”ഭാരതമെന്നപേര്‍ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍”…വള്ളത്തോളിനെയും സംഘിയാക്കുമോ: ഹരീഷ് പേരടി

0
177

ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുമെന്ന് നടന്‍ ഹരീഷ് പേരടി . ബോംബെക്ക് മുംബൈയാവാം…മദ്രാസിന് ചെന്നൈയാവാം…പക്ഷെ ഇന്ത്യക്ക് ഭാരതമാവാന്‍ പാടില്ലേയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് കുറിപ്പ്…
”ഭാരതമെന്നപേര്‍ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍”…ചൊല്ലിയത് മഹാകവി വള്ളത്തോളാണ്…ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ…ബോംബെക്ക് മുംബൈയാവാം…മദ്രാസിന് ചെന്നൈയാവാം…പക്ഷെ ഇന്ത്യക്ക് ഭാരതമാവാന്‍ പാടില്ലത്രേ..ഭരത് അവാര്‍ഡ് നിര്‍ത്തിയതിനുശേഷവും നാഷണല്‍ അവാര്‍ഡ് കിട്ടിയ നടന്‍മാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നില്‍ ഭരത് എന്ന് അഭിമാനത്തോടെ ചേര്‍ത്തിരുന്നു…നാളെ മുതല്‍ അവരെയൊക്കെ നമ്മള്‍ സംഘികള്‍ എന്ന് വിളിക്കേണ്ടിവരുമോ…വ്യക്തികള്‍ക്ക് മതവും പേരും മാറാന്‍ ഭരണഘടന അനുവാദം നല്‍കുന്ന രാജ്യത്ത്..രാജ്യത്തിന് മാത്രം പേര് മാറാന്‍ അനുവാദമില്ലാതിരിക്കുമോ…അങ്ങിനെയാണെങ്കില്‍ അത് ജനാധിപത്യമാവില്ല…കാരണം ജനാധിപത്യം ജനങ്ങള്‍ക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്..ഭാരതം…ഒട്ടും മോശപ്പെട്ട പേരുമല്ല…ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതുമാണ്..എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്.- ഇത്തരത്തിലാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുമെന്ന ചര്‍ച്ചയ്ക്കിടെ യുവതാരം ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. മേരാ ഭാരത് എന്നെഴുതിയിരിക്കുന്ന പോസ്റ്റാണ് ആദ്യം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയുടെ പേര് ഭാരതം എന്ന് പുനര്‍നാമകരണം ചെയ്‌തേക്കും എന്ന ചാനല്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് മറ്റൊരു പോസ്റ്റും ഉണ്ണി മുകുന്ദന്‍ പങ്ക് വച്ചിട്ടുണ്ട്. ഇനി കാത്തിരിക്കാന്‍ വയ്യ എന്നാണ് ഈ പോസ്റ്റിന് നല്‍കിയിരിക്കുന്ന കാപ്ഷന്‍. ഉണ്ണിയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. പരിഹാസ കമന്റുകളും വന്നിട്ടുണ്ട്. മേരാ ഭാരത് എന്നത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ മൈ ഇന്ത്യ എന്നാണെന്നാണ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്.

അതേസമയം,ഇന്ത്യ എന്ന പേര് മാറ്റുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കവെ സംവിധായകന്‍ ഒമര്‍ ലുലു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെ അല്ലാ രാജ്യത്തിന്റെ പേര് മാറ്റുന്നതെന്ന് ഒമര്‍ ലുലു പറയുന്നു. ഇന്ത്യാക്കാരനെന്ന് പറയുന്നതില്‍ താന്‍ അഭിമാനിക്കുന്നു എന്നും ഒമര്‍ കുറിച്ചു.

‘ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെ അല്ലാ രാജ്യത്തിന്റെ പേര് മാറ്റുന്നത് .അങ്ങനെ രാജ്യത്തിന്റെ പേര് മാറ്റിയാല്‍ അന്താരാഷ്ട്ര തലത്തില്‍ നമ്മള്‍ വാണിജ്യ-വ്യവസായ തലത്തില്‍ എന്ന് അല്ലാ എല്ലാ തലത്തിലും നമ്മള്‍ ഒരുപാട് പുറകോട്ട് പോവും. I love my India ????……& proud to say am an Indian’, എന്നാണ് ഒമര്‍ ലുലു കുറിച്ചത്. ഇതിനെതിരെ വന്‍ തോതില്‍ പ്രതികരണങ്ങള്‍ ഉയരുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ളവര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here