പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന കാത്തിരിപ്പാണ് കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ‘ചാവേർ’ എന്ന സിനിമയ്ക്കായുള്ളത്. ഇതുവരെ ടിനു പാപ്പച്ചൻ തന്ന സിനിമകളിൽ ഏറ്റവും നല്ലതെന്ന് പറയാൻ കഴിയുന്ന സിനിമയായിരിക്കും ‘ചാവേർ’ എന്നാണ് നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞത്, ചാവേറിന്റെ ട്രെയിലർ ലോഞ്ച് വേദിയിൽ വെച്ചായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
കുഞ്ചാക്കോ ബോബന്റെ വാക്കുകൾ…
”ടിനു പാപ്പച്ചന്റെ സിനിമകളിൽ ഇതുവരെ ഉള്ളതിൽ ഏറ്റവും നല്ലതെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണ് ചാവേർ എന്ന് ഞങ്ങൾക്ക് നിസംശയം പറയാൻ സാധിക്കും. ആ രീതിയിലാണ് എല്ലാവരും പണിയെടുത്തിരിക്കുന്നത്. സിനിമാക്കാർ വളരെ കഷ്ടപ്പെട്ട് പണിയെടുത്ത് ഒരു സിനിമ തീയേറ്ററിലെത്തിക്കുമ്പോൾ, ചിലപ്പോളത് ശ്രദ്ധിക്കപ്പെടാതെ പോവാറുണ്ട്. അതിൽ പലരും സങ്കടം പറയാറുമുണ്ട്, എന്നാൽ സിനിമ തീയേറ്ററിൽ ആളുകളെ എന്റെർറ്റൈൻ ചെയ്യിപ്പിക്കുന്നുണ്ടോ എന്നത് മാത്രമാണ് പ്രധാനം. ആ രീതിയിൽ പ്രേക്ഷകരെ തീയേറ്ററിൽ ആവേശഭരിതരാക്കാൻ വേണ്ടി ചാവേർ സിനിമയുടെ എല്ലാ മേഖലയിലുള്ളവരും ശ്രമിച്ചിട്ടുണ്ട്.
ടെക്‌നിക്കൽ , ആർട്ട് , തുടങ്ങി എല്ലാ മേഖലകളിൽ നിന്നും പൂർണ്ണമായുള്ള ഒരു ഇടപെടൽ ആണ് ചാവേറിന് നടന്നിട്ടുള്ളത്. അത് അതെ രീതിയിൽ തന്നെ പ്രേക്ഷകർക്ക് ലഭിക്കുമെന്ന ആത്മ വിശ്വാസവും ഉണ്ട്. ഇതൊരു ഓവർ കോൺഫിഡൻസ് അല്ല, വിശ്വാസമാണ്. കാരണം സിനിമയുടെ ഗ്യാരന്റിയുടെ കാര്യത്തിലാണെങ്കിലും അതിനുള്ള പ്രയത്നത്തിന്റെ കാര്യത്തിലാണെങ്കിലും എല്ലാ പ്രേക്ഷകർക്കും ഒരു മിനിമം ക്വാളിറ്റിയുള്ള സിനിമ അനുഭവം കൊടുക്കുന്ന സിനിമയായിരിക്കും ഇതെന്നാണ് ഞങ്ങളുടെ വിശ്വാസം. ”
ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആരാധകരിൽ ആകാംഷ നിറച്ചുകൊണ്ട് ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്. മലയാള സിനിമകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒരു സിനിമയാണ് ചാവേര്‍. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗാജന്തരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
രാഷ്ട്രീയം, സൗഹൃദം, പക എന്നിവയൊക്കെ പ്രമേയ പരിസരത്തില്‍ കടന്നുവരുന്ന ചിത്രമാണിത്. ഒരു സ്ലോ പേസ് ത്രില്ലര്‍ ആയിരിക്കും ചിത്രം. ജോയ് മാത്യുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണന്‍, വേണു കുന്നപ്പിള്ളി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിഎന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ നിഷാദ് യൂസഫ്, മ്യൂസിക് ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, കൊസ്റ്റ്യൂം ഡിസൈനര്‍ മെല്‍വി ജെ, സ്റ്റണ്ട് സുപ്രീം സുന്ദര്‍ എന്നിവരാണ് നിർവഹിക്കുന്നത്.