുന്നു.വെട്രിമാരന്റെ തിരക്കഥയിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണമാണ് പുരോഗമിക്കുന്നത്. കുഭകോണത്താണ് ചിത്രീകരണം നടക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ‘സീഡന്‍’ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ വേഷമിടുന്ന തമിഴ് ചിത്രമാണിത്.
ഗുജറാത്തിന്റെ മണ്ണില്‍ ജനിച്ച് വളര്‍ന്ന് പിന്നീട് മലയാള മണ്ണില്‍ നിലയുറപ്പിച്ച നടനാണ് ഉണ്ണി മുകുന്ദന്‍. താരപുത്രന്മാര്‍ വാഴുന്ന കാലത്തും തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ഉണ്ണി. 1987 സെപ്റ്റംബര്‍ 22-ന് മുകുന്ദന്‍ നായരുടെയും റോജി മുകുന്ദന്റെയും മകനായാണ് ജനനം. മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് അനവധി നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടാനും താരത്തിനായി.