‘പറയുന്നത് ചെയ്തില്ലെങ്കില്‍ അഭിനയിപ്പിക്കേണ്ടെന്ന് പറഞ്ഞവരുണ്ട്’: ഇഷാ ഗുപ്ത

0
107

ബോളിവുഡിലെ മിന്നും താരമാണ് ഇഷാ ഗുപ്ത. സൗന്ദര്യം കൊണ്ടും പ്രകടന മികവുകൊണ്ടും നിരവധി ആരാധകരെ സമ്പാദിച്ച ബോളിവുഡ് നടി. 2012-ല്‍ ജന്നത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഇഷയുടെ അഭിനയജീവിതം ആശ്രം-സീസണ്‍ 3 എന്ന വെബ്‌സീരീസിലെത്തി നില്‍ക്കുകയാണ്. കരിയറിന്റെ തുടക്കത്തില്‍ താന്‍ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷ.

ഒരു സംവിധായകനെതിരേയാണ് ഇഷ വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു സംവിധായകന്‍ തന്നെ ലൈംഗിക താത്പര്യത്തോടെ സമീപിച്ചെന്നും വഴങ്ങാതിരുന്ന തന്നെ ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. ആ സിനിമ പകുതി ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. സംവിധായകന് വഴങ്ങാതിരുന്ന തന്നെ സിനിമയില്‍ നിന്ന് പുറത്താക്കുമെന്ന് സഹനിര്‍മാതാവ് പറഞ്ഞു. ഇതിനുശേഷം ചില സംവിധായകര്‍ തനിക്ക് അവസരങ്ങള്‍ നിഷേധിക്കുകപോലും ചെയ്തു. അവര്‍ പറയുന്നതൊന്നും ചെയ്യാന്‍ പറ്റില്ലെങ്കില്‍ പിന്നെ തന്നെ സിനിമയില്‍ എടുക്കുന്നത് എന്തിനാണെന്ന് വരെ പലരും പറയുന്നതായി കേട്ടിട്ടുണ്ടെന്നും ഇഷ പറഞ്ഞു.

രണ്ട് തവണയാണ് ഇത്തരം ദുരനുഭവം ഉണ്ടായതെന്നും ഇഷ വെളിപ്പെടുത്തി. ”മറ്റൊരു ചിത്രത്തിന്റെ ഔട്ട്‌ഡോര്‍ ഷൂട്ടിന്റെ സമയത്ത് എനിക്കെതിരെ രണ്ടുപേരാണ് കാസ്റ്റിങ് കൗച്ച് കെണിയൊരുക്കിയത്. എനിക്കത് മനസിലായെങ്കിലും ഞാന്‍ ആ ചിത്രം മുഴുവനാക്കി. കാരണം അതൊരു ചെറിയ നീക്കമായിരുന്നു. അവര്‍ ഒരുക്കിയ കെണിയില്‍ ഞാന്‍ വീഴുമെന്ന് അയാള്‍ കരുതി. ഞാനും സ്മാര്‍ട്ടാണല്ലോ. ഒറ്റക്ക് കിടക്കാന്‍ ഭയം തോന്നിയതിനാല്‍ അന്ന് രാത്രി മേക്കപ്പ് ആര്‍ട്ടിസ്റ്റിനോടൊപ്പമാണ് ഉറങ്ങിയത്.” ഇഷ ഗുപ്ത വ്യക്തമാക്കി.

താരകുടുംബങ്ങളില്‍ നിന്ന് വരുന്ന യുവതാരങ്ങളോട് ആരും ഇങ്ങനെയൊന്നും പെരുമാറില്ലെന്ന് ഇഷ ചൂണ്ടിക്കാട്ടി. ജോലി വേണമെങ്കില്‍ നമ്മള്‍ എന്തിനും തയ്യാറാവുമെന്നാണ് പലരും കരുതിയിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വണ്‍ ഡേ: ജസ്റ്റിസ് ഡെലിവേര്‍ഡ് എന്ന സിനിമയിലാണ് ഇഷാ ഗുപ്ത അടുത്തിടെ അഭിനയിച്ചത്. സായിദ് ഖാന്‍, സാഹില്‍ ഷ്രോഫ്, രണ്‍ധീര്‍ കപൂര്‍, രവി കിഷന്‍ എന്നിവര്‍ക്കൊപ്പമുള്ള ദേശി മാജിക് എന്ന ചിത്രമാണ് നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ദീപക് തിജോരിയുടെ ടിപ്സി, അക്ഷയ്കുമാര്‍ ചിത്രം ഹേരാ ഫെരി 3 എന്നിവയിലും ഇഷയുണ്ട്. പരേഷ് റാവല്‍, സുനില്‍ ഷെട്ടി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റുതാരങ്ങള്‍.

അതേസമയം, മോഡലിംഗില്‍ നിന്നുമാണ് ഇഷ സിനിമയിലെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇഷ. തന്റെ ബോള്‍ഡ് ഫോട്ടോകള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കാറുണ്ട് ഇഷാ ഗുപ്ത. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് ഇഷാ ഗുപ്ത സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ധാരാളം വെല്ലുവിളികളെയും പ്രതിസന്ധികളെയും ഇഷയ്ക്ക് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here