വൈറല്‍ ഗായകന്‍ രമേഷ് പൂച്ചാക്കല്‍ സുമതി വളവില്‍ പാടുന്ന സന്തോഷം പങ്കുവെച്ച് മുരളി കുന്നുംപുറത്ത്

0
176

തടിപ്പണിക്കിടെ ‘വികാര നൗകയുമായ്…’ എന്ന ഗാനം പാടി സോഷ്യല്‍മീഡിയയില്‍ വൈറലായ രമേഷ് പൂച്ചാക്കലിന്റെ ശബ്ദം ഇനി സിനിമയിലും. മുരളി കുന്നുംപുറത്ത് നിര്‍മിക്കുന്ന ‘സുമതി വളവ്’ എന്ന ചിത്രത്തിലാണ് രമേശ് പൂച്ചാക്കല്‍ ഗാനം ആലപിക്കുന്നത്. നിര്‍മാതാവ് എന്ന നിലയില്‍ രമേശിന് നല്‍കിയ വാക്ക് പാലിക്കപ്പെടുന്നതില്‍ സന്തോഷമെന്നും സംഗീത ലോകത്തേക്ക് സ്വാഗതമെന്നും നിര്‍മ്മാതാവായ മുരളി കുന്നുംപുറത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ജോലിയ്ക്കിടെ പാടിയ പാട്ട് കണ്ടിട്ട് മുരളി ആ സമയത്ത് തന്നെ നേരിട്ട് കണ്ട് അഭിനന്ദിച്ചിരുന്നു.തന്റെ അടുത്ത സിനിമയില്‍ പാട്ട് പാടാന്‍ അവസരം നല്‍കുമെന്നും പറഞ്ഞിരുന്നു.

ഫേസ്ബുക്കിലെഴുതിയ കുറിപ്പ്……

അവിചാരിതമായി സിനിമയില്‍ പ്രൊഡ്യൂസര്‍ ആയി എത്തിയ ഒരാളാണ് ഞാന്‍. സിനിമയിലെ വലുതും ചെറുതുമായ ഒരുപാട് കലാകാരന്മാരുടെ സൗഹൃദം എനിക്ക് കിട്ടിയ സൗഭാഗ്യങ്ങളില്‍ ഏറ്റവും വലുതാണ്. ഞാന്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം ‘സുമതി വളവില്‍’ സന്തോഷകരമായ ഒരു കാര്യം കൂടി ഞാന്‍ പങ്കു വയ്ക്കട്ടെ.. വര്‍ഷങ്ങള്‍ക്കു മുന്നേ സോഷ്യല്‍ മീഡിയയില്‍ ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിയായ രമേശ് പൂച്ചാക്കലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കേരള കൗമുദി ചീഫ് ഫോട്ടോഗ്രാഫറായ എന്‍. ആര്‍. സുധര്‍മ ദാസിന്റെ പേജിലൂടെയാണ് ഞാന്‍ അറിയുന്നത്. അപ്പോള്‍ തന്നെ രമേശ് പൂച്ചാക്കലിന്റെ നമ്പര്‍ സുധര്‍മദാസിന്റെ കൈയില്‍ നിന്നും വാങ്ങി വിളിക്കുകയും നേരിട്ട് കണ്ടപ്പോള്‍ എപ്പോളെങ്കിലും ഒരു സിനിമയില്‍ പാടാന്‍ അവസരം ഞാന്‍ നല്‍കാന്‍ ശ്രെമിക്കുമെന്ന്. ഞാനും സുമതി വളവിന്റെ ഡയറക്ടര്‍ വിഷ്ണു ശശി ശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും മ്യൂസിക് ഡയറക്ടര്‍ രഞ്ജിന്‍ രാജുമായുള്ള കൂടിക്കാഴ്ചയില്‍ ആ കലാകാരന്റെ ഗാനം കേള്‍പ്പിച്ചു. മൂന്നു പേരും ഒരേ സ്വരത്തില്‍ പറഞ്ഞത് ഈ കലാകാരന്‍ നമ്മുടെ സുമതി വളവില്‍ ഒരു ഗാനം ആലപിക്കും എന്നാണ്. നിര്‍മ്മാതാവ് എന്നതിലുപരി ഞാന്‍ കൊടുത്ത വാക്കു പാലിക്കപ്പെടുന്നതില്‍ എനിക്കും സന്തോഷം. രമേശ് പൂച്ചാക്കലിന് സിനിമയുടെ സംഗീത ലോകത്തേക്ക് സ്വാഗതം.

അതേസമയം, പത്തനംതിട്ട ഫ്രണ്ട്‌സ് വോയ്‌സ്, പ്രണവം വോയ്‌സ് ഉള്‍പ്പെടെ നിരവധി ഗാനമേള ട്രൂപ്പുകളില്‍ പ്രധാനഗായകനായ രമേശ്, ആലപ്പുഴ പൂച്ചാക്കല്‍ റോയല്‍ ഫര്‍ണിച്ചര്‍ ഷോപ്പില്‍ അലമാരയും കട്ടിലുമൊക്കെ ഉണ്ടാക്കുന്നതിനിടെ പാടിയ പാട്ടാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗം തീര്‍ത്തത്.

ഗായകന്‍ മാത്രമല്ല, നിരവധി ഭക്തിഗാനങ്ങളുടെ രചയിതാവ് കൂടിയാണ് ഈ 50കാരന്‍. ഗാനമേളയ്ക്ക് പോകാറുള്ള തളിയാപറമ്പ് ക്ഷേത്രത്തെക്കുറിച്ച് ഗാനം രചിച്ചാണ് തുടക്കം. പിന്നീട് ചേര്‍ത്തലയിലെ നിരവധി ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഗാനങ്ങളും ക്രൈസ്തവ ഭക്തിഗാനങ്ങളും എഴുതി. മധു ബാലകൃഷ്ണന്‍, സുധീപ്കുമാര്‍, വിധുപ്രതാപ്, ദേവാനന്ദ്, ബിനു ആനന്ദ്, ഹസില്‍ ഷൈന്‍, ഗായത്രി വര്‍മ്മ തുടങ്ങിയവരാണ് ആലപിച്ചത്. കോവിഡ് കാലത്ത് സേവനം നടത്തിയവരെ അഭിനന്ദിച്ചെഴുതിയ പാട്ടും ശ്രദ്ധിക്കപ്പെട്ടു. സ്‌നേഹലതയാണ് ഭാര്യ. മക്കള്‍: രാഹുല്‍, സ്വാധിക.

LEAVE A REPLY

Please enter your comment!
Please enter your name here