മലയാളികളുടെ ഷാജി പാപ്പന് ഇന്ന് പിറന്നാള്‍

0
372

സ്‌കൂളില്‍ വികൃതിയും ഉഴപ്പനുമായ പയ്യനോട് ടീച്ചര്‍മാരെല്ലാവരും ഒരേ സ്വരത്തില്‍ പറയുമായിരുന്നു എടാ നിനക്ക് വല്ലാ സിനിമയിലും പോയി അഭിനയിച്ചൂടെ എന്ന്, അന്നത് ശകാരവും തമാശയുമൊക്കെ ആയിരുന്നെങ്കിലും അഭിനയമെന്ന മോഹം തലക്കുപിടിച്ച ആ കൊച്ചുകുട്ടി, ജീവിതത്തിന്റെ ഓരോ നിമിഷത്തിലും സിനിമയെന്ന സ്വപ്നത്തെ കൂടെ കൂട്ടി, അതിനായി കഠിനമായി പരിശ്രമിച്ചു. മിമിക്രി കലാകാരനായും, ഡബ്ബിങ് ആര്‍ട്ടിസ്ഥായും, അവതാരകനയും സിനിമയിലേക്കുള്ള പടികള്‍ ഒന്നൊന്നായി ചവിട്ടിക്കയറി. തോല്‍വികളും രൂക്ഷ നിരൂപണങ്ങളും ആവേശമാക്കിയ ആ യുവാവ് ഇന്ന് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. നായകനാകുന്ന ആദ്യ സിനിമയില്‍ സംഭാഷണങ്ങള്‍ പോലുമില്ലാത്ത ഉരിയാടാ പയ്യനായി മലയാളത്തിന്റെ നായക പദവിയിലേക്കുയര്‍ന്ന് ജയസൂര്യ.

ആദ്യകാലത്ത് പേര് പോലുമില്ലാത്ത കഥാപാത്രങ്ങളായി ചില സിനിമകളില്‍ ജയസൂര്യ പ്രത്യക്ഷപ്പെട്ടിരുന്നു. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ ഡേറ്റ്കിട്ടാത്തതുകൊണ്ട് പകരക്കാരനായാണ് പുതുമുഖമായ ജയസൂര്യയെ വിനയന്‍ നായകനായി അവതരിപ്പിക്കുന്നത്. ഊമയായുള്ള ജയസൂര്യയുടെ അഭിനയം അന്ന് മികച്ച അഭിപ്രായം നേടിയതോടെ, നിരവധി സിനിമകള്‍ താരത്തെ തേടിയെത്തി. പിന്നീട് സ്വപ്നക്കൂട്, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ മുന്‍നിരനായകനായി ജയസൂര്യ ഉയര്‍ന്നു. ആദ്യകാലങ്ങളില്‍ കൂടുതലും കോമഡി വേഷങ്ങളായിരുന്നു ലഭിച്ചിരുന്നത്.

നടന്‍, നിര്‍മ്മാതാവ്, ഗായകന്‍ എന്നീ നിലകളില്‍ കൈയ്യൊപ്പ് പതിപ്പിച്ച ജയസൂര്യ, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ്. 1978 ഓഗസ്റ്റ് 31ന് മണിയുടേയും തങ്കത്തിന്റേയും മകനായി ജനിച്ച താരം എറണാകുളത്തുതന്നെയാണ് പ്രാഥമക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എറണാകുളം ഓള്‍ സെയിന്റ്‌സ് കോളേജില്‍ നിന്ന് ബിരുദം നേടിയതിനുശേഷം, ജയസൂര്യ കോട്ടയം നസീറിന്റെ കൊച്ചിന്‍ ഡിസ്‌കവറി എന്ന മിമിക്രി ട്രൂപ്പില്‍ ചേര്‍ന്നിരുന്നു. കൂടാതെ ക്രൗണ്‍ ഓഫ് കൊച്ചിന്‍ എന്ന ട്രൂപ്പിലും സജീവമായി പ്രവര്‍ത്തിച്ച ജയസൂര്യ പിന്നീട് നിരവധി ചാനലുകളില്‍ അവതാരകനായി. അക്കാലത്താണ് സീരിയലുകളിലെ അഭിനേതാക്കള്‍ക്ക് ശബ്ദം നല്‍കിയിരുന്നത്.

കലാലയസിനിമകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ക്ലാസ്‌മേറ്റ്‌സ്, ലോലിപോപ്, അറബിക്കഥ തുടങ്ങിയ സിനിമകളില്‍ നെഗറ്റീവ് ചായ്വുള്ള കഥാപാത്രങ്ങളായും താരം തന്റെ കഴിവ് തെളിയിച്ചു. ഇന്നും ആരാധകര്‍ക്കു ആവേശമായ ആടിലെ ഷാജി പാപ്പന്‍, പുണ്യാളന്‍ അഗര്‍ബത്തിസിലെ തൃശൂര്‍ക്കരന്‍ ജോയ് താക്കോല്‍ക്കാരന്‍, മേരിക്കുട്ടി, ക്യാപ്റ്റനിലെ സത്യന്‍, വെള്ളത്തിലെ മുരളി. തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ അഭിനയത്തിന്റെ പല രൂപഭാവങ്ങളും ജയസൂര്യ നമ്മുക്ക് കാട്ടിത്തന്നു.

ട്രിവാന്‍ഡ്രം ലോഡ്ജ്, മുംബൈ പോലീസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അപ്പോത്തിക്കരി തുടങ്ങിയ സിനിമകളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് ജയസൂര്യയെത്തിയത്. 2014-ല്‍ ഇറങ്ങിയ ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രം അവതരിപ്പിച്ചതിലൂടെ ഏത് വേഷങ്ങളും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചു.

ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ പ്രകടനത്തിന് 2018-ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ജയസൂര്യയെ തേടിയെത്തിയിരുന്നു. കൂടാതെ സു.. സു… സുധി വാത്മീകം, ലുക്കാ ചുപ്പി എനിനിവയിലെ അഭിനയത്തിന് ദേശീയചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

2013-ല്‍ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയിലൂടെ നിര്‍മ്മാതാവായും താരം അരങ്ങേറ്റം കുറിച്ചു. പിന്നീട് സു.. സു… സുധീ വാത്മീകം, പ്രേതം,പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചു. അഭിനയത്തിലും നിര്‍മ്മാണമേഖലയിലും ഒതുങ്ങുന്നതായിരുന്നില്ല ജയസൂര്യ എന്ന കലാകാരന്റെ കഴിവ്. ഷാജഹാനും പരീക്കുട്ടിയും, അമര്‍ അക്ബര്‍ അന്തോണി, ആട്, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ സിനിമകളില്‍ ഗായകനായും താരം തിളങ്ങി.

ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാകാന്‍ പോകുന്ന, വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന കത്തനാര്‍ ആണ് പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ജയസൂര്യ ചിത്രം. ഒമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ ഇപ്പോള്‍ ചിത്രീകരണത്തിലാണ്.

ഒരു സാധാരണ കുടുംബത്തില്‍ നിന്നും സിനിമാമേഖലയിലേക്ക് വന്ന താരം ഇല്ലായ്മയില്‍നിന്നുതന്നെയാണ് എല്ലാം നേടിയെടുത്തത്. ഇന്നും അഭിനയത്തിന്റെ കാണാപ്പുറങ്ങള്‍ തേടിപ്പോവുന്ന ജയസൂര്യയെന്ന കലാപ്രതിഭയ്ക്ക് പിറന്നാളാശംസകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here