സിനിമാജീവിതത്തിന്റെ ആരംഭത്തിൽ തനിക്ക് ലഭിച്ച ചില കഥാപാത്രങ്ങൾ ജയസൂര്യ പൃഥ്വിരാജ് തുടങ്ങിയവർ നിരസിച്ച മാസ്സ് സിനിമകൾ ആയിരുന്നുവെന്നും , അവ ചെയ്തുകഴിഞ്ഞ് തനിക്ക് ചേരാത്ത ഒരു ഉടുപ്പണിഞ്ഞപോലെ തോന്നിയിട്ടുണ്ടെന്നും ആസിഫ് അലി മുൻപൊരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താരത്തെ മനസിൽ കണ്ടുകൊണ്ടാണ് പല മാസ് സിനിമകളും എഴുതപ്പെടുന്നത്. അതിനുദാഹരണമാണ് ‘കാസർഗോൾഡ്’ എന്ന സിനിമ. അതുകൊണ്ടുതന്നെ തന്റെ സിനിമാജീവിതത്തിന്റെ വളർച്ചയായി അത് കണക്കാക്കുന്നുവെന്ന് പറയുകയാണ് ആസിഫ് അലി. കാസർഗോൾഡ് സിനിമയുടെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ്.
ആസിഫിന്റെ വാക്കുകൾ…
”തീർച്ചയായും എന്റെ സിനിമാജീവിതത്തിന്റെ വളർച്ചയായാണ് എനിക്കു വരുന്ന ഇത്തരം സിനിമകളെ ഞാൻ കണക്കാക്കുന്നത്. നമ്മളെ മനസ്സിൽ കണ്ടുകൊണ്ടെഴുതുന്ന സിനിമകളിൽ നമ്മൾ നൽകേണ്ട പരിശ്രമം കുറവായിരിക്കും. കാരണം നമ്മൾ വേറൊരാളായിട്ട് ജീവിക്കുന്നതിനേക്കാൾ നല്ലത്, നമ്മളെ മനസ്സിൽ കണ്ട് എഴുതിയ , അല്ലെങ്കിൽ നമ്മുടെ പരിമിതികൾ മനസിലാക്കി എഴുതിയ തിരക്കഥകളാണ്. എന്തെന്നാൽ നമുക്കത് ചെയ്യാൻ കുറച്ചുകൂടി എളുപ്പമായിരിക്കും. അത്തരത്തിലുള്ള സിനിമകൾ ഇപ്പോൾ കൃത്യമായി എനിക്ക് വരുന്നുണ്ട്. വേറെ ഒരാളെ മനസ്സിൽ കണ്ട് എഴുതിയ സിനിമകൾ നമ്മളിലേക്ക് പറിച്ചുനടുമ്പോൾ അതിന് അതിന്റെതായ പ്രശ്നങ്ങളുണ്ടാവും.
പണ്ട് യെന്തിരൻ എന്ന സിനിമയുടെ ഫോട്ടോഷൂട്ട് കമൽ ഹാസനെ വെച്ച് ചെയ്യുകയും, പിന്നീടത് രജനി കാന്തിന്റെ അടുത്ത് ത്തിയപ്പോൾ അദ്ദേഹം ശങ്കറിനോട് പറഞ്ഞ വാക്കുകൾ നമ്മൾ അഭിമുഖങ്ങളിൽ വായിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം ശങ്കറിനോട് പറഞ്ഞത്, നിങ്ങൾ കമൽ ഹാസനെ വെച്ച് ആഗ്രഹിച്ചപോലെ എന്നെവെച്ച് ആഗ്രഹിക്കരുത് എന്നാണ്. അതുതന്നെയാണ് എനിക്കും പറയാനുള്ളത്. വേറൊരാളെ വെച്ച് എഴുതിയ തിരക്കഥ നമ്മളിലേക്ക് വരുമ്പോൾ അവരെ വെച്ച് ആലോചിച്ചപോലെ എന്നെവെച്ച് ആലോചിക്കരുതെന്ന് .നമുക്ക് നമ്മുടേതായ രീതികളും, പരിമിതികളും, നമ്മുടേതായ കഴിവുകളുമുണ്ട്. അതിലായിരിക്കും ആ സിനിമ സംഭവിക്കുക. അത്തരത്തിലുള്ള സിനിമകൾ ഇപ്പോൾ എനിക്ക് വരുന്നുണ്ട്. അതിലെനിക്ക് സന്തോഷവുമുണ്ട്.”
മൃദുൽ നായർ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ കാസർഗോൾഡ് ആണ് ആസിഫ് അലിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. സണ്ണി വെയ്ൻ , വിനായകൻ എന്നിവർക്കൊപ്പം ആസിഫ് അലി എത്തുമ്പോൾ വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്കുള്ളത്. സെപ്തംബർ 15 നാണ് കാസർഗോൾഡ് തീയേറ്ററുകളിലാകെ പ്രദർശനത്തിനെത്തുന്നത്.