ഒരു പ്രത്യേക ടൈപ്പ് മനുഷ്യനാണ് ടിനുവെന്ന് ജോയ് മാത്യു. ചാവേറിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ഈ സിനിമ സംവിധാനം ചെയ്യാനിരുന്നതാണെന്നും നടന്‍ പറഞ്ഞു. ജോയ് മാത്യുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗാജന്തരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ജോയ് മാത്യു എന്നിവരാണ്. അരുണ്‍ നാരായണന്‍, വേണു കുന്നപ്പിള്ളി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജോയ് മാത്യുവിന്റെ വാക്കുകള്‍
”ചാവേര്‍ എന്ന സിനിമ തീയേറ്ററുകളിലേക്ക് എത്തുകയാണ്. ഒരു സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് അതിന്റെ തിരക്കഥയോ ചിന്തയോ കഥാതന്തുവോ അങ്ങനെയൊക്കെ പറയാം. അങ്ങനെയൊരു ചിന്ത എന്റെ മനസ്സില്‍ വരികയും കോവിഡ് സമയത്താണ് വീട്ടില്‍ അടച്ചുപൂട്ടി ഇരിക്കുന്ന കാലത്ത് മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ടും ഒക്കെയായിട്ട് ഈ ഒരു സിനിമ എഴുതാന്‍ തുടങ്ങി. അങ്ങനെ പല പ്രാവശ്യം മാറ്റിയെഴുതി. എന്റെ വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് സീനുകള്‍ വായിക്കാന്‍ കൊടുക്കുകയും മാറ്റുകയും ചെയ്തിരുന്നു, അതിന്റെ ഒരു രീതി അങ്ങനെയാണ്. പലതും വഴിയില്‍ വച്ച് ഉപേക്ഷിക്കപ്പെട്ടിട്ടുമുണ്ട്. അപ്പോള്‍ പൊതുവെ എല്ലാവരും കൊള്ളാം നല്ല സിനിമയായി മാറും എന്ന് പറയുകയും ഞാന്‍ ആദ്യം സംവിധാനം ചെയ്ത ‘ഷട്ടര്‍’ എന്ന സിനിമയ്ക്ക് ശേഷം ഞാന്‍ തന്നെ സംവിധാനം ചെയ്യാന്‍ വിചാരിച്ചിരുന്ന ഒരു സിനിമ ആയിരുന്നു ‘ചാവേര്‍’.
പല കാരണങ്ങള്‍ കൊണ്ട് എന്നിലെ തന്നെ ഒരു മടിയന്‍ അത് പിന്നേക്ക് പിന്നേക്ക് മാറ്റിവച്ചു. അപ്പോള്‍ എനിക്ക് പുതിയൊരു തിരക്കഥ എഴുതാനുള്ള മൂഡ് വന്നപ്പോള്‍ ഞാന്‍ ഇത് മാറ്റി പിന്നത്തേക് വച്ചു. ആ സമയത്താണ് എന്റെ അടുത്ത സുഹൃത്തും ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സൗണ്ട് ഡിസൈനറുമായ രംഗനാഥ് രവിയെ കാണുന്നത്. അപ്പോള്‍ രംഗനും ഞാനും എന്നത് ഒരു വ്യക്തിപരമായ വളരെ അടുത്ത ബന്ധം കൂടിയുള്ളവരാണ്.
സുഹൃത്തും കുടുംബസുഹൃത്തും കൂടിയാണ്. സിനിമയെക്കുറിച്ച് അല്ലാതെ തന്നെ പല വ്യക്തിപരമായ കാര്യങ്ങള്‍ക്കു വേണ്ടി കൂടെ നില്‍ക്കുന്ന ആളാണ്. അപ്പോള്‍ ഞാന്‍ ഇത് രംഗന് വായിക്കാന്‍ കൊടുത്തു, രംഗന്‍ വായിച്ചു എന്നാണ് തുടങ്ങുന്നത് എന്ന് ചോദിച്ചു. പിന്നെ കണ്ടപ്പോള്‍ ചോദിച്ചു, നമുക്ക് ആ ചാവേര്‍ തുടങ്ങണ്ടേ എന്ന് ചോദിച്ചു. ഒരു മൂഡ് പോയഡോ അത് അവിടെ നില്‍ക്കട്ടെ, ഇപ്പോള്‍ വേറൊരു കാര്യമാണ് ആലോചിക്കുന്നത് എന്ന് പറഞ്ഞു. അപ്പോള്‍ എന്നോട് പറഞ്ഞു ടിനു ഇങ്ങനെയൊരു തിരക്കഥ അന്വേഷിക്കുന്നുണ്ട്, ടിനുവിന് കൊടുത്തൂടെ എന്ന് ചോദിച്ചു.
ടിനു പാപ്പച്ചന്‍ അസ്സോസിയേറ്റ് ആയി ജോലി ചെയ്യുമ്പോള്‍ ഒരു പടത്തില്‍ അഭിനയിച്ചിട്ടുണ്ട്, സ്ട്രീറ്റ് ലൈറ്റ്സ് എന്ന സിനിമ ആണെന്നാണ് തോന്നുന്നത്. അന്നേ ഞാന്‍ നോക്കിയിരുന്നു, ഒരു പ്രത്യേകതരം മനുഷ്യനാണ്. ഒരു വെപ്രാളം അങ്ങനെ പറഞ്ഞാലേ ശരിയാവുകയുള്ളൂ. ക്രിയേറ്റിവിറ്റി മുറ്റിനില്‍ക്കുന്ന ഒരു മനുഷ്യനാണ് ടിനു പാപ്പച്ചന്‍. അദ്ദേഹത്തിന്റെ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ഞാന്‍ കണ്ടിട്ടുണ്ട്, എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ ‘അജഗജാന്തരവും’ ഞാന്‍ തീയേറ്ററില്‍ പോയി കണ്ട സിനിമയാണ്. ഒരക്ഷരം എനിക്ക് അടുത്ത ആളോട് സംസാരിക്കാന്‍ ഗ്യാപ്പ് കിട്ടാത്ത ഒരു സിനിമ ആയിപ്പോയി അത്. അത്രയ്ക്ക് നമ്മളെ ലോക്ക് ചെയ്ത സിനിമയായിരുന്നു അത്.
അപ്പോള്‍ ഞാന്‍ രംഗനോട് ചോദിച്ചു, രംഗാ ഇത് ടിനു ചെയ്യുമോ? ടിനുവിന്റെ ഒരു ടേസ്റ്റ് ഇതാണോ? എന്ന് ചോദിച്ചു. ടിനുവിന്റെ ടേസ്റ്റ് തന്നെയാണ് ഇത്, ടിനു ചെയ്താല്‍ ഗംഭീരമാവും എനിക്ക് ഉറപ്പാണ് എന്ന് മറുപടി പറഞ്ഞു. അങ്ങനെയാണ് ടിനു പാപ്പച്ചനിലേക്ക് ഈ തിരക്കഥ എത്തുന്നത്. പിന്നെ ഞങ്ങള്‍ ഇതിനെപ്പറ്റി ചര്‍ച്ചയായി അധികം തിരുത്തലുകള്‍ ഒന്നും വേണ്ടിവന്നില്ല, ചെറിയ തിരുത്തലുകള്‍ ടിനു ആവശ്യപ്പെടും ചിലത് ഞാന്‍ വഴങ്ങും, ചിലത് ഞാന്‍ വഴങ്ങില്ല, അങ്ങനെയേ ഇത് സംഭവിക്കുകയുള്ളൂ. അല്ലാതെ ടിനു പറയുന്നത് പോലെ എഴുതാനും ഞാന്‍ പറയുന്നത് തന്നെ ചിത്രീകരിക്കാനും നിന്നാല്‍ ഈ സിനിമ അങ്ങനെ ആയി മാറില്ല. മറിച്ച് അതൊരു ‘കളക്റ്റീവ് സ്പിരിറ്റ്’ എന്നുള്ള രീതിയിലാണ് സിനിമയെ ഞാന്‍ കാണാറുള്ളൂ, ഇതില്‍ അഭിനയിക്കുന്ന ആളുകളോടും ഞാന്‍ പറഞ്ഞത് ഇങ്ങനെ തന്നെയാണ്. അവരുടെ നാക്കില്‍ വഴങ്ങുന്ന രീതിയില്‍ അവരുടെ മനസ്സില്‍ വഴങ്ങുന്ന രീതിയില്‍ അര്‍ഥം മാറാതെ നിങ്ങള്‍ക്ക് സംഭാഷണം മാറ്റുകയൊക്കെ ചെയ്യാം, പ്രശ്‌നങ്ങള്‍ ഒന്നുമില്ല.
അപ്പോള്‍ അതിന്റെ ഒരു സൗന്ദര്യവും ഈ സിനിമയ്ക്കുണ്ട്. സിനിമയിലെ സംവിധായകനും സംഗീത സംവിധായകനുമെല്ലാം ക്യാമറമാനായാലും ഈഗോയില്ല, വഴക്കില്ല, പിണങ്ങി നില്‍ക്കുന്നില്ല ഇതുവരെ അങ്ങനെ ഉണ്ടായിട്ടുമില്ല. അതുണ്ടാകാനുള്ള സാധ്യതയുമില്ല അങ്ങനെയാണ് ഈ സിനിമ സംഭവിച്ചത്. പിന്നെ ഈ സിനിമയില്‍ നിര്‍മ്മാതാവായി അരുണ്‍ വരുന്നു. അരുണിനെ എനിക്ക് നേരത്തെ അറിയാം. അരുണും ഞാനും പത്ത് വര്‍ഷം മുമ്പേ ഒരുമിച്ച് അഭിനയിച്ചതാണ്. ആ സിനിമയില്‍ എന്റെ മകനായിട്ടാണ് അഭിനയിച്ചത്. ആ സിനിമ നന്നായി എടുക്കാന്‍ പറ്റുമെന്ന് ഉറപ്പാണ്. ഒന്നിനും ഒരു കുറവുമില്ലാതെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലാത്ത 2 നിര്‍മ്മാതാക്കള്‍. വേണുചേട്ടനൊടൊപ്പം 2018 സിനിമ, അതിന്റെ ആഘോഷമായിരുന്നു കഴിഞ്ഞദിവസം. വരാന്‍ പോകുന്ന സിനിമകളില്‍ ഈ ചിത്രം മൂന്നാമത്തെ സിനിമയാണ്. 2018പോലെ ഈ സിനിമയുടെ വിജയിക്കട്ടെ’