മമ്മൂട്ടി നായകനായി എത്തിയ ആക്ഷന്‍ ചിത്രം ടര്‍ബോ 40 ദിവസം പിന്നിട്ടു. തീയറ്ററുകളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞദിവസം ചിത്രം അഞ്ചാംവാരത്തിലേക്കെത്തിയപ്പോള്‍ പുതിയ തിയറ്റര്‍ ലിസ്റ്റ് മമ്മൂട്ടി കമ്പനി പുറത്തുവിട്ടിരുന്നു. മലയാളികള്‍ മനസ്സറിഞ്ഞു നല്‍കിയ വിജയമെന്നാണ് പോസ്റ്ററില്‍ പങ്കുവെച്ചിരിക്കുന്ന ക്യാപ്ഷന്‍. അഞ്ചാം വാരത്തില്‍ കേരളത്തില്‍ മാത്രം നൂറ്റി പത്തോളം തിയറ്ററുകള്‍ ടര്‍ബോയ്ക്ക് ഉണ്ട്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസ് ആണ്.
മെയ് 24ന് ആണ് ടര്‍ബോ തിയറ്ററില്‍ എത്തിയത്. 2 മണിക്കൂര്‍ 35 മിനിറ്റ് ആയിരുന്നു ചിത്രത്തിന്റെ ദൈര്‍ഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. മാസ് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിര്‍മ്മാണത്തില്‍ ആദ്യമായാണ് എത്തിയത് എന്ന പ്രത്യേകതയും ടര്‍ബോയ്ക്ക് ഉണ്ട്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും സൗദി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രം മികച്ച കുതിപ്പാണ് നടത്തിയത്. സൗദിയില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും മികച്ച കളക്ഷനാണ് ടര്‍ബോ നേടിയത്.
പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.
അതേസമയം, കഴിഞ്ഞ ദിവസം ടര്‍ബോയുടെ അറബിക് വെര്‍ഷന്‍ ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തു. 11 ദിവസം കൊണ്ട് ടര്‍ബോ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 70 കോടി നേടിയതായി അണിയറക്കാര്‍ അറിയിച്ചിരുന്നു.