കഴിഞ്ഞ ദിവസമാണ് വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടന്‍ കുണ്ടറ ജോണി വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പ്രിയതാരത്തിന്റെ അപ്രതീക്ഷിത നടുക്കത്തിലാണ് മലയാള സിനിമ ലോകം. ജോണിയെ അനുസ്മരിച്ച് നിരവധി താരങ്ങളാണ് എത്തുന്നത്. ഇപ്പോഴിതാ ജോണിയെ കുറിച്ച് മുകേഷ് പറഞ്ഞ വീഡിയോയാണ് സമൂഹ മാധ്യമങ്ങലില്‍ വൈറലാക്കുന്നത്. കണ്ണൂരില്‍ ഷൂട്ടിങ് നടക്കുന്ന സമയത്ത് കുണ്ടറ ജോണി അടക്കമുള്ള താരങ്ങള്‍ക്കൊപ്പം പറശ്ശിനിക്കടവ് മുത്തപ്പന്റെ അടുത്ത് പോയതും അവിടെ വച്ച് ജോണി പറഞ്ഞ ആഗ്രഹത്തെകുറിച്ചുമാണ് മുകേഷ് വീഡിയോയില്‍ പറയുന്നത്.
‘ഒരു ദിവസം ഷൂട്ടിങ് സെറ്റില്‍നിന്ന് രണ്ടു വണ്ടി നിറയെ ആളുകളുമായി ഞങ്ങള്‍ ക്ഷേത്രത്തില്‍ പോയി. അന്ന് അവിടെ മുത്തപ്പന്‍ വെള്ളാട്ട് നടക്കുന്ന ദിവസമായിരുന്നു. മുത്തപ്പന്റെ അനുഗ്രഹം വാങ്ങാനായി എല്ലാവരും വരിയായി നിന്നു. ഭീമന്‍ രഘുവും, കുണ്ടറ ജോണിയുമൊക്കെയുണ്ട്’. ‘ഏറ്റവും മുന്നിലായി നില്‍ക്കുന്ന എന്നെ തട്ടി മാറ്റി കുണ്ടറ ജോണി മുന്നില്‍ വന്നു നിന്നു. അനുഗ്രഹം വാങ്ങിക്കാന്‍ എത്തിയ ജോണിയോട് ‘എന്താ മോന്റെ ആഗ്രഹം’ എന്ന് മുത്തപ്പന്‍ ചോദിച്ചു. അത് ജോണി പ്രതീക്ഷിച്ചിരുന്നില്ല. ആഗ്രഹം മുത്തപ്പനോട് പറയുന്നത് തൊട്ടുപിന്നിലുള്ള ഞാന്‍ കേട്ടാലോ എന്ന് കരുതി, നല്ല പൊക്കമുള്ള ജോണി കുനിഞ്ഞ് മുത്തപ്പന്റെ കാതില്‍ എന്തോ പിറുപിറുത്തു. ‘സൂപ്പര്‍ സ്റ്റാറാകണം’ എന്നാണ് പറഞ്ഞത്. എന്നാല്‍ ഇത് മുത്തപ്പന്‍ കേള്‍ക്കാതെ വന്നതോടെ ‘നല്ല ആരോഗ്യം വേണം’ എന്ന് ജോണി പറഞ്ഞു. മുത്തപ്പന്‍ ജോണിയുടെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചുവെന്നും മുകേഷ് പറഞ്ഞു.
അതേസമയം, വില്ലനായും സ്വഭാവനടനായും മലയാളസിനിമയില്‍ തിളങ്ങിയ നടന്‍ കുണ്ടറ ജോണി ഇന്നലെ അന്തരിച്ചു. കൊല്ലം കാങ്കത്തുമുക്ക് ആര്‍ടെക് ഫ്‌ലാറ്റിലായിരുന്നു താമസം. രാത്രി എട്ടുമണിയോടെ കാറില്‍ സഞ്ചരിച്ചിരുന്നപ്പോള്‍ കൊല്ലം ചിന്നക്കടയില്‍വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 9.30-ഓടെ മരിച്ചു. 44 വര്‍ഷത്തിനിടെ അഞ്ഞൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. ഏതാനും തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
1979-ല്‍ പുറത്തിറങ്ങിയ നിത്യവസന്തമായിരുന്നു ആദ്യചിത്രം. മീന്‍, പറങ്കിമല, കരിമ്പന, ഗോഡ്ഫാദര്‍, കിരീടം, ചെങ്കോല്‍, നാടോടിക്കാറ്റ്, ദാദാസാഹിബ്, ഭരത്ചന്ദ്രന്‍ ഐ.പി.എസ്., കുട്ടിസ്രാങ്ക്, ഒരു വടക്കന്‍ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധേയമായി. മേപ്പടിയാനിലാണ് ഒടുവില്‍ അഭിനയിച്ചത്.
കുണ്ടറ കാഞ്ഞിരോട് കുറ്റിപ്പുറംവീട്ടില്‍ പരേതരായ ജോസഫിന്റെയും കാതറീന്റെയും മകനാണ്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ ഹിന്ദി അധ്യാപികയായിരുന്ന സ്റ്റെല്ല ജോണിയാണ് ഭാര്യ. മക്കള്‍: ആഷിമ, ആസ്റ്റജ് ജോണി (ആരവ്). ബുധനാഴ്ച 10 മുതല്‍ 12 വരെ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കുണ്ടറയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വ്യാഴാഴ്ച കാഞ്ഞിരോട് സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയില്‍.