കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേളയിൽ പുരസ്‌കാര ജേതാവ് കൂടിയായ നടൻ അലൻസിയർ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ പ്രതികരണവുമായി മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വുമൺസ് ഇൻ സിനിമ കലക്റ്റീവ് (ഡബ്ള്യു സി സി). ഫെസ്ബൂക് പോസ്റ്റിലൂടെയാണ് സംഘടന പ്രതികരണമറിയിച്ചതു.
ഡബ്ള്യു സി സി യുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം…..
“ഇന്നലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ അലൻസിയർ ലോപ്പസ് നടത്തിയ മറുപടി പ്രസംഗത്തിലെ കുറേയേറെ ഭാഗങ്ങൾ അങ്ങേയറ്റം നിന്ദ്യവും, സ്ത്രീവിരുദ്ധവും, അപലപനീയവുമായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതയെയും ആഘോഷിക്കുന്ന പ്രവണതയെ ചലച്ചിത്ര മേഖല പ്രോത്സാഹിപ്പിക്കരുതെന്നുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തെ പാടെ അട്ടിമറിക്കുന്നതായിരുന്നു അലൻസിയറുടെ വാക്കുകൾ.
മാധ്യമങ്ങളും നിരീക്ഷകരുമുൾപ്പെടെ പലരും ഇതിനൊരു തിരുത്തൽ ആവ്യശ്യപ്പെട്ടിട്ടും, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുള്ള അലൻസിയറുടെ നിലപാടിനെ ഞങ്ങൾ അങ്ങേയറ്റം അപലപിക്കുന്നു. പൊതുസമൂഹത്തിനൊന്നടങ്കം മാതൃകയാകേണ്ട ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാര ജയതാവിൽനിന്ന് സ്ത്രീസമൂഹത്തെയും കലാപ്രവർത്തകരെയും അടച്ചധിക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകളുണ്ടാവുക എന്നത്, ഇക്കാലമത്രയും സ്ത്രീകളുടെ ഉയർച്ചയ്ക്കായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായും മുന്നിട്ടിറങ്ങിയ കലാസാംസ്കാരിക പ്രവർത്തകരുടെ പ്രവർത്തനവഴികൾക്ക് തുരങ്കം വയ്ക്കുന്നതിന് തുല്യമാണ്.
ഇത്തരം “സെക്സിസ്റ്റ്” പ്രസ്താവനകൾ ഇതാദ്യമായല്ല അലസിയറിൽ നിന്നും ഉണ്ടാവുന്നത് എന്നതുകൊണ്ടുതന്നെ സിനിമാപ്രവർത്തകരുടെ ഇത്തരം വാക്കുകളെയും പ്രവൃത്തികളെയും സിനിമാ മേഖല കൂടുതൽ ഗൗരവതരമായിക്കണ്ട് ചെറുക്കേണ്ടതുണ്ട്.”
അതേസമയം, പ്രത്യേക ജൂറി പരാമർശം ഏറ്റുവാങ്ങിയ ശേഷം അലൻസിയർ നടത്തിയ പ്രസംഗത്തിലാണ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. അലൻസിയർ പറഞ്ഞത് ഇങ്ങനെയാണ്; ‘അവാർഡ് വാങ്ങി വീട്ടിൽ പോകാനായി ഓടിയതായിരുന്നു ഞാൻ, നല്ല ഭാരമുണ്ടായിരുന്നു ആ അവാർഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തോട് പറയാമായിരുന്നു, ഇപ്പോൾ സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം, ഇത് സ്പെഷ്യൽ ജൂറി അവാർഡാണ് ഞങ്ങൾക്ക് തന്നത്. നല്ല നടനുള്ള പുരസ്‌കാരം എല്ലാവർക്കും കിട്ടും.
എന്നാൽ സ്പെഷ്യൽ കിട്ടുന്നവർക്കു സ്വർണത്തിലെങ്കിലും പൊതിഞ്ഞ പ്രതിമ തരണം. എനിക്കും കുഞ്ചാക്കോ ബോബനും ഇരുപത്തയ്യായിരം രൂപയെന്നുപറഞ്ഞു അപമാനിക്കരുത്. ഞങ്ങൾക്കും പൈസയൊക്കെ കൂട്ടണം. അത് ഞാൻ ബംഗാളി ചലച്ചിത്ര സംവിധായകൻ ഗൗതം ഘോഷിനോട് പറയുകയാണ്. ഒരു അഭ്യർത്ഥനകൂടി എനിക്ക് പറയാനുണ്ട്. ഈ പെൺ പ്രതിമ തന്നുകൊണ്ട് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആൺകരുത്തുള്ളൊരു മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള പ്രതിമ തരണം. ആൺ കരുത്തുള്ള പ്രതിമ എന്ന് വാങ്ങിക്കാൻ കഴിയുന്നോ, അന്ന് ഞാൻ അഭിനയം നിർത്തും.” എന്നാണ് അലൻസിയർ പറഞ്ഞത്.
നിരവധി പേരാണ് അലൻസിയറിന്റെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. നടനെതിരെ സോഷ്യൽമീഡിയയിലൂടെയാണ് വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.