‘ആര്‍ഡിഎക്‌സി’ന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സും പെപ്പെയും; ടൈറ്റില്‍ പ്രഖ്യാപനം ഇന്ന്

0
22

ര്‍ഡിഎക്സ് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ആന്റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഇന്ന് പ്രഖ്യാപിക്കും. കടല്‍ പശ്ചാത്തലമായൊരുങ്ങുന്ന ചിത്രം നവാഗതനായ അജിത്ത് മാമ്പിള്ളിയാണ് സംവിധാനം ചെയ്യുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ഏഴാമത് ചിത്രമാണിത്. ഷബീര്‍ കല്ലറയ്ക്കല്‍, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും.

ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിന്റെ സെറ്റ് തയ്യാറായത് മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കടലിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുക. ഒരു തീരപ്രദേശത്തിന്റെ സംസ്‌കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. ദിവസങ്ങളോളം കടലില്‍ പണിയെടുക്കുന്ന അദ്ധ്വാനികളായ ഒരു സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം.

കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്. ഉള്ളില്‍ കത്തുന്ന കനലുമായി തന്റെ ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിന്റെ പുത്രന്റെ ജീവിതമാണ് തികച്ചും സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുവാന്‍ തക്കവിധമാണ് ചിത്രത്തിന്റെ അവതരണം. കടലിലെ റിവഞ്ച് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ പ്രത്യേകത ആയിരിക്കും. കെജിഎഫ് ചാപ്റ്റര്‍ 1, കാന്താര തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത്.

പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശരത് സഭ, നന്ദു, സിറാജ് (ആര്‍ഡിഎക്‌സ് ഫെയിം), ജയക്കുറുപ്പ്, ആഭാ എം റാഫേല്‍, ഫൗസിയ മറിയം ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സാം സി എസിന്റേതാണ് സംഗീതം.

ഗാനരചന വിനായക് ശശികുമാര്‍, ഛായാഗ്രഹണം ദീപക് ഡി മേനോന്‍, ജിതിന്‍ സ്റ്റാന്‍സിലോസ്, എഡിറ്റിംഗ് ശ്രീജിത് സാരംഗ്, കലാസംവിധാനം വിനോദ് രവീന്ദ്രന്‍, മനു ജഗദ്, മേക്കപ്പ് അമല്‍ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈന്‍ നിസാര്‍ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സൈബന്‍ സി സൈമണ്‍ (വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്), റോജി പി കുര്യന്‍, പ്രൊഡക്ഷന്‍ മാനേജര്‍ പക്കു കരീത്തറ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സനൂപ് മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പിആര്‍ഒ ശബരി, വാഴൂര്‍ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വര്‍ക്കല, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് തന്നെയാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here