ജയസൂര്യ പറഞ്ഞത് കര്‍ഷകരുടെ വികാരം, രസീത് എടുക്കാന്‍ നല്‍കാനുള്ള സര്‍ക്കാരിന്റെ ഉത്സാഹം പണം ലഭിക്കാനുള്ള കാര്യത്തിലും ഉണ്ടാകണം: കൃഷ്ണപ്രസാദ്

0
585

നിക്ക് പണം തന്നതിന്റെ രസീത് എടുക്കാന്‍ കാണിച്ച ഉത്സാഹം പണം ലഭിക്കാനുള്ള കര്‍ഷകരുടെ കാര്യത്തിലും ഉണ്ടാകണമെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്. കൃഷ്ണപ്രസാദിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവിടെ ഒരു സമരം ഒന്നും ഉണ്ടായിട്ടില്ലെന്നും സമരം നടന്നത് കര്‍ഷകര്‍ക്ക് പണം കിട്ടാന്‍ വേണ്ടിയിട്ടാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.

”കൃഷ്ണപ്രസാദിനു പണം ലഭിച്ചില്ലെന്നു പറഞ്ഞ് ഒരു സമരവും ഇവിടെയുണ്ടായിട്ടില്ല. കര്‍ഷകര്‍ക്കു പണം ലഭിക്കാനുള്ളതിനായിരുന്നു സമരം. പതിനായിരക്കണക്കിനു കര്‍ഷകര്‍ക്ക് ഇനിയും പണം ലഭിക്കാനുണ്ട്. അഞ്ചരമാസം കഴിഞ്ഞിട്ടും പണം ലഭിക്കുന്നില്ല. രണ്ടാംകൃഷി ഇറക്കേണ്ട സമയമാണിത്. പണം ലഭിക്കാത്തതിനാല്‍ പലരും കൃഷി ഇറക്കിയിട്ടില്ല. കൃഷ്ണപ്രസാദിനു മാത്രമല്ല എല്ലാവര്‍ക്കും പണം കിട്ടുകയെന്നതാണ് ആവശ്യം. എനിക്ക് പൈസ കിട്ടാനുണ്ടെങ്കില്‍ നടത്തേണ്ടത് ഒറ്റയാള്‍ പോരട്ടമല്ലേ. ആയിരക്കണക്കിനു കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പറയുകയാണ് ചെയ്തത്. ഇനിയൊരു കര്‍ഷക ആത്മഹത്യ നടക്കാതിരിക്കിക്കാനാണ് പറഞ്ഞത്. നമ്മള്‍ സമരം ചെയ്യുമ്പോള്‍ പൈസ ലഭിക്കുമെന്ന പ്രതീക്ഷയാണ് കര്‍ഷകര്‍ക്കുള്ളത്.

കഴിഞ്ഞ തവണ കനത്ത മഴ കാരണവും ഇത്തവണ വേനല്‍ കാരണവും കൃഷി നഷ്ടമായിരുന്നു. എനിക്ക് നല്‍കിയ പണത്തിന്റെ രസീത് എടുക്കാന്‍ ഇവര്‍ കാണിച്ച ആ ഉത്സാഹം പാവം പിടിച്ച കൃഷിക്കാരന്റെ കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഒറ്റ ദിവസം കൊണ്ട് ഇതെല്ലാം പാസാക്കാന്‍ സാധിക്കുമായിരുന്നു. എനിക്ക് രണ്ടരമാസത്തിനു ശേഷമാണ് പണം ലഭിച്ചത്. അതുതന്നെ വായ്പ എന്ന രീതിയിലാണ് നല്‍കിയത്. വായ്പയായി പണം നല്‍കാനല്ലല്ലോ ഞാന്‍ നെല്ല് നല്‍കുന്നത്. കൃഷിക്കാര്‍ ബാങ്കിലെത്തി ഒപ്പിട്ടുകൊടുത്തിരിക്കുന്നത് ലോണായിട്ട് തരുന്നതായാണ്. വായ്പയായി പണം ലഭിക്കാനാണ് കര്‍ഷകര്‍ ചെന്ന് ഒപ്പിടുന്നത്.

എന്റെ സഹപ്രവര്‍ത്തകനാണ് ജയസൂര്യ. അദ്ദേഹത്തിന് എന്നെ മാത്രമേ അറിയുകയുള്ളു. അതിലാനാണ് കൃഷ്ണപ്രസാദ് അടക്കമുള്ളവരെന്നു പൊതുവായി പറഞ്ഞത്. അദ്ദേഹം കര്‍ഷകന് വേണ്ടിയാണ് പറഞ്ഞത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയാന്‍ കാണിച്ച മനസ്സിന് ബിഗ് സല്യൂട്ട്. അദ്ദേഹത്തെ ആക്രമിക്കുന്നതു ശരിയല്ല. എല്ലാവര്‍ക്കും വ്യക്തിപരമായ രാഷ്ട്രീയം കാണുമല്ലോ. പക്ഷേ, ഞാന്‍ രാഷ്ട്രീയം തൊഴിലിലോ കാര്‍ഷികമേഖലയിലെ ഉള്‍പ്പെടുത്തിയിട്ടില്ല. ഞങ്ങള്‍ രാഷ്ട്രീയമല്ല പറഞ്ഞത്. കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് വ്യക്തമാക്കിയത്.

കര്‍ഷക സമിതിയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഇടതുപക്ഷക്കാരാണ്. കൃഷി ചെയ്യുന്നത് ഏറ്റവും കൂടുതലുള്ളതും ഇടതുപക്ഷക്കാരാണ്. കൃഷിക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ചെയ്തിട്ടുള്ളതും ഇടതുപക്ഷ സര്‍ക്കാരുകളായിരുന്നു. എന്നാല്‍ അതൊന്നും ഇപ്പോള്‍ ലഭിക്കാത്തതുകൊണ്ടാണ് ഇടതുപക്ഷക്കാരായ കര്‍ഷകര്‍ ഉള്‍പ്പെടെ സമരത്തിന് ഒപ്പം നില്‍ക്കുന്നത്. അവരുടെ വേദനയെങ്കിലും എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല എന്ന് കൃഷ്ണപ്രസാദ് ചോദിച്ചു. പണം ലഭിക്കാത്ത പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് വേണ്ടിയാണ് ജയസൂര്യ സംസാരിച്ചത്.അതിലെ യാഥാര്‍ത്ഥ്യ ബോധം മനസിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. അല്ലാതെ അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം നടത്തുകയല്ല വേണ്ടതെന്നും ജയസൂര്യ മനുഷ്യപ്പറ്റുള്ള നടനാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.

അതേസമയം, കര്‍ഷകരുടെ വിഷയത്തില്‍ മന്ത്രിമാരെ വിമര്‍ശിച്ചതില്‍ നിന്നും പിന്നോട്ടില്ലെന്ന് അറിയിച്ച് നടന്‍ ജയസൂര്യ. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജയസൂര്യയുടെ പരാമര്‍ശത്തെ പരിഹസിച്ച് മന്ത്രി പി.പ്രസാദ് രംഗത്ത് വന്നു. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയില്‍ ജയസൂര്യ അഭിനയിക്കുകയാണെന്നും അതു റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയെന്നും മന്ത്രി പരിഹസിച്ചു.

ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണപ്രസാദ് ബി.ജെ.പി രാഷ്ട്രീയമുള്ളയാളാണെന്നും അയാള്‍ക്ക് കുടിശ്ശികയെല്ലാം കൊടുത്തു തീര്‍ത്തെന്നും മന്ത്രി പറഞ്ഞു. ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണപ്രസാദ് നടത്തിയ പ്രസ്താവന തെറ്റാണ്. ആ പ്രസ്താവനയുടെ വസ്തുത മനസ്സിലാക്കാതെയാണ് ജയസൂര്യ പ്രതികരിച്ചത് -മന്ത്രി പറഞ്ഞു.നല്ല അഭിനേതാവാണ് ജയസൂര്യ എങ്കിലും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ അഭിനയിക്കാന്‍ പാടില്ലാത്തതാണെന്നായിരുന്നു മന്ത്രി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here