കണ്ണൂര്‍ സ്‌ക്വാഡ്’ തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍, നായകനും നിര്‍മാതാവും എന്നതിനപ്പുറം ഈ സിനിമയുമായി മമ്മൂട്ടിക്ക് മറ്റൊരപൂര്‍വ ബന്ധം കൂടിയുണ്ട്. 1989ല്‍ പുറത്തിറങ്ങിയ, മമ്മൂട്ടിയുടെ മഹായാനം എന്ന ചിത്രം നിര്‍മിച്ച സി.ടി. രാജന്റെ മക്കളാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്‍ റോബിയും തിരക്കഥാകൃത്തും നടനുമായ റോണിയും. ജോഷി സംവിധാനം ചെയ്ത മഹായാനം അന്ന് നിരൂപക പ്രശംസ നേടിയെങ്കിലും ബോക്‌സ് ഓഫിസില്‍ ശ്രദ്ധനേടാനായില്ല. നിര്‍മാതാവിന് സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു. കടക്കെണിയില്‍ പെട്ട് സിനിമ നിര്‍മാണം തന്നെ അദ്ദേഹം ഉപേക്ഷിച്ചു.
വര്‍ഷങ്ങള്‍ക്കിപ്പുറം അതേ നിര്‍മാതാവിന്റെ മൂത്ത മകന്‍ തിരക്കഥയെഴുതി അഭിനയിക്കുകയും ഇളയമകന്‍ സംവിധാനം ചെയ്യുകയും ചെയ്യുന്ന ചിത്രം നിര്‍മിച്ച് നായകനായി മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തുമ്പോള്‍ അതൊരു അപൂര്‍വമായ കൂട്ടുചേരലാണ്.
സംവിധായകനായ റോബി രാജിന്റെ ഭാര്യ ഡോ. അഞ്ജു മേരിയാണ് ഈ അപൂര്‍വ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മക്കളായ റോണിക്കും റോബിക്കുമൊപ്പമുള്ള അച്ഛന്റെ ചിത്രം പങ്കുവച്ചായിരുന്നു അഞ്ജുവിന്റെ കുറിപ്പ്.
”ഈ ചിത്രം പോസ്റ്റ് ചെയ്യാനായതില്‍ ഒരുപാട് സന്തോഷം. ഒത്തിരി സ്‌നേഹവും സമ്മിശ്ര വികാരങ്ങളും. 1989ല്‍ മമ്മൂട്ടി നായകനായ ‘മഹായാനം’ എന്ന ചിത്രം നിര്‍മിച്ചത് പപ്പയാണ്. സിനിമ നിരൂപക പ്രശംസ നേടിയെങ്കിലും, അത് അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി, ഒടുവില്‍ നിര്‍മാണം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമകളോടുള്ള ഇഷ്ടം അടുത്ത തലമുറ നന്നായി മുന്നോട്ടു കൊണ്ടുപോയി. 34 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മൂത്ത മകന്‍ റോണി തിരക്കഥയെഴുതി, ഇളയവന്‍ റോബി സംവിധാനം ചെയ്തത് അതേ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വച്ച് ജീവിതവൃത്തം പൂര്‍ത്തിയാവുന്നു.” ഡോ. അഞ്ജു മേരി പോള്‍ കുറിച്ചു.
നടന്‍ അസീസ് നെടുമങ്ങാടും ഈ അപൂര്‍വതയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുക ഉണ്ടായി: ”മഹായാനത്തിലെ ചന്ദ്രുവിനെ അറിയാത്ത മമ്മൂട്ടി ആരാധകര്‍ കാണാന്‍ സാധ്യത ഇല്ല. ഇക്കായ്ക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത സിനിമയും കഥാപാത്രവും. റോണിയുടെയും റോബിയുടെയും അച്ഛന്‍ ആണ് 1989ല്‍ മമ്മൂട്ടിയെ നായകനാക്കി ‘മഹായാനം’ എന്ന ക്ലാസിക് നിര്‍മിച്ചത്. ഇന്ന് 34 വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ മൂത്തമകന്റെ തിരക്കഥയില്‍ ഇളയമകന്‍ സംവിധാനം ചെയ്തു അതേ മമ്മൂട്ടിയെ നായകനാക്കി മറ്റൊരു സൂപ്പര്‍ഹിറ്റ് സിനിമ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. ‘തലമുറകളുടെ നായകന്‍’ എന്ന വിശേഷണതിനു ഇതിലും അര്‍ഹനായ മറ്റൊരു നടനില്ല. ഒരേ ഒരു മമ്മൂട്ടി.”അസീസിന്റെ വാക്കുകള്‍.
ഗ്രേറ്റ്ഫാദര്‍, വെള്ളം, ജോണ്‍ ലൂഥര്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. റോബി വര്‍ഗീസ് രാജിന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ റോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രമെന്ന പ്രത്യേകതയും കണ്ണൂര്‍ സ്‌ക്വാഡിനുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
മുന്‍ കണ്ണൂര്‍ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂര്‍ സ്‌ക്വാഡിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവര്‍ത്തനക്ഷമമായ ഒറിജിനല്‍ സ്‌ക്വാഡില്‍ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും ചിത്രത്തില്‍ നാല് പൊലീസ് ഓഫിസര്‍മാരെ മാത്രം കേന്ദ്രീകരിച്ചാണു മുന്നോട്ടുള്ള യാത്ര. സിനിമയുടെ തിരക്കഥയൊരുക്കിയ റോണിയും മുഹമ്മദ് ഷാഫിയും 2018 ല്‍ കണ്ണൂര്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ നേരില്‍ കണ്ടാണ് കഥ ഒരുക്കിയത്.
മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങള്‍. കണ്ണൂര്‍ സ്‌ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും ചിത്രത്തില്‍ പറയുന്ന സംഘം അന്വേഷിക്കുന്ന കേസുകള്‍ സാങ്കല്‍പികമാണ്.