ക്രൂരമായ ആക്രമണം നേരിട്ടതായി മുതിര്‍ന്ന നടന്‍ മോഹന്‍ ശര്‍മ്മ

0
228

രുകാലത്ത് തെന്നിന്ത്യന്‍ സിനിമാ മേഖലയിൽ നായകനായി തിളങ്ങിയ നടനായിരുന്നു മോഹന്‍ ശര്‍മ്മ. പിന്നീട് മുതിര്‍ന്ന പല കഥാപാത്രങ്ങളിലും വില്ലന്‍ കഥാപാത്രങ്ങളിലും വിവിധ ഭാഷകളിലായി നടന അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ചെന്നൈയിലാണ് ഇദ്ദേഹം സ്ഥിര താമസമാക്കിയിരിക്കുന്നത്. തനിക്കെതിരെ ക്രൂരമായ ആക്രമണം നടന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ഇപ്പോൾ.

ചൊവ്വാഴ്ച്ച ചെന്നൈ ടി നഗറില്‍ നിന്നും ചെന്നൈ ചെട്ട്പേട്ട് ഹാരിംഗ്ടണ്‍ റോഡിലെ തന്‍റെ വസതിയിലേക്ക് മടങ്ങിവരവെ അക്രമിക്കപ്പെട്ടു എന്നാണ് മോഹന്‍ ശര്‍മ്മ പറഞ്ഞത്. അദ്ദേഹത്തിന്‍റെ മൂക്കിന് അടക്കം വളരെ സാരമായ പരിക്ക് സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. അക്രമണത്തിന് ശേഷം ഇദ്ദേഹത്തെ കിലാപുക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു. പിന്നീട് വെള്ളിയാഴ്ച വീട്ടിലേക്ക് മടങ്ങിയ മോഹന്‍ ശര്‍മ്മ സംഭവത്തെകുറിച്ച ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കിയിരുന്നു. ഇതിലാണ് സംഭവത്തെക്കുറിച്ച് വിശദമായി തന്നെ അദ്ദേഹം പറയുന്നത്.

ചെന്നൈ പോയിസ് ഗാര്‍ഡനിലുള്ള മോഹന്‍ ശര്‍മ്മയുടെ പേരിലുള്ള വീട് അടുത്തിടെ ആണ് വിറ്റിരുന്നത്. ഒരു ബ്രോക്കര്‍ വഴിയായിരുന്നു വിൽപന നടന്നത്. എന്നാല്‍ വില്‍പ്പനയ്ക്ക് പിന്നാലെ ഈ ബ്രോക്കര്‍ വീടിന്‍റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ താമസം തുടങ്ങിയെന്ന് മോഹന്‍ അറിയുകയും, അത് ചോദ്യം ചെയ്തതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക് തര്‍ക്കം നടക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ മോഹന്‍ പൊലീസിൽ കേസ് കൊടുത്തിരുന്നു. അതിന്‍റെ പേരില്‍ ഈ ബ്രോക്കര്‍ മോഹനെതിരെ ഭീഷണിയും മുഴക്കിയിരുന്നു. ഇതിന് ശേഷമാണ് ആക്രമണം നടന്നത്. കാറില്‍ നിന്നും പിടിച്ചിറക്കി ബ്രോക്കര്‍ നിയോഗിച്ച ഗുണ്ടകള്‍ ആക്രമിച്ചുവെന്നാണ് മോഹന്‍ വീഡിയോയിൽ പറയുന്നത്. തന്‍റെ മുഖം അടിച്ചു പൊളിച്ചെന്നും ആസിഡ് ആക്രമണത്തിന് ശ്രമിച്ചുവെന്നും മോഹന്‍ പറയുന്നുണ്ട്.

 

മോഹന്‍റെ പരാതിയില്‍ പൊലീസ് വധശ്രമത്തിന് ഉൾപ്പെടെ ആണ് കേസ് എടുത്തിട്ടുള്ളത്. ബ്രോക്കര്‍ അടക്കം ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തമിഴില്‍ സീരിയല്‍ രംഗത്ത് ഇപ്പോള്‍ സജീവമായി നിൽക്കുന്ന നടനാണ് മോഹന്‍ ശര്‍മ്മ. താലാട്ട് എന്ന ഇദ്ദേഹം പ്രധാന വേഷത്തില്‍ എത്തുന്ന സീരിയില്‍ തമിഴ്നാട്ടില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയലാണ്. 1971 മുതൽ സൗത്ത് ഇന്ത്യൻ ചലച്ചിത്രരംഗത്ത് നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായ താരമാണ് മോഹൻ ശർമ. പതിനഞ്ചിലധികം ചിത്രങ്ങളുടെ നിർമ്മാതാവാണ് അദ്ദേഹം . 1974ൽ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന ചിത്രത്തിലെ ലക്ഷ്മിയോടൊത്തുള്ള വേഷത്തിലൂടെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ നേയിയത്.

LEAVE A REPLY

Please enter your comment!
Please enter your name here