സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത് നടൻ ജയറാമിന്റെ വീഡിയോയാണ്.സുരേഷ് ഗോപിയെ അനുകരിച്ചാണ് താരം എത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ പരിപാടിക്കിടെ അല വൈകുണ്ഡപുരമുലോ എന്ന തെലുങ്ക് ചിത്രത്തിലെ സാമജവരഗമനാ എന്ന് തുടങ്ങുന്ന ഗാനം സുരേഷ് ഗോപി ആലപിച്ചിരുന്നു.സുരേഷ് ഗോപി പാടുന്ന ഈ ഗാനം അതേരീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ജയറാം.
View this post on Instagram
വളരെ രസകരമായാണ് ജയറാം സുരേഷ് ഗോപിയെ വീഡിയോയിൽ അനുകരിക്കുന്നത്.ഇൻസ്റാഗ്രാമിലൂടെ സുരേഷ് ഗോപിയെ ടാഗ് ചെയ്തുകൊണ്ട് പങ്കുവച്ച വീഡിയോക്ക് മൂന്ന് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലേറെ ലൈക്കുകളും നാലായിരത്തോളം കമന്‍റുകളുമാണ് ലഭിച്ചത്.മാത്രമല്ല വീഡിയോ കണ്ട് സുരേഷ് ഗോപി ,ഗോവിന്ദ് പത്മസൂര്യ,പിഷാരടി,ലിസി,കനിഹ,തരുൺ മൂർത്തി,തുടങ്ങി വലിയ താരനിര കമന്റുകളുമായി രംഗത്ത് എത്തിയിരുന്നു.ഭൂരിഭാഗം ആളുകളും വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.
അതേസമയം ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്‍ലർ.അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റ രചന നിർവ്വഹിച്ചിരിക്കുന്നത് ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണയാണ്. പൂർണ്ണമായും മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ക്രൈം ത്രില്ലറാണ് അബ്രഹാം ഓസ്‍ലര്‍.ഒരു കൊലക്കേസ് അന്വേഷണമാണ് പോലീസ് കമ്മീഷണർ അബ്രഹാം ഓസ്‌ലറിലൂടെ നടത്തുന്നത്. ഏറെ ദുരൂഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്ന് ചിത്രത്തിനെ വിശേഷിപ്പിക്കാൻ സാധിക്കും.
അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, വയനാട് എന്നീ ജില്ലകളിലായി ചിത്രീകരിക്കുന്ന ചിത്രം ഇർഷാദ് എം ഹസനും മിഥുൻ മാനുവൽ തോമസ്സും ചേർന്നാണ് നിർമ്മിക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്ന്റെ എഡിറ്റിംഗ് ചെയ്യുന്നത് സൈജു ശ്രീധരനാണ്. സംഗീതമൊരുക്കുന്നത് മിഥുന്‍ മുകുന്ദനും കലാസംവിധാനം ഗോകുല്‍ ദാസുമാണ്.
ആടിലൂടെയും അഞ്ചാം പാതിരയിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ് തൊട്ടറിഞ്ഞ സംവിധായകനും ഒരിടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തുന്ന ജയറാമും ഒരുമിക്കുമ്പോൾ അതി ഗംഭീര സ്വീകരണമാണ് ഈ ചിത്രത്തിന് പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ നൽകുന്നത്.2022ല്‍ പുറത്തിറങ്ങിയ മകള്‍ എന്ന ചിത്രത്തിലാണ് ജയറാം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

