പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തില്‍ തെറ്റില്ല, പ്രസ്താവന സ്ത്രീവിരുദ്ധമല്ല; അലന്‍സിയര്‍

0
188

വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തില്‍ തെറ്റില്ലെന്നും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അലന്‍സിയര്‍ വ്യക്തമാക്കി. അതില്‍ സ്ത്രീവിരുദ്ധതയില്ല. ഒരു പുരുഷന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു. ഒരു ലജ്ജയും ഇല്ല. കിട്ടിയ പുരസ്‌കാരം നടി പൗളി ചേച്ചിയ്ക്കാണ് ആദ്യം നല്‍കിയത്. ഞാനൊരു സ്ത്രീവിരുദ്ധന്‍ ഒന്നുമല്ല. അതൊക്കെ മനസ്സിലാക്കാനുള്ള വിവേകം പെണ്‍കൂട്ടായ്മക്ക് ഉണ്ടാകണം. ആണ്‍കരുത്തുള്ള പ്രതിമ വേണം എന്ന് പറഞ്ഞത് തന്റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് എല്ലാവര്‍ഷവും ഒരേ ശില്പം തന്നെ നല്‍കുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് പ്രസ്താവനയില്‍ അലന്‍സിയര്‍ വിശദീകരിച്ചത്.

ഇന്നലെയാണ്, സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണമെന്ന വിവാദപരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍ രംഗത്തെത്തിയത്. പെണ്‍പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുതെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ അലന്‍സിയര്‍. അന്‍പത്തിമൂന്നാമത് കേരളം സംസ്ഥാന ചലച്ചിത്രപുരസ്‌കാരവേദിയിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . അതുപോലെതന്നെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണമെന്നും, അന്‍പതിനായിരം രൂപ നല്‍കി തന്നെയും കുഞ്ചാക്കോ ബോബനെയും അപമാനിക്കരുതെന്നും അലന്‍സിയര്‍ വേദിയില്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് അര്‍ഹരായത് രണ്ടുപേരാണ്. അലന്‍സിയറും കുഞ്ചാക്കോ ബോബനും. അലന്‍സിയര്‍ പറഞ്ഞത് ഇങ്ങനെയാണ്; ‘അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനായി ഓടിയതായിരുന്നു ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു ആ അവാര്‍ഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തോട് പറയാമായിരുന്നു, ഇപ്പോള്‍ സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം, ഇത് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടനുള്ള പുരസ്‌കാരം എല്ലാവര്‍ക്കും കിട്ടും. എന്നാല്‍ സ്‌പെഷ്യല്‍ കിട്ടുന്നവര്‍ക്കു സ്വര്‍ണത്തിലെങ്കിലും പൊതിഞ്ഞ പ്രതിമ തരണം. എനിക്കും കുഞ്ചാക്കോ ബോബനും ഇരുപത്തയ്യായിരം രൂപയെന്നുപറഞ്ഞു അപമാനിക്കരുത്. ഞങ്ങള്‍ക്കും പൈസയൊക്കെ കൂട്ടണം. അത് ഞാന്‍ ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷിനോട് പറയുകയാണ്.

ഒരു അഭ്യര്‍ത്ഥനകൂടി എനിക്ക് പറയാനുണ്ട്. ഈ പെണ്‍ പ്രതിമ തന്നുകൊണ്ട് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ളൊരു മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള പ്രതിമ തരണം. ആണ്‍ കരുത്തുള്ള പ്രതിമ എന്ന് വാങ്ങിക്കാന്‍ കഴിയുന്നോ, അന്ന് ഞാന്‍ അഭിനയം നിര്‍ത്തും.” എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.

അതിനിടെ, അലന്‍സിയര്‍ക്കെതിരെ അവാര്‍ഡ് ജേതാവ് ശ്രുതി ശരണ്യവും രംഗത്തെത്തിയിട്ടു. പ്രത്യേക ജൂറി പരാമര്‍ശ പുരസ്‌കാരം വാങ്ങിയ ശേഷമുള്ള അലന്‍സിയറിന്റെ ഈ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു വിഭാഗം ശക്തമായി വിമര്‍ശിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ ട്രോളുകളുമായാണ് താരത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here